Connect with us

National

റഷ്യന്‍ സേനയിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം 214: കേന്ദ്രമന്ത്രി

സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് 135 ഇന്ത്യക്കാരെ റഷ്യന്‍ സൈന്യവുമായി ഒപ്പുവച്ച കരാറില്‍ നിന്നും ഒഴിവാക്കുന്നതിന് സാധിച്ചിട്ടുണ്ട്. 30 ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും റിപോര്‍ട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | റഷ്യന്‍ സേനയിലേക്ക് ഇതുവരെ റിക്രൂട്ട് ചെയ്ത ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം 214 ആണെന്നാണ് ലഭ്യമായ വിവരമെന്ന് വിദേശകാര്യ വകുപ്പ് സഹമന്ത്രി പബിത്ര മാര്‍ഗരിറ്റ. ലോക്‌സഭയില്‍ അടൂര്‍ പ്രകാശ് എം പിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് 135 ഇന്ത്യക്കാരെ റഷ്യന്‍ സൈന്യവുമായി ഒപ്പുവച്ച കരാറില്‍ നിന്നും ഒഴിവാക്കുന്നതിന് സാധിച്ചിട്ടുണ്ട്. 30 ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും റിപോര്‍ട്ടുണ്ട്. റഷ്യന്‍ സൈന്യം കാണാതായതായി സ്ഥിരീകരിച്ച 13 പേരെ കണ്ടെത്തുന്നതിനും മറ്റ് 36 പേരുടെ നിലവിലെ സ്ഥിതി അറിയുന്നതിനും ഇന്ത്യന്‍ എംബസ്സി റഷ്യന്‍ അധികാരികളുമായി ബന്ധപ്പെട്ടു വരികയാണ്. മരണപ്പെട്ട 13 പേരുടെ മൃതദേഹങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചിട്ടുണ്ട്. രണ്ടുപേരുടെ മൃതദേഹം റഷ്യയില്‍ തന്നെ സംസ്‌കരിച്ചു. റഷ്യയുമായുള്ള കരാറില്‍ നിന്നും വിമുക്തരാക്കപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ട്.

2025 ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഒപ്പുവെച്ച കരാറില്‍ റഷ്യയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സേനയില്‍ ചേരുന്നതിനുള്ള വാഗ്ദാനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

 

Latest