Connect with us

National

'എൽ പി ജി ക്ഷാമമില്ല; പരിഭ്രാന്തരായി ഏജൻസികൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ട': ആവർത്തിച്ച് കേന്ദ്രം

എൽ പി ജി കരിഞ്ചന്തയിൽ വിൽക്കുന്നവർക്കും പൂഴ്ത്തിവെക്കുന്നവർക്കുമെതിരെ ശക്തമായ നടപടി

Published

|

Last Updated

ന്യൂഡൽഹി | പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള ഊർജ വിതരണത്തെ ബാധിച്ച പശ്ചാത്തലത്തിൽ രാജ്യത്തെ എൽ പി ജി ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ മൂന്നാം ദിവസമാണ് വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താസമ്മേളനം നടന്നത്. എൽ പി ജി വിതരണത്തെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള പരിഭ്രാന്തി ഒഴിവാക്കാൻ ലക്ഷ്യമിട്ടായിരുന്നു വിശദീകരണം. നിലവിൽ എൽ പി ജി വിതരണക്കാർക്ക് മുന്നിൽ ക്യൂ നിൽക്കേണ്ട സാഹചര്യമില്ലെന്നും സിലിണ്ടറുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നും സർക്കാർ നിർദേശിച്ചു. ഫെബ്രുവരിയിൽ 71 ശതമാനമായിരുന്ന ഓൺലൈൻ ബുക്കിംഗ് മാർച്ചിൽ 83 ശതമാനമായി വർധിച്ചതായും അധികൃതർ ചൂണ്ടിക്കാട്ടി.

ഗാർഹിക, വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഉറപ്പുനൽകി. മാർച്ച് അഞ്ചിനെ അപേക്ഷിച്ച് ആഭ്യന്തര എൽ പി ജി ഉൽപ്പാദനത്തിൽ 30 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് പുറമെ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തടസ്സമില്ലാതെ സിലിണ്ടറുകൾ ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. ഇറക്കുമതിയുടെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയായതിനാൽ നിലവിലെ സാഹചര്യം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണെങ്കിലും രാജ്യത്തെ 25,000 വിതരണക്കാരിൽ ആരും ഇതുവരെ എൽ പി ജി സ്റ്റോക്ക് തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ഭക്ഷ്യ മേഖലയെ ബാധിച്ച വാണിജ്യ സിലിണ്ടറുകളുടെ ദൗർലഭ്യം പരിഹരിക്കാൻ അവയുടെ വിതരണ ചുമതല സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്. മുൻഗണനാ ക്രമം നിശ്ചയിച്ച് അർഹരായ ഉപഭോക്താക്കളിലേക്ക് സിലിണ്ടറുകൾ എത്തിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ഒപ്പം എൽ പി ജി കരിഞ്ചന്തയിൽ വിൽക്കുന്നവർക്കും പൂഴ്ത്തിവെക്കുന്നവർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. വലിയ നഗരങ്ങളിലെ വാണിജ്യ ഉപഭോക്താക്കൾ എൽ പി ജിക്ക് പകരം പി എൻ ജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) കണക്ഷനുകൾക്കായി പ്രാദേശിക വിതരണക്കാരെ സമീപിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, ക്രൂഡ് ഓയിൽ ലഭ്യതയിലും രാജ്യത്ത് നിലവിൽ പ്രതിസന്ധിയില്ല. ഇന്ത്യയിലെ റിഫൈനറികൾ 100 ശതമാനം ശേഷിയിലോ അതിലധികമോ ആയാണ് പ്രവർത്തിക്കുന്നത്. പെട്രോൾ, ഡീസൽ ഉൽപ്പാദനത്തിൽ രാജ്യം സ്വയംപര്യാപ്തമാണെന്നും അതിനാൽ ഇവയുടെ ഇറക്കുമതി ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു. പെട്രോൾ പമ്പുകളിൽ ആവശ്യത്തിന് ഇന്ധനം ലഭ്യമാണ്. പി എൻ ജി, സി എൻ ജി വിതരണവും തടസ്സമില്ലാതെ തുടരുന്നുണ്ട്. വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും അനാവശ്യമായി ഇന്ധനം വാരിക്കൂട്ടി പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

 

Summary

The central government has assured the public that there is no shortage of LPG, petrol, or diesel in India despite the ongoing conflict in West Asia and the closure of the Strait of Hormuz. Domestic LPG production has risen by 30 per cent since March 5, and refineries are operating at over 100 per cent capacity. Officials urged citizens to book cylinders online and avoid panic buying or believing in rumors regarding fuel scarcity.

Latest