vazhivilakku
റമസാനും സകാത്തും
ഏറെ ശ്രേഷ്ഠമായ നിരവധി ആരാധനകള്‍ കൊണ്ട് സമ്പന്നമാണ് വിശുദ്ധ റമസാന്‍ മാസം. റമസാനില്‍ മാത്രം കടന്നു വരുന്നതും മറ്റു സമയങ്ങളിലും പതിവുള്ളതാണെങ്കിലും റമസാനില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കാന്‍ കാരണമാകുന്നതുമായ ആരാധനകളുണ്ട്.
എന്നാല്‍ റമസാനായാല്‍ തമാശയായും അല്ലാതെയും ചോദിക്കുന്ന ചോദ്യങ്ങളാണ്, ‘സകാത്ത് കൊടുത്തോ?’, ‘നമുക്ക് സകാത്തില്ലേ’ എന്നതൊക്കെ. അവസാനത്തെ പത്തായാല്‍ സകാത്ത് സ്വീകരിക്കാന്‍ ചുറ്റിക്കറങ്ങുന്ന ചിലരെയും കാണാം. എന്നാല്‍ റമസാനാണ് എന്ന കാരണത്താല്‍ മാത്രം നല്‍കേണ്ട ഒരു സകാത്തുമില്ല എന്നതാണ് യാഥാര്‍ഥ്യം.
പ്രധാനമായും അഞ്ച് വിഭാഗം സ്വത്തുക്കളിലാണ് സകാത്ത് നിര്‍ബന്ധമാകുന്നത്. സ്വര്‍ണം, വെള്ളി, കച്ചവട ചരക്കുകള്‍, നെല്ല്, ഗോതമ്പ്, ഈത്തപ്പഴം പോലെയുള്ള കാര്‍ഷിക വിഭവങ്ങള്‍, കന്നുകാലികള്‍ എന്നിവയാണവ. ഓരോന്നിനും സകാത്ത് നിര്‍ബന്ധമാകാന്‍ ആവശ്യമായ ഒരളവുണ്ട്. ആ അളവ് എത്തിയത് മുതല്‍ ചാന്ദ്ര വര്‍ഷമനുസരിച്ച് ഒരു വര്‍ഷം തികയുമ്പോഴാണ് സകാത്ത് നല്‍കേണ്ടത്. കച്ചവട ചരക്കുകള്‍, കാര്‍ഷിക വിഭവങ്ങള്‍ എന്നിവയില്‍ ഈ നിയമത്തില്‍ ചില മാറ്റങ്ങളുണ്ട്. കാര്‍ഷിക വിഭവങ്ങള്‍ക്ക് വര്‍ഷം തികയേണ്ടതില്ല, വിളവെടുക്കുമ്പോള്‍ സകാത്ത് നല്‍കാന്‍ ആവശ്യമായ അളവ് വിളവ് ഉണ്ടായാല്‍ സകാത്ത് നല്‍കണം. കച്ചവട ചരക്കുകളുടെ സകാത്തില്‍ അളവ് എത്തിയതിന് ശേഷം വര്‍ഷം പൂര്‍ത്തിയാകണം എന്നില്ല. പൂര്‍ത്തിയാകുമ്പോള്‍ നിര്‍ദേശിക്കപ്പെട്ട അളവുണ്ടായാല്‍ മതി. ഇതനുസരിച്ച് വിളവെടുക്കുക, ഉടമയായ ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുക എന്നതാണ് സകാത്തിന്റെ സമയത്തെ തീരുമാനിക്കുന്നത്. അത് മുഹര്‍റത്തിലാണെങ്കില്‍ മൂഹര്‍റത്തിലാണ് സകാത്ത്് നല്‍കേണ്ടത്. റജബിലാണെങ്കില്‍ റജബിലും. അല്ലാതെ വര്‍ഷം പൂര്‍ത്തിയായ ശേഷം റമസാനാകാന്‍ കാത്തിരുന്ന് റമസാനില്‍ നല്‍കുന്ന രീതി ശരിയല്ല. എന്നാല്‍ വര്‍ഷം തികയുന്നതിന് മുമ്പ് അഡ്വാന്‍സായി കൊടുക്കാവുന്നതാണ്. ആ ഘട്ടങ്ങളില്‍ സകാത്ത് ശരിയാവുന്നതുമാണ്.
