articles
ധന വികേന്ദ്രീകരണത്തിന്റെ ഇസ്്ലാമിക ബദൽ
കേവലം ചാരിറ്റി എന്നതിലുപരി, കൃത്യമായ നിയമങ്ങളാലും നിബന്ധനകളാലും നിയന്ത്രിക്കപ്പെടുന്ന ഒരു സാമ്പത്തിക വിതരണ വ്യവസ്ഥയാണ് സകാത്ത്. ആരില്‍ നിന്ന് പണം ശേഖരിക്കണം, അത് ആര്‍ക്കൊക്കെ നല്‍കണം, എപ്പോള്‍ നല്‍കണം തുടങ്ങിയ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിക്കൊണ്ടാണ് ഇസ്്ലാം ഈ വികേന്ദ്രീകരണം സാധ്യമാക്കുന്നത്. സകാത്ത് എന്നത് പണക്കാരന്റെ ഔദാര്യമല്ല, മറിച്ച് അത് പാവപ്പെട്ടവന്റെ അവകാശമാണ്.
സാമ്പത്തിക അസമത്വം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. ഇതിന്റെ ആഘാതം വന്‍കിട വ്യവസായങ്ങള്‍ മുതല്‍ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ചെറുകിട മേഖലകളില്‍ വരെ ദൃശ്യമാണ്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളില്‍ നിയോ ലിബറല്‍ നയങ്ങള്‍ നടപ്പാക്കിയതോടെ മൊത്തത്തിലുള്ള ഉപഭോഗങ്ങളില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും, ഈ വളര്‍ച്ച കേവലം ഒരു ചെറിയ വിഭാഗം സമ്പന്നരില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ തങ്ങളുടെ ദാരിദ്ര്യത്തില്‍ തന്നെ തുടരുകയും ചെയ്യുന്ന അവസ്ഥയാണ് ഇത് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് സകാത്ത് എന്ന ധന വികേന്ദ്രീകരണ പ്രക്രിയയുടെ പ്രസക്തി വര്‍ധിക്കുന്നത്.
കേവലം ചാരിറ്റി എന്നതിലുപരി, കൃത്യമായ നിയമങ്ങളാലും നിബന്ധനകളാലും നിയന്ത്രിക്കപ്പെടുന്ന ഒരു സാമ്പത്തിക വിതരണ വ്യവസ്ഥയാണ് സകാത്ത്. ആരില്‍ നിന്ന് പണം ശേഖരിക്കണം, അത് ആര്‍ക്കൊക്കെ നല്‍കണം, എപ്പോള്‍ നല്‍കണം തുടങ്ങിയ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിക്കൊണ്ടാണ് ഇസ്്ലാം ഈ വികേന്ദ്രീകരണം സാധ്യമാക്കുന്നത്. സകാത്ത് എന്നത് പണക്കാരന്റെ ഔദാര്യമല്ല, മറിച്ച് അത് പാവപ്പെട്ടവന്റെ അവകാശമാണ്. ഇത് പാവപ്പെട്ടവനെയും പണക്കാരനെയും ഒരുപോലെ സാമ്പത്തിക പ്രക്രിയയുടെ ഗുണഭോക്താക്കളാക്കി മാറ്റുകയും സമൂഹത്തിലെ വിഭാഗീയതയും അകല്‍ച്ചയും ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇരുലോക വിജയിക്കുണ്ടാകേണ്ട പ്രധാനപ്പെട്ട ഗുണ വിശേഷണങ്ങളെ ഖുര്‍ആന്‍ (അല്‍ മുഅ്മിനൂന്‍) പരിചയപ്പെടുത്തുന്നുണ്ട്. അതില്‍ സകാത്ത് നല്‍കാന്‍ വേണ്ടി അധ്വാനിക്കുന്നവര്‍ എന്നാണ് പ്രയോഗം. അഥവാ, സകാത്ത് നല്‍കണം എന്ന താത്പര്യത്തോടെ സമ്പാദിക്കുന്നത് പോലും ഒരു വിജയിക്കുണ്ടാകേണ്ട ക്വാളിറ്റിയാണ്.
സകാത്തിനെ പലപ്പോഴും ആധുനിക നികുതി വ്യവസ്ഥയുമായി താരതമ്യം ചെയ്യാറുണ്ടെങ്കിലും അവ രണ്ടും തമ്മില്‍ ലക്ഷ്യങ്ങളിലും ഗുണഭോക്താക്കളിലും വലിയ വ്യത്യാസങ്ങളുണ്ട്. സര്‍ക്കാര്‍ ഈടാക്കുന്ന നികുതി പൊതുവായ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണപരമായ കാര്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത് എങ്കില്‍, സകാത്ത് എന്നത് സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ എട്ട് വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്.
