Connect with us

Kerala

കോന്നി മെഡിക്കല്‍ കോളേജിനെതിരെ നോട്ടീസ് പതിച്ച വകുപ്പ് മേധാവി നേരത്തെ അച്ചടക്ക നടപടി നേരിട്ട ആള്‍: ആരോഗ്യ മന്ത്രി

ഇന്ന് വൈകിട്ടാണ് സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ നോട്ടീസ് പ്രത്യക്ഷപ്പെട്ടത്

Published

|

Last Updated

തിരുവനന്തപുരം | കോന്നി മെഡിക്കല്‍ കോളേജിനെതിരെ നോട്ടീസ് പതിച്ച സര്‍ജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് നേരത്തെ അച്ചടക്ക നടപടി നേരിട്ട ആളെണെന്ന് വെളിപ്പെടുത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശിവപ്രസാദ് മുമ്പ് വീടിന് അടുത്ത് ഭാര്യയുടെ ആശുപത്രിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് വിജിലന്‍സ് പിടികൂടിയിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വകുപ്പുതല അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതാണെന്നും പിന്നാലെ ഡോക്ടറുടെ ഒരു ഇന്‍ക്രിമെന്റ് റദ്ദാക്കുകയും ചെയ്തിരുന്നതായി മന്ത്രി പറഞ്ഞു.

ഇന്ന് വൈകിട്ടാണ് സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് തുറന്നുപറഞ്ഞാണ് മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ നോട്ടീസ് പതിച്ചത്. പിന്നാലെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറി കളഞ്ഞു.

ഡോക്ടര്‍ ശിവപ്രസാദിന് മറ്റ് താല്‍പര്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കേണ്ടിവരുമെന്ന് മന്ത്രി ആരോപിച്ചു. ഓരോ മെഡിക്കല്‍ കോളേജിന്റെയും നിലവാരം അനുസരിച്ചാണ് ചികിത്സ സൗകര്യം. കോന്നിയില്‍ റോബോട്ടിക് സര്‍ജറി പറ്റില്ല. കോന്നി മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ എല്ലാം തുടങ്ങിയത് ഇടത് സര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു.

ഇന്നു വൈകീട്ട് പ്രത്യക്ഷപ്പെട്ട നോട്ടീസില്‍, ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികള്‍ ആശുപത്രിയുടെ അപര്യാപ്തതകള്‍ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും പറയുന്നു. വേണ്ടത്ര പരിശീലനമുള്ള ജീവനക്കാരുടെ അഭാവമുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റുകള്‍ക്കുള്ളില്‍ നിന്ന് രോഗികള്‍ക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും നോട്ടീലുണ്ട്.

വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഫാര്‍മസി ഇല്ലാത്ത അവസ്ഥയാണ് കോന്നി മെഡിക്കല്‍ കോളേജിലുള്ളത് തുടങ്ങി എട്ട് കാര്യങ്ങള്‍ സൂചിപ്പിച്ചാണ് നോട്ടീസ്. ഓപ്പറേഷന്‍ ചെയ്യുന്ന രോഗികളുടെ പൂര്‍ണ ഉത്തരവാദിത്വം ഡോക്ടര്‍ക്ക് ആയതിനാലാണ് അസൗകര്യങ്ങള്‍ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്.

Latest