From the print
കടുത്ത ഊര്‍ജ പ്രതിസന്ധിയില്‍ തെക്കുകിഴക്കന്‍ ഏഷ്യ
ഫിലിപ്പൈന്‍സില്‍ ഓഫീസ് ദിനം കുറച്ചു. മ്യാന്മറില്‍ ഡ്രൈവിംഗ് നിയന്ത്രണം
വിയറ്റ്നാമിലെ ഹനോയിയിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ കാത്തുനിൽക്കുന്നവർ
തായ്പേയ് | ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതോടെ, ഊര്‍ജക്ഷാമം ഒഴിവാക്കാന്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ സര്‍ക്കാറുകളും ബിസിനസ്സ് സ്ഥാപനങ്ങളും നെട്ടോട്ടത്തിലാണ്. ഗള്‍ഫ് മേഖലയില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഫിലിപ്പൈന്‍സില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറി. തായ്ലാന്‍ഡിലെയും വിയറ്റ്നാമിലെയും ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും യാത്രകള്‍ പരിമിതപ്പെടുത്താനും അധികൃതര്‍ നിര്‍ദേശിച്ചു. മ്യാന്മര്‍ സര്‍ക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഡ്രൈവിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തി.
ഡീസല്‍ വിലയില്‍ താത്കാലിക പരിധി ഏര്‍പ്പെടുത്തുമെന്ന് തായ് പ്രധാനമന്ത്രി അനുതിന്‍ ചാന്‍വിരാകുല്‍ പ്രഖ്യാപിച്ചു. ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ വിയറ്റ്നാം സര്‍ക്കാര്‍ പ്രത്യേക ഫണ്ട് ഉപയോഗിച്ച് തുടങ്ങിയെന്നാണ് ഔദ്യോഗിക മാധ്യമങ്ങളുടെ റിപോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടന്നാല്‍ മേഖലയില്‍ പ്രതിസന്ധി പിടിവിടുമെന്ന് സിംഗപ്പൂരിലെ ഏഷ്യ ഡീകോഡ് സാമ്പത്തിക വിദഗ്ധ പ്രിയങ്ക കിഷോര്‍ പറയുന്നു.
ഫോസില്‍ ഇന്ധനങ്ങളുടെ വലിയ ശേഖരം സ്വന്തമായുണ്ടായിട്ടും, ഇറക്കുമതി ചെയ്യുന്ന എണ്ണയെയും വാതകത്തെയുമാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴിയാണെത്തുന്നത്. യു എസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കുകള്‍ പ്രകാരം, 2024ല്‍ ഈ കടലിടുക്ക് വഴി കടന്നുപോയ ക്രൂഡ് ഓയിലിന്റെ 84 ശതമാനവും ദ്രാവക രൂപത്തിലുള്ള പ്രകൃതിവാതകത്തിന്റെ (എല്‍ എന്‍ ജി) 83 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു. ഇതില്‍ തന്നെ 70 ശതമാനവും ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ്. ശേഷിക്കുന്ന 15 ശതമാനമാണ് മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെത്തുന്നത്.
തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ഇന്‍ഡോനേഷ്യയില്‍ 23 ദിവസത്തേക്കുള്ള ഇന്ധന ശേഖരം മാത്രമാണുള്ളത്. 65 ദിവസത്തേക്കുള്ള ഇന്ധനശേഖരമുണ്ടെന്നും ഇത് 30 ദിവസത്തേക്ക് കൂടി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും തായ് ഊര്‍ജ മന്ത്രി അതാപോള്‍ റെര്‍ക്പിബൂണ്‍ പ്രതികരിച്ചു.
ഫിലിപ്പൈന്‍സില്‍ രണ്ട് മാസത്തേക്കുള്ള ശേഖരമുണ്ടെങ്കിലും ഇത് സ്വകാര്യ ഉടമസ്ഥതയിലാണെന്ന് അവിടെ നിന്നുള്ള സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ജപ്പാന്റെ പക്കല്‍ 254 ദിവസത്തേക്കുള്ള ഇന്ധന ശേഖരമുണ്ട്. ദക്ഷിണ കൊറിയക്ക് 208 ദിവസത്തേക്കും ചൈനക്ക് 120 ദിവസത്തേക്കും ആവശ്യമായ ഇന്ധനശേഖരം കരുതലായുണ്ട്. ഇന്ത്യയുടെ കൈവശം 74 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ കരുതലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
പിടിച്ചുനില്‍ക്കാനാകില്ല
സ്വന്തമായി എണ്ണ ശുദ്ധീകരണ ശേഷിയില്ലാത്ത ലാവോസ്, കംബോഡിയ, മ്യാന്മര്‍ എന്നീ രാജ്യങ്ങള്‍ തായ്ലാന്‍ഡ്, വിയറ്റ്നാം, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ധന ഉത്പന്നങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിട പ്രതിസന്ധി അതിരൂക്ഷമാണ്. തായ്ലാന്‍ഡ് എണ്ണ കയറ്റുമതി പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുകയാണെങ്കില്‍ കരുതല്‍ എണ്ണശേഖരമുള്ള രാജ്യങ്ങള്‍ക്കും അധികദിനം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞെന്നുവരില്ല.