നമ്മുടെ കൈവശമുള്ള പണമോ ബേങ്ക് ബാലന്‍സോ 595 ഗ്രാം വെള്ളിയുടെ വില (നിസ്വാബ്) കടക്കുകയും അത് ഒരു വര്‍ഷം പൂര്‍ത്തിയാകുകയും ചെയ്താല്‍ അതിന്റെ 2.5 ശതമാനം സകാത്തായി നല്‍കല്‍ നിര്‍ബന്ധമാണ്. സകാത്ത് നല്‍കാതിരിക്കുന്നത് മറ്റൊരാളുടെ ധനം കൈവശം വെക്കുന്നതിന് തുല്യമാണ്. സമ്പത്ത് കൈവശം വെക്കുന്നതുപോലെ തന്നെ പ്രധാനമാണ് മറ്റുള്ളവര്‍ക്ക് നല്‍കിയ കടത്തിന്റെ കാര്യവും. ഒരാള്‍ക്ക് നാം കടം നല്‍കിയ പണം തിരികെ ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍, ആ തുകയ്ക്ക് വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്ത് തന്നെ സകാത്ത് നല്‍കേണ്ടതുണ്ട്. കാരണം ആ പണം മറ്റൊരു വ്യക്തിയുടെ കൈവശമാണെങ്കിലും അതിന്റെ ഉടമസ്ഥാവകാശം നമുക്കാണ്. എന്നാല്‍ കടം നല്‍കിയ പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയില്ലെങ്കില്‍, അത് കൈവശം കിട്ടുമ്പോള്‍ മാത്രം സകാത്ത് നല്‍കിയാല്‍ മതിയാകും. മുമ്പ് നല്‍കിയാലും സകാത്ത് വീടും. അതുപോലെ തന്നെ ഇന്നത്തെ കാലത്ത് വ്യാപകമായ കുറി, പ്രൊവിഡന്റ്ഫണ്ട്(പി എഫ്) എന്നിവയുടെ കാര്യത്തിലും സകാത്ത് നിയമങ്ങള്‍ ബാധകമാണ്.
ഓരോ മാസവും നാം അടയ്ക്കുന്ന ഗഡുക്കള്‍ കൃത്യമായി കണക്കുകൂട്ടി, നിസ്വാബ് എത്തിയ തുക ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സകാത്ത് നല്‍കണം. ഉദാഹരണത്തിന്, മാസം തോറും അടയ്ക്കുന്ന തുക നിസ്വാബ് തികയുന്ന ഘട്ടമെത്തിയാല്‍ ഓരോ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും അതിന്റെ വിഹിതം മാറ്റിവെക്കണം. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ തുകകള്‍ കണക്കുകൂട്ടുന്നതെങ്കില്‍ ഓരോ വര്‍ഷത്തെയും വര്‍ധനവ് പരിഗണിച്ച് സകാത്ത് തുക കണ്ടെത്തേണ്ടതുണ്ട്. പണം ബേങ്കില്‍ വെറുതെ സൂക്ഷിക്കുന്നതിനേക്കാള്‍ അത് സാമൂഹിക നന്മക്കും സാമ്പത്തിക വളര്‍ച്ചക്കും ഉപകരിക്കണമെന്ന ഇസ്്ലാമിക കാഴ്ചപ്പാടാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇസ്്ലാം കച്ചവടത്തെ ഏറ്റവും നല്ല തൊഴിലുകളിലൊന്നായാണ് പരിചയപ്പെടുത്തുന്നത്. സത്യസന്ധനായ കച്ചവടക്കാരന്‍ പരലോകത്ത് രക്തസാക്ഷികള്‍ക്കൊപ്പമായിരിക്കുമെന്ന് തിരുനബി(സ്) പഠിപ്പിച്ചിട്ടുണ്ട്. കച്ചവടം ലാഭമുണ്ടാക്കാൻ മാത്രമുള്ള മാർഗമല്ല, മറിച്ച് മനുഷ്യരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സേവനം കൂടിയാണ്. എന്നാല്‍ ഒരു കച്ചവടക്കാരന്‍ തന്റെ സാമ്പത്തിക ബാധ്യതകളില്‍ ഏറ്റവും പ്രധാനപ്പെട്ട സകാത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. കച്ചവടം ലാഭത്തിലാണോ നഷ്ടത്തിലാണോ എന്നതല്ല സകാത്തിന്റെ മാനദണ്ഡം, മറിച്ച് കച്ചവട വസ്തുക്കളുടെ മൂല്യം നിസ്വാബ് തികയുന്നുണ്ടോ എന്നതാണ്. സ്റ്റോക്കുകള്‍ കടമായി വാങ്ങിയതാണെങ്കില്‍ പോലും വര്‍ഷാവസാനം അതിന്റെ മൂല്യം കണക്കാക്കി സകാത്ത് നല്‍കണം. ലാഭത്തിനല്ല, മറിച്ച് കച്ചവടത്തിനായി നീക്കിവെച്ച ചരക്കുകള്‍ക്കാണ് സകാത്ത് നല്‍കേണ്ടതെന്ന് കച്ചവടക്കാര്‍ തിരിച്ചറിയണം. റിയല്‍ എസ്റ്റേറ്റ്, വാഹന വിപണി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സകാത്ത് ബാധകമാണ്. കച്ചവടം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഭൂമിയോ വാഹനമോ വാങ്ങുകയും അത് ഒരു വര്‍ഷം കൈവശം ഇരിക്കുകയും ചെയ്യുമ്പോള്‍ അതിന്റെ അന്നത്തെ വിപണി മൂല്യം കണക്കാക്കി സകാത്ത് നല്‍കണം.
