International
അമേരിക്കൻ വിമാനപകടം: നാല് സൈനികർ കൊല്ലപ്പെട്ടു; ഇറാൻ യുദ്ധത്തിൽ യുഎസ് നേരിടുന്നത് കനത്ത തിരിച്ചടി
കാണാതായ മറ്റ് രണ്ട് സൈനികർക്കായി തിരച്ചിൽ തുടരുകയാണ്
ന്യൂഡൽഹി | പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണ അമേരിക്കൻ വ്യോമസേനയുടെ കെ സി 135 ഇന്ധനവാഹിനി വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരിൽ നാല് പേർ കൊല്ലപ്പെട്ടതായി യു എസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. കാണാതായ മറ്റ് രണ്ട് സൈനികർക്കായി തിരച്ചിൽ തുടരുകയാണ്. മരിച്ചവരുടെ വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിച്ചതിന് ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂ എന്ന് സൈന്യം വ്യക്തമാക്കി.
ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന കെ സി 135 വിമാനം തകർന്ന സംഭവത്തിൽ അട്ടിമറി സാധ്യതകൾ അമേരിക്ക തള്ളിക്കളയുന്നുണ്ടെങ്കിലും അന്വേഷണം തുടരുകയാണ്. ശത്രുപക്ഷത്തിൻ്റെയോ സ്വന്തം പക്ഷത്തിൻ്റെയോ വെടിയേറ്റല്ല അപകടമെന്ന് വാഷിംഗ്ടൺ ഉറപ്പിച്ചു പറയുമ്പോഴും, തങ്ങളുടെ സഖ്യകക്ഷിയായ ‘ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ വിമാനം വെടിവെച്ചിട്ടതാണെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ അവകാശപ്പെട്ടു. എന്നാൽ ഈ വാദം അമേരിക്ക തള്ളി.
ഫെബ്രുവരി 28ന് ഇസ്റാഈൽ-അമേരിക്കൻ സഖ്യം ഇറാനിൽ ആക്രമണം ആരംഭിച്ചതിന് ശേഷം യു എസ് സേനയ്ക്ക് നഷ്ടപ്പെടുന്ന നാലാമത്തെ യുദ്ധവിമാനമാണിത്. മാർച്ച് 2ന് കുവൈത്തിന് മുകളിൽ വെച്ച് സഖ്യകക്ഷിയായ കുവൈത്തിൻ്റെ തന്നെ എഫ് 18 വിമാനത്തിൽ നിന്ന് അബദ്ധത്തിൽ മിസൈലുകൾ തൊടുത്തതിനെത്തുടർന്ന് മൂന്ന് അമേരിക്കൻ എഫ് 15 ഇ സ്ട്രൈക്ക് ഈഗിൾ വിമാനങ്ങൾ തകർന്നിരുന്നു. ആകാശത്ത് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നൽകി ദീർഘദൂര ആക്രമണങ്ങൾക്ക് കരുത്തുപകരുന്ന ബോയിംഗ് നിർമ്മിത കെ സി 135 വിമാനങ്ങൾ അമേരിക്കൻ വ്യോമശക്തിയുടെ നിർണ്ണായക ഭാഗമാണ്.
യുദ്ധം ഇറാനിൽ നിന്ന് മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സൈനിക താവളങ്ങൾക്ക് പുറമെ സൗദി അറേബ്യയിലെയും യു എ ഇയിലെയും എണ്ണ പശ്ചാത്തല സൗകര്യങ്ങളെ ഇറാൻ ലക്ഷ്യം വെക്കുന്നത് ആഗോള ഇന്ധന വിതരണത്തെ ബാധിച്ചിരിക്കുകയാണ്. പ്രതിദിനം 20 ദശലക്ഷം ബാരൽ എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ ലോകമെങ്ങും കടുത്ത ഇന്ധനക്ഷാമം നേരിടേണ്ടി വരുമെന്ന ഭീതിയിലാണ്.
Summary
Four US Air Force crew members were confirmed dead after a KC-135 Stratotanker crashed in western Iraq during the ongoing conflict with Iran. While Tehran-backed groups claim to have shot down the aircraft, the US Central Command maintains the incident is under investigation and not caused by hostile fire. This loss, following the accidental downing of three F-15E jets earlier this month, highlights the increasing operational risks and hardware losses the US military faces as the regional war destabilizes global energy supplies.