മറ്റൊരു പ്രധാന കാര്യം റമസാനില്‍ വ്യാപകമായി നല്‍കപ്പെടുന്ന ‘സകാത്തു’കളെല്ലാം പണമായിട്ടാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. കച്ചവട ചരക്കുകളുടെ സകാത്താണ് പണമായി നല്‍കാന്‍ വകുപ്പുള്ളൂ. കാര്‍ഷിക വിഭവങ്ങള്‍ക്ക് കാര്‍ഷിക വിഭവങ്ങളും കന്നുകാലികള്‍ക്ക് നിര്‍ദേശാനുസരണമുള്ള മൃഗങ്ങളും സ്വര്‍ണത്തിന് സ്വര്‍ണവും വെള്ളിക്ക് വെള്ളിയും തന്നെ നല്‍കിയാലേ സകാത്തിന്റെ ബാധ്യത വീടുകയുള്ളൂ. എന്നാല്‍ സ്വര്‍ണം, വെള്ളി എന്നിവയില്‍ സകാത്ത് നിര്‍ബന്ധമാകുന്ന അളവിന്റെ വിലയോട് തുല്യമായ കറന്‍സി തന്റെ ഉടമസ്ഥതയില്‍ ഒരു വര്‍ഷം പൂര്‍ത്തിയായവരും സകാത്ത് കൊടുക്കേണ്ടതുണ്ട്. ആ ഘട്ടത്തിലും പണമായി സകാത്ത് നല്‍കാനാകും.
ഇതിനോട് ചേര്‍ത്തു പറയേണ്ട മറ്റൊരു നിര്‍ബന്ധ ദാനമാണ് ഫിത്വര്‍ സകാത്ത്. ഇത് റമസാനിന്റെ സമാപനത്തോടെ നിര്‍ബന്ധമാകുന്ന സകാത്ത് എന്നര്‍ഥത്തില്‍ ഇതിനെ റമസാനിനോട് ചേര്‍ത്തു പറയാവുന്നതാണ്. മാത്രമല്ല ഫിത്വര്‍ സകാത്ത് റമസാന്‍ ഒന്ന് മുതല്‍ അഡ്വാന്‍സായി നല്‍കാവുന്നതുമാണ്. എന്നാല്‍ ഏറ്റവും ശ്രേഷ്ഠമായ രൂപം റമസാന്‍ അവസാനിച്ച അസ്തമയത്തിന് ശേഷം നല്‍കലാണ്. ഇതാകട്ടെ വിതരണം ചെയ്യപ്പെടുന്ന പ്രദേശത്തെ മുഖ്യാഹാരമാണ് നല്‍കേണ്ടത്, അല്ലാതെ പണമല്ല. ഫിത്വര്‍ സകാത്ത് പണമായി അവകാശികളെയോ സംഘടനകളെയോ ഏല്‍പ്പിച്ചാല്‍ ശരിയാകില്ല. നിബന്ധനകള്‍ പാലിക്കപ്പെടുന്ന രൂപങ്ങളില്‍ വക്കീലിനെ പണം നല്‍കി സകാത്ത് വിതരണത്തിന് ഏല്‍പ്പിക്കുന്നതിന് കുഴപ്പമില്ല.
ചുരുക്കത്തില്‍ റമസാന്‍ സകാത്തിന്റെ മാസമല്ല. നിയമങ്ങളറിയാതെയുള്ള പണം കൈമാറ്റം കൊണ്ട് മാത്രം നമ്മുടെ ബാധ്യതകള്‍ തീരുന്നില്ല. വര്‍ഷം പൂര്‍ണമായിട്ടും റമസാനാകാന്‍ കാത്തുനില്‍ക്കുന്നതും ശരിയല്ല.
(ശാഫിഈ മദ്ഹബിലെ മുന്‍ഗണനകള്‍ പരിഗണിച്ചാണ് കുറിപ്പ് തയ്യാറാക്കിയത്).


