Connect with us

From the print

യുദ്ധത്തിലേക്ക് എടുത്തുചാടാതെ ഗള്‍ഫ് രാജ്യങ്ങള്‍

സൈനിക നീക്കങ്ങള്‍ അവസാനിച്ചാലും അയല്‍രാജ്യമായ ഇറാനുമായി സഹവര്‍ത്തിത്വത്തില്‍ കഴിയേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.

Published

|

Last Updated

ദുബൈ | ഇറാന്‍ ആക്രമണം കടുപ്പിക്കുമ്പോഴും യുദ്ധത്തിലേക്ക് എടുത്തുചാടാതെ നയതന്ത്രനീക്കങ്ങളിലൂടെ പ്രശ്‌നപരിഹാരം കാണാനാണ് ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്. യു എസുമായുള്ള സഖ്യവും അമേരിക്കന്‍ സൈനിക സാന്നിധ്യവും ചൂണ്ടിക്കാട്ടി ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യംവെക്കുന്ന ഇറാന്റെ നിലപാട് തള്ളിക്കളഞ്ഞ ജി സി സി രാജ്യങ്ങള്‍, സൈനിക നീക്കങ്ങള്‍ അവസാനിച്ചാലും അയല്‍രാജ്യമായ ഇറാനുമായി സഹവര്‍ത്തിത്വത്തില്‍ കഴിയേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ്. നിലവിലെ ആക്രമണങ്ങളെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് നേരിടുന്നതിനൊപ്പം രാഷ്ട്രീയ അപലപിക്കലുകള്‍ക്കും നയതന്ത്ര ചര്‍ച്ചകള്‍ക്കുമാണ് അവര്‍ ഊന്നല്‍ നല്‍കുന്നത്. നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള പ്രശ്‌നപരിഹാരമാണ് മേഖലയുടെ സുസ്ഥിരതയ്ക്ക് അനിവാര്യമെന്നും അവര്‍ കരുതുന്നു.

അതേസമയം, ഇന്നലെയും ഗള്‍ഫ് മേഖലയില്‍ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. ദുബൈയിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിന് മുകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് നാശനഷ്ടങ്ങള്‍ സംഭവിച്ചു. വ്യോമപ്രതിരോധ സേന മിസൈല്‍ തകര്‍ത്തതിനെത്തുടര്‍ന്നാണ് അവശിഷ്ടങ്ങള്‍ പതിച്ചത്. അല്‍ ബദ മേഖലയിലും ക്രീക്ക് ഹാര്‍ബറിന് സമീപത്തെ കെട്ടിടത്തിന് മുകളിലും ഡ്രോണുകള്‍ വീണു. ചെറിയ തീപ്പിടിത്തം ഉടന്‍ അണച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സിറ്റിബേങ്ക് യു എ ഇയിലെ ചില ശാഖകള്‍ നാളെ വരെ താത്കാലികമായി അടച്ചു. സഊദിയിലെ തന്ത്രപ്രധാനമായ ശൈബ എണ്ണപ്പാടത്തിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ ജനവാസ കേന്ദ്രത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍, കച്ചേരികള്‍, വിവാഹങ്ങള്‍ എന്നിവക്ക് ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി.

ബഹ്റൈനിലെ മുഹര്‍റഖിലെ ഇന്ധന സംഭരണശാലക്കു നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. ഹിദ്ദ്, അറാദ്, ഖലാലി, സമഹീജ് മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഒമാനിലെ സലാല തുറമുഖത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി ഇന്ധന ടാങ്കുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. റയ്‌സൂട്ടിലുള്ള ഓയില്‍ സ്റ്റോറേജ് സൗകര്യങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

 

Latest