Connect with us

Kerala

പ്രവാസി കേരളീയര്‍ക്ക് ഒരുകോടി രൂപയുടെ സമഗ്ര ആരോഗ്യ-അപകട ഇന്‍ഷ്വറന്‍സ്; പദ്ധതിയുമായി നോര്‍ക്ക കെയര്‍ പ്ലസ്

നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്റോള്‍മെന്റും പരിഷ്‌കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയും ആരംഭിച്ചു.

Published

|

Last Updated

തിരുവനന്തപുരം | പ്രവാസി കേരളീയര്‍ക്ക് ഒരു കോടി രൂപയുടെ സമഗ്ര ആരോഗ്യ-അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി നോര്‍ക്ക. അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ്, 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് എന്നിവ ഉള്‍പ്പെടെ ഒരുകോടി രൂപ വരെ ലഭ്യമാക്കുന്നതാണ് പദ്ധതി.

നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്റോള്‍മെന്റും പരിഷ്‌കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയും കഴിഞ്ഞ ദിവസം ആരംഭിച്ചു. അഞ്ചുലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി എന്നിങ്ങനെയുളള 07 വിവിധ സ്ലാബുകളില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി. 18 മുതല്‍ 70 വയസ്സ് വരെയുള്ള സാധുവായ നോര്‍ക്ക പ്രവാസി ഐഡിയോ, സ്റ്റുഡന്റ് ഐഡിയോ, എന്‍ ആര്‍ കെ ഐഡിയോ ഉളള പ്രവാസി കേരളീയര്‍ക്കാണ് എന്റോള്‍ ചെയ്യാനാകുക.

നോര്‍ക്ക കെയര്‍ നിലവില്‍ വന്ന് നാല് മാസത്തിനകം പതിനായിരത്തോളം പോളിസി ഉടമകള്‍ക്കായി ഇതുവരെ 88 കോടി രൂപയിലധികം രൂപയാണ് ക്ലെയിമിനത്തില്‍ നല്‍കാനായത്. 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളില്‍ പോളിസി ഉടമയുടെ ഭാര്യയെയും ഭര്‍ത്താവിനെയും 80 വയസ്സ് വരെയുളള മാതാപിതാക്കളെയും ഉള്‍പ്പെടുത്താനാകും. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ (www.norkaroots.kerala.gov.in) നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍) വഴിയോ 2026 ഏപ്രില്‍ 12 വരെ എന്റോള്‍ ചെയ്യാവുന്നതാണ്. ഈ കാലയളവില്‍ എന്റോള്‍ ചെയ്യുന്നവര്‍ക്ക് 2026 ഏപ്രില്‍ 15 മുതല്‍ ഒരു വര്‍ഷത്തേക്കാണ് പോളിസി കാലയളവ്.

നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവര്‍ക്കും നോര്‍ക്ക കെയര്‍ പ്ലസ്സില്‍ (10 ലക്ഷമോ അതിന് മുകളിലോ) ചേരാനാകും. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. 2025 സെപ്തംബര്‍ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ ആദ്യഘട്ട എന്റോള്‍മെന്റില്‍ 1,32,000 പ്രവാസി കേരളീയ കുടുംബങ്ങളാണ് എന്റോള്‍ ചെയ്തത്. 2025 സെപ്തംബര്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.

 

---- facebook comment plugin here -----

Latest