Connect with us

articles

അത്തറിന്റെ മണമോ ആലയിലെ കരിയോ?

അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് നന്മയിൽ ജീവിക്കുന്നവരോടൊപ്പം ചേർന്നുനിൽക്കാനാണ് വിശുദ്ധ ഖുർആനിന്റെ ഉപദേശം.

Published

|

Last Updated

രാളുടെ വ്യക്തിത്വം മനസ്സിലാക്കാൻ അയാളുടെ സുഹൃത്തുക്കളെ നോക്കിയാൽ മതിയെന്ന് പറയാറുണ്ട്. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ കണ്ണാടിയാണ് എന്ന് തിരുനബി(സ്വ) ഒരിക്കൽ പറയുകയുണ്ടായി. നാം കൂട്ടുകൂടുന്ന മനുഷ്യർ നമ്മുടെ ഉള്ളിലെ നന്മകളെയും പോരായ്മകളെയും കൃത്യമായി വരച്ചു കാണിക്കുന്ന പ്രതിബിംബങ്ങളാണ്. ജീവിതത്തിൽ നാം തിരഞ്ഞെടുക്കുന്ന ഇത്തരം സൗഹൃദങ്ങളിലൂടെയും ഇടപെടുന്ന സാഹചര്യങ്ങളിലൂടെയുമാണ് നമ്മുടെ സ്വഭാവം രൂപപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ഇസ്്ലാം സുഹ്ബക്ക്, അതായത് സജ്ജനങ്ങളോടുള്ള സഹവാസത്തിന് ചെറുതല്ലാത്ത പ്രാധാന്യം കൽപ്പിക്കുന്നത്.

അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് നന്മയിൽ ജീവിക്കുന്നവരോടൊപ്പം ചേർന്നുനിൽക്കാനാണ് വിശുദ്ധ ഖുർആനിന്റെ ഉപദേശം. ആ ചേർന്നുനിൽപ്പ് മനുഷ്യന്റെ ആത്മീയവും മാനസികവുമായ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. നാട്ടുമൊഴിയിൽ “ചാരിയാൽ ചാരിയതു മണക്കും’ എന്ന് പറയുന്നതിൽ വലിയൊരു ജീവിത സത്യമുണ്ട്. നാം ആരെയാണ് ചാരുന്നത്, ആരെയാണ് പിന്തുടരുന്നത് എന്നത് ആയിരം തവണ വിചിന്തനം നടത്തേണ്ട കാര്യമാണ്.

കൂട്ടുകെട്ടുകൾ മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കാൻ തിരുനബി(സ്വ) ഉദ്ധരിച്ച ഉപമ അസാമാന്യമാംവിധം മനോഹരമാണ്. നല്ലവരുമായുള്ള സഹവാസം ഒരു അത്തർ കച്ചവടക്കാരനോടൊപ്പമുള്ള ഇരുത്തം പോലെയാണ്. ഒന്നുകിൽ അവനിൽ നിന്ന് നമുക്ക് സുഗന്ധദ്രവ്യം സമ്മാനമായി ലഭിക്കും. അല്ലെങ്കിൽ ആ നല്ല സൗരഭ്യമെങ്കിലും നമ്മുടെ ശരീരത്തിൽ പറ്റിനിൽക്കും. സജ്ജനങ്ങളുടെ സദസ്സുകൾ നമ്മുടെ ഹൃദയത്തിൽ നന്മയോടുള്ള പ്രണയം ജനിപ്പിക്കുന്നത് ഇങ്ങനെയാണ്.

എന്നാൽ ദുർജനങ്ങളുമായുള്ള കൂട്ട്, ഇരുമ്പാലയിൽ ഉലയൂതുന്നവന്റെയടുത്തുള്ള ഇരിപ്പു പോലെയാണ്. തീപ്പൊരി തെറിച്ച് അത് നമ്മുടെ വസ്ത്രം കരിക്കുകയോ അല്ലെങ്കിൽ അവിടത്തെ ദുർഗന്ധവും പുകയും നമ്മിലേക്കു പകരുകയോ ചെയ്യും. മോശം കൂട്ടുകെട്ടുകൾ തിന്മകളിലേക്കുള്ള വാതിലുകളാണ് നമുക്കു മുന്നിൽ തുറന്നിടുക.

നല്ല മനുഷ്യരുമായുള്ള സഹവാസത്തിൽപ്പെട്ടതാണ് അവരുടെ ചരിത്രവും ജീവിത പാഠങ്ങളും സന്ദേശങ്ങളും വായിക്കലും അവ ജീവിതത്തിൽ പകർത്തലും. ചരിത്രപഠനത്തെ സൂഫി സാഹിത്യത്തിന്റെ പരിധിയിലാണ് പണ്ഡിതർ എണ്ണിയിട്ടുള്ളത്. നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും നാം ചുറ്റും നിർത്തുന്ന മനുഷ്യർ അദൃശ്യമായി സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട്, ജീവിതത്തെ സുഗന്ധപൂരിതമാക്കുന്ന സൗഹൃദങ്ങളെ തിരഞ്ഞെടുക്കുക.

---- facebook comment plugin here -----

Latest