Kerala
ജി സുധാകരന്റെ നിര്‍ണായക നീക്കം നാളെ; 11 മണിക്ക് മാധ്യമങ്ങളെ കാണും
അമ്പലപ്പുഴയില്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തിലടക്കം പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്
ആലപ്പുഴ | സി പി എം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി സുധാകരന്റെ നിര്‍ണായക നീക്കം നാളെ. പുന്നപ്ര പറവൂരിലെ വീട്ടില്‍ നാളെ രാവിലെ 11 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും.
പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജി സുധാകരന്റെ വാര്‍ത്ത സമ്മേളനത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. അമ്പലപ്പുഴയില്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തിലടക്കം പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ഇന്നലെ ആലപ്പുഴയിലെ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി അദ്ദേഹം പുതിയ വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങി. മത്സരിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് എന്നാണ് സൂചന. ജി സുധാകരന്റെ വാര്‍ത്താസമ്മേളനത്തിന് ശേഷമായിരിക്കും യുഡിഎഫും അമ്പലപ്പുഴയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
വ്യക്തിപരമായി അടുപ്പമുള്ള പ്രാദേശിക സി പി എം പ്രവര്‍ത്തകരുമായും സുധാകരന്‍ ഫോണില്‍ ആശയ വിനിമയം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന ഫേസ്ബുക്ക് കുറിപ്പ് ഇട്ടതിന് ശേഷം സുധാകരന്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. പാര്‍ട്ടി നിശ്ചയിച്ച പ്രായ പരിധി അനുസരിച്ച് നേതൃ നിരയില്‍ നിന്നു വിരമിച്ച ശേഷം ആകെ അസ്വസ്ഥനായി കാണപ്പെട്ട ജി സുധാകരന്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിരവധി പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു.
പാര്‍ട്ടി വിരുദ്ധ നീക്കങ്ങള്‍ മയപ്പെടുത്താനായി വിവിധ നേതാക്കള്‍ നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടില്ല. സുധാകരന്റെ നീക്കങ്ങളെ യു ഡി എഫും ബി ജെ പിയും കാത്തിരിക്കയാണ്. ഇരു മുന്നണികളുടേയും പിന്തുണയുള്ള പൊതുസമ്മത സ്ഥാനാര്‍ഥിയാകുന്ന കാര്യവും ജി സുധാകരനു മുന്നിലുണ്ടെന്നാണ് വിവരം.




