International
ഒമാനിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു; പത്ത് ഇന്ത്യക്കാർക്ക് പരുക്ക്
സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഗൾഫ് മേഖലയിൽ നിന്ന് ഏകദേശം 1.5 ലക്ഷം ഇന്ത്യക്കാർ ഇതിനകം നാട്ടിലേക്ക് മടങ്ങിയതായും വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി | ഒമാനിലെ സോഹാർ നഗരത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. പരിക്കേറ്റ 11 പേരിൽ 10 പേരും ഇന്ത്യൻ പൗരന്മാരാണെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ യുഎസ് – ഇസ്റാഈൽ സഖ്യവും ഇറാനും തമ്മിൽ രൂക്ഷമായ യുദ്ധം തുടരുന്നതിനിടെയാണ് ഈ ദാരുണ സംഭവം.
സോഹാറിലെ അൽ അവാഹി വ്യവസായ മേഖലയിലാണ് ആക്രമണമുണ്ടായത്. രണ്ട് ഡ്രോണുകൾ സോഹാറിനെ ലക്ഷ്യമാക്കി വന്നതായും ഇതിൽ ഒരെണ്ണം തകർന്നു വീണാണ് നാശനഷ്ടങ്ങൾ ഉണ്ടായതെന്നും ഒമാൻ സുരക്ഷാ ഏജൻസികൾ അറിയിച്ചു. മറ്റൊന്ന് ജനവാസമില്ലാത്ത പ്രദേശത്ത് വീണതിനാൽ അവിടെ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് ഇന്ത്യക്കാരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. ബാക്കിയുള്ള അഞ്ച് പേർ നിലവിൽ ചികിത്സയിലാണ്.
സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ മഹജൻ അറിയിച്ചു. ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഫെബ്രുവരി 28 മുതൽ മേഖലയിൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഏകദേശം 1.5 ലക്ഷം ഇന്ത്യക്കാർ ഇതിനകം നാട്ടിലേക്ക് മടങ്ങിയതായും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Summary
Two Indian nationals were killed and ten others injured following a drone attack in the Sohar province of Oman on Friday. The incident occurred at the Al-Awahi industrial area amid the escalating conflict between Israel and Iran. The Ministry of External Affairs confirmed that five of the injured have been discharged, while the Indian mission is working to repatriate the mortal remains of the deceased.