സകാത്ത് വിതരണത്തിന് മൂന്ന് മാര്‍ഗങ്ങളാണ് ഇസ്്ലാം പരിചയപ്പെടുത്തുന്നത്. സകാത്ത് ദായകര്‍ അവകാശികള്‍ക്ക് നേരിട്ട് നല്‍കുന്നതാണ് ഒന്നാമത്തെ രൂപം. അതാണ് ഉത്തമവും. രണ്ടാമത്തേത് ഒരു വക്കീലിനെ ഏല്‍പ്പിക്കലാണ്. കമ്മിറ്റികള്‍ വക്കീലിന്റെ സ്ഥാനത്ത് നില്‍ക്കില്ല. അതുകൊണ്ട് തന്നെ കമ്മിറ്റികളെ ഏല്‍പ്പിച്ചാല്‍ സകാത്ത് വീടില്ല. ഒരു ഇസ്്ലാമിക രാജ്യത്തിന്റെ ഭരണാധികാരിയെ ഏല്‍പ്പിക്കുന്നതാണ് മൂന്നാമത്തെ രൂപം. അത് ഇവിടെ നിലവില്‍ ഇല്ല. പുതിയ കാലത്ത് ചിലര്‍ തട്ടിക്കൂട്ടുന്ന സകാത്ത് കമ്മിറ്റികള്‍ ഈ അടിസ്ഥാന വലയങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്നതോടൊപ്പം, അതിന്റെ വിതരണത്തിലും എട്ട് അവകാശികള്‍ക്കപ്പുറമുള്ള ചെലവുകള്‍ പരിഗണനയില്‍ വെക്കുന്നുണ്ട്. വിശ്വാസികള്‍ക്ക് ജാഗ്രത ഉണ്ടാകണം.
സകാത്തിന്റെ സാമ്പത്തിക വശം പരിശോധിക്കുമ്പോള്‍ അത് നിക്ഷേപങ്ങളെയും ഉത്പാദനത്തെയും വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കാണാം. പണം ഒരിടത്ത് കെട്ടിക്കിടക്കുന്നതിനെ ഇസ്്ലാം ശക്തമായി എതിര്‍ക്കുന്നു. സമ്പത്ത് വെറുതെ സൂക്ഷിക്കുമ്പോള്‍ അത് സകാത്ത് നല്‍കി ക്രമേണ കുറഞ്ഞുപോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പണം വിപണിയില്‍ ഇറക്കി ലാഭകരമായ രീതിയില്‍ നിക്ഷേപിക്കാനാണ് മതം നിർദേശിക്കുന്നത്. അനാഥകളുടെ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പോലും ആ കുട്ടികളുടെ ധനം വെറുതെ വെച്ച് സകാത്തിലൂടെ നശിച്ചുപോകാതെ, അത് കച്ചവടത്തില്‍ ഉപയോഗിച്ച് വര്‍ധിപ്പിക്കണമെന്ന് തിരുനബി(സ) നിർദേശിച്ചത് ഈ സാമ്പത്തിക ദര്‍ശനം മുന്‍നിര്‍ത്തിയാണ്. സ്വന്തം സമ്പത്തിന്റെ കാര്യത്തിലും വിശ്വാസികള്‍ ഈ കണിശത പുലര്‍ത്തേണ്ടതുണ്ട്. പണം വര്‍ഷാവസാനം വരെ സൂക്ഷിച്ചുവെക്കുന്നതിനേക്കാള്‍ നല്ലത് അത് നിക്ഷേപങ്ങളില്‍ ഉപയോഗിക്കുന്നതാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
സകാത്ത് വ്യവസ്ഥയില്‍ ഉത്പാദനത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്കോ ഉപകരണങ്ങള്‍ക്കോ സകാത്ത് ബാധകമല്ല എന്നതും ശ്രദ്ധേയമാണ്. ഇത് വ്യാവസായിക വളര്‍ച്ചക്കും തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുന്നതിനും സഹായിക്കുന്നു. നിയോ ലിബറല്‍ സാമ്പത്തിക ക്രമം പാവപ്പെട്ടവരെ കൂടുതല്‍ ദരിദ്രരാക്കുമ്പോള്‍, സകാത്ത് അവരെ സാമ്പത്തിക പ്രക്രിയയുടെ സജീവ പങ്കാളികളാക്കി മാറ്റുകയാണ് ചെയ്യുന്നത്.



