International
ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്...; ടെക് ഭീമന്മാരെ ഇറാൻ ലക്ഷ്യമിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ
ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, എൻവിഡിയ എന്നിവയുമായി ബന്ധപ്പെട്ട് ഇസ്റാഈൽ, ദുബൈ, അബുദാബി എന്നിവിടങ്ങളിലെ സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടേക്കാമെന്ന് ഗ്ലോബൽ ക്യാപിറ്റൽ മാർക്കറ്റ് പ്ലാറ്റ്‌ഫോമായ 'ദ കൊബെയ്‌സി ലെറ്റർ' എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു.
ദുബൈ | പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുന്ന സാഹചര്യത്തിൽ ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ അമേരിക്കൻ സാങ്കേതികവിദ്യ കമ്പനികളെ ഇറാൻ ലക്ഷ്യമിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. ഇസ്റാഈലുമായി ബന്ധമുള്ളതും സൈനിക ആവശ്യങ്ങൾക്കായി സാങ്കേതികവിദ്യ നൽകുന്നതുമായ യു എസ് കമ്പനികളുടെ ഓഫീസുകളും അടിസ്ഥാന സൗകര്യങ്ങളും തങ്ങളുടെ നിയമാനുസൃത ലക്ഷ്യങ്ങളാണെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐ ആർ ജി സി) ബന്ധപ്പെട്ട തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മൈക്രോസോഫ്റ്റ്, എൻവിഡിയ, ഐ ബി എം, ഒറാക്കിൾ, പാലന്റിർ ടെക്നോളജീസ് തുടങ്ങിയ കമ്പനികളുടെ കേന്ദ്രങ്ങൾ പട്ടികയിലുണ്ടെന്നാണ് വിവരം. പ്രാദേശിക യുദ്ധം അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള യുദ്ധമായി മാറുന്നതോടെ ഇറാന്റെ പ്രത്യാക്രമണ പരിധി വർധിക്കുമെന്ന് വാർത്താ ഏജൻസി വ്യക്തമാക്കി. ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, എൻവിഡിയ എന്നിവയുമായി ബന്ധപ്പെട്ട് ഇസ്റാഈൽ, ദുബൈ, അബുദാബി എന്നിവിടങ്ങളിലെ സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടേക്കാമെന്ന് ഗ്ലോബൽ ക്യാപിറ്റൽ മാർക്കറ്റ് പ്ലാറ്റ്‌ഫോമായ ‘ദ കൊബെയ്‌സി ലെറ്റർ’ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു.
യു എ ഇയിലെ ആമസോണിന്റെ ഡാറ്റാ സെന്ററിന് നേരെ കഴിഞ്ഞയാഴ്ച ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ഈ ഭീഷണി നിലനിൽക്കുന്നത്. മാർച്ച് ഒന്നിന് പുലർച്ചെ ആമസോൺ വെബ് സർവീസസിന്റെ (എ ഡബ്ല്യു എസ്) യു എ ഇയിലെ കേന്ദ്രത്തിൽ അജ്ഞാത വസ്തുക്കൾ പതിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഫയർഫോഴ്സ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ എ ഡബ്ല്യു എസ് ക്ലൗഡ് യൂണിറ്റ് താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചു.
ആമസോൺ ഇലാസ്റ്റിക് കമ്പ്യൂട്ട് ക്ലൗഡ്, ആമസോൺ റിലേഷണൽ ഡാറ്റാബേസ് സർവീസ് തുടങ്ങിയ സേവനങ്ങളെ ഇത് ബാധിച്ചതായും എ ഡബ്ല്യു എസ് ഹെൽത്ത് ഡാഷ്ബോർഡ് അറിയിച്ചു. ഇസ്റാഈലിനും അമേരിക്കയ്ക്കും എതിരെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും പുറമെ ജനവാസ മേഖലകളും ലക്ഷ്യമിടുന്നുണ്ട്. നിലവിൽ യു എ ഇ ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിൽ ഇറാന്റെ ആക്രമണങ്ങളെത്തുടർന്ന് കടുത്ത ജാഗ്രത തുടരുകയാണ്.
Summary
Iran has issued a warning identifying major US technology companies, including Google, Microsoft, and Amazon, as potential targets due to their military links with Israel. This development follows a recent incident where Amazon’s data center in the UAE was struck and caught fire, leading to significant service disruptions. As the conflict expands into infrastructure warfare, facilities across Israel, Dubai, and Abu Dhabi remain under high alert.




