Connect with us

International

ആഗോള എണ്ണ പ്രതിസന്ധി: 400 ദശലക്ഷം ബാരൽ എണ്ണ കരുതൽ ശേഖരത്തിൽ നിന്ന് പുറത്തുവിടുമെന്ന് ഐ ഇ എ

ഐ ഇ എയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ വിട്ടുനൽകൽ നടപടിയാണിത്.

Published

|

Last Updated

പാരീസ് | പശ്ചിമേഷ്യയിൽ ഇറാനെതിരെ യുഎസു ഇസ്റാഈലും നടക്കുന്ന ആക്രമണം തുടരുന്നത് ആഗോള എണ്ണവിപണിയിലുണ്ടാക്കിയ കടുത്ത ആഘാതം ലഘൂകരിക്കാൻ നിർണ്ണായക നീക്കവുമായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (ഐ ഇ എ). വിപണിയിലെ വിലക്കയറ്റവും വിതരണ തടസ്സവും നേരിടാൻ 32 അംഗരാജ്യങ്ങളുടെ കരുതൽ ശേഖരത്തിൽ നിന്ന് 400 ദശലക്ഷം ബാരൽ എണ്ണ പുറത്തുവിടുമെന്ന് ഐ ഇ എ ബുധനാഴ്ച പ്രഖ്യാപിച്ചു. ഐ ഇ എയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ വിട്ടുനൽകൽ നടപടിയാണിത്.

ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ മേഖലയിലൂടെയുള്ള ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി നിലവിൽ യുദ്ധത്തിന് മുമ്പുള്ളതിന്റെ 10 ശതമാനത്തിൽ താഴെയായി കുറഞ്ഞു. ഇതോടെ പല ഉൽപ്പാദന കേന്ദ്രങ്ങളും പ്രവർത്തനം നിർത്തുകയോ ഉൽപ്പാദനം കുറയ്ക്കുകയോ ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. നിലവിൽ ഏഷ്യൻ രാജ്യങ്ങളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

ഓരോ അംഗരാജ്യത്തിന്റെയും സാഹചര്യങ്ങൾക്കനുസൃതമായി നിശ്ചിത സമയപരിധിക്കുള്ളിലാകും ഈ അടിയന്തര സ്റ്റോക്കുകൾ വിപണിയിൽ ലഭ്യമാക്കുകയെന്ന് ഐ ഇ എ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തി ബിറോൾ പറഞ്ഞു. 1974-ൽ ഐ ഇ എ രൂപീകരിച്ചതിന് ശേഷം ഇത് ആറാം തവണയാണ് ഇത്തരമൊരു കൂട്ടായ നീക്കം നടക്കുന്നത്.

1991-ലെ ഗൾഫ് യുദ്ധം, 2005-ലെ കത്രീന കൊടുങ്കാറ്റ്, 2011-ലെ ലിബിയൻ യുദ്ധം, 2022-ലെ റഷ്യ-ഉക്രെയ്ൻ അധിനിവേശം (രണ്ട് തവണ) എന്നിവയായിരുന്നു ഇതിനുമുമ്പത്തെ സന്ദർഭങ്ങൾ. ഐ ഇ എ അംഗരാജ്യങ്ങളുടെ പക്കൽ നിലവിൽ 1.2 ബില്യൺ ബാരലിലധികം അടിയന്തര എണ്ണ ശേഖരമുണ്ട്. കൂടാതെ സർക്കാർ നിർദ്ദേശപ്രകാരം വ്യവസായ മേഖല കൈവശം വെച്ചിരിക്കുന്ന 600 ദശലക്ഷം ബാരൽ ശേഖരവും ലഭ്യമാണ്.

Summary

The International Energy Agency has announced its largest-ever coordinated release of 400 million barrels of oil from emergency reserves to counter disruptions caused by the Middle East war. With oil flows through the Strait of Hormuz dropping below 10 percent of normal levels, this move aims to support markets, particularly in heavily impacted regions like Asia. This marks only the sixth collective action in the IEA’s 52-year history, reflecting the unprecedented scale of the current energy challenge.