National
ഒ ബി സി സംവരണത്തിനുള്ള ക്രീമിലെയര്‍ പദവി മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിര്‍ണയിക്കാന്‍ കഴിയില്ല: സുപ്രീം കോടതി
ക്രീമിലെയര്‍ വിഭാഗത്തില്‍ തെറ്റായി ഉള്‍പ്പെടുത്തിയതിനാല്‍ ഒ ബി സി സംവരണം നിഷേധിക്കപ്പെട്ടവരെ അധിക തസ്തികകള്‍ സൃഷ്ടിച്ച് ഉള്‍പ്പെടുത്താന്‍ ഉത്തരവ്.
ന്യൂഡല്‍ഹി | മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒ ബി സി) സംവരണത്തിനുള്ള ക്രീമിലെയര്‍ പദവി മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഒ ബി സി വിഭാഗങ്ങളിലെ ക്രീമിലെയര്‍ വിഭാഗങ്ങളെ കണ്ടെത്തുന്നതിന് രക്ഷിതാക്കളുടെ വരുമാനം മാത്രം പരിഗണിക്കരുതെന്നും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ വഹിക്കുന്ന തസ്തികയും പദവികളും പരിഗണിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. സിവില്‍ സര്‍വീസ് പരീക്ഷകളില്‍ വിജയിച്ചിട്ടും മാതാപിതാക്കള്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിച്ചതു കൊണ്ട് ക്രീമിലെയര്‍ വിഭാഗത്തില്‍ തെറ്റായി ഉള്‍പ്പെടുത്തിയതിനാല്‍ ഒ ബി സി സംവരണം നിഷേധിക്കപ്പെട്ടവര്‍ക്ക് സംവരണാടിസ്ഥാനത്തില്‍ നിയമനം നല്‍കാനുള്ള കേരള, ഡല്‍ഹി, മദ്രാസ് ഹൈക്കോടതി ഉത്തരവുകള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അധിക തസ്തികകള്‍ സൃഷ്ടിച്ച് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചു.
1993ലെ ഓഫീസ് മെമ്മോറാണ്ടം, 2004ലെ അതില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള ഉത്തരവ് തുടങ്ങിയവ പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ്. ക്രീമിലെയറില്‍ പരീക്ഷാര്‍ഥി ഉള്‍പ്പെടുന്നുണ്ടോ എന്ന് നിര്‍ണയിക്കാന്‍ നിര്‍ദിഷ്ട സ്റ്റാറ്റസ് അടിസ്ഥാനമാക്കിയുള്ള മാനദണ്ഡങ്ങള്‍ പ്രയോഗിക്കുന്നതിന് പകരം നോണ്‍-ക്രീമിലെയറില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ അധികാരികള്‍ ഒരു വരുമാനം അടിസ്ഥാനമാക്കിയുള്ള തെറ്റായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചുവെന്ന് ബഞ്ച് പറഞ്ഞു. ക്രീമിലെയര്‍ പദവി നിര്‍ണയിക്കുന്നതിന് വരുമാനത്തെ മാത്രമാണ് ആശ്രയിച്ചത്. എന്നാല്‍, വരുമാനവും മാതാപിതാക്കളുടെ ജോലിയിലെ സ്ഥാനവും പരിഗണിക്കണമെന്ന് ചട്ടങ്ങള്‍ പറയുന്നു.
ഹരജിക്കാരുടെ ക്രീമിലെയര്‍ സ്റ്റാറ്റസ് നിര്‍ണയിച്ചപ്പോള്‍ ശമ്പളത്തില്‍ നിന്നും കാര്‍ഷിക സ്രോതസ്സുകളില്‍ നിന്നുമുള്ള മാതാപിതാക്കളുടെ വരുമാനം ഒഴിവാക്കിയ 1993 ലെ ഓഫീസ് മെമ്മോറാണ്ടം പരിഗണിച്ചില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഒ ബി സി നോണ്‍-ക്രീമിലെയര്‍ വിഭാഗത്തിന് കീഴില്‍ സംവരണത്തിന് അര്‍ഹതയുള്ള സിവില്‍ സര്‍വീസസ് പരീക്ഷാ ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെട്ടതാണ് കേസ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചെങ്കിലും പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് അവരുടെ മാതാപിതാക്കളുടെ ശമ്പള വരുമാനം പരിഗണിച്ച ശേഷം അവരെ ക്രീമിലെയറില്‍ പെട്ടവരായി കണക്കാക്കി. ഈ മാതാപിതാക്കളില്‍ പലരും പൊതുമേഖലാ സ്ഥാപനങ്ങള്‍, ബേങ്കുകള്‍, സമാനമായ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ജീവനക്കാരായിരുന്നു. ഇതിനെതിരേ ഉദ്യോഗാര്‍ഥികള്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും മദ്രാസ്, ഡല്‍ഹി, കേരള ഹൈക്കോടതികളിലും ഹരജി നല്‍കി. ഹൈക്കോടതികള്‍ അവര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതിനെതിരെയാണ് കേന്ദ്രം സുപ്രീം കോടതിയിലെത്തിയത്.




