Connect with us

International

വ്യോമാക്രമണങ്ങൾക്കിടയിലും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാനിൽ ദശലക്ഷങ്ങളുടെ റാലി

റാലിക്കിടെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Published

|

Last Updated

ടെഹ്റാൻ | ഇസ്‌റാഈൽ-അമേരിക്കൻ സംഖ്യത്തിന്റെ വ്യോമാക്രമണങ്ങൾക്കിടയിലും ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാനിൽ ദശലക്ഷങ്ങൾ പങ്കെടുത്ത അന്താരാഷ്ട്ര ഖുദ്‌സ് ദിന റാലികൾ നടന്നു. റമസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് ടെഹ്‌റാനിലുൾപ്പെടെ നടന്ന റാലികളിൽ, രാജ്യത്തെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട ആയത്തുള്ള സയ്യിദ് മുജ്തബ ഖമനഈക്ക് അഭിവാദ്യമർപ്പിച്ചും ഇസ്‌റാഈൽ അധിനിവേശത്തെ അപലപിച്ചും ജനങ്ങൾ തെരുവിലിറങ്ങി.

അതിനിടെ, റാലിക്കിടെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇസ്‌റാഈൽ-അമേരിക്കൻ സഖ്യം ഇറാനിൽ നടത്തുന്ന ആക്രമണം 14-ാം ദിവസത്തിലേക്ക് കടന്ന വെള്ളിയാഴ്ച ഉച്ചയോടെയാണ് ജനനിബിഡമായ ഫിർദൗസി സ്ക്വയറിൽ സ്ഫോടനമുണ്ടായത്. ഖുദ്സ് ദിന റാലി നടന്ന എൻക്വിലാബ് സ്ട്രീറ്റിന് സമീപമാണ് സംഭവം. കൊല്ലപ്പെട്ടത് ഒരു സ്ത്രീയാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ പ്രദേശം പുകപടലങ്ങളാൽ മൂടിയെങ്കിലും, പിന്മാറാൻ തയ്യാറാകാത്ത പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി റാലി തുടർന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി ഇറാനിൽ തുടരുന്ന കനത്ത വ്യോമാക്രമണങ്ങളിൽ 1,300-ലധികം പേർ കൊല്ലപ്പെടുകയും പതിനായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വർഷത്തെ ഖുദ്‌സ് ദിനം ആചരിച്ചത്. ടെഹ്‌റാനിലെ ഇൻക്വിലാബ് സ്ക്വയറിൽ നടന്ന റാലിക്ക് തൊട്ടടുത്ത് സ്ഫോടനങ്ങൾ കേട്ടപ്പോഴും “അല്ലാഹു അക്ബർ” വിളികളുമായി ജനങ്ങൾ പ്രതിഷേധം തുടർന്നു. സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ തുടരുന്നതിനിടയിലും, ഫലസ്തീൻ വിമോചനമെന്ന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രകടനക്കാർ പ്രഖ്യാപിച്ചു.

ഫെബ്രുവരി 28-ന് മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനഈ കൊല്ലപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സയ്യിദ് മുജ്തബ ഖമനഈയെ കഴിഞ്ഞ ഞായറാഴ്ചയാണ് അസംബ്ലി ഓഫ് എക്സ്പെർട്സ് പുതിയ നേതാവായി തെരഞ്ഞെടുത്തത്. റാലികളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളുമേന്തി ജനങ്ങൾ പിന്തുണ അറിയിച്ചു.

ടെഹ്‌റാൻ സർവ്വകലാശാലയിൽ സമാപിച്ച പ്രധാന റാലിയിൽ ഖുർആൻ പാരായണവും അമേരിക്കൻ-ഇസ്‌റാഈൽ ക്രൂരതകൾക്കെതിരെയുള്ള പ്രസംഗങ്ങളും നടന്നു. 1979-ൽ ഇമാം ഖുമൈനിയാണ് ഫലസ്തീൻ ഐക്യദാർഢ്യത്തിനായി ഖുദ്‌സ് ദിനം പ്രഖ്യാപിച്ചത്. ഇന്ന് പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് പുറമെ യൂറോപ്പിലും അമേരിക്കയിലും ഖുദ്‌സ് ദിന റാലികൾ സംഘടിപ്പിക്കപ്പെട്ടു.

Summary

Millions of Iranians marked International Quds Day with massive rallies across the country, expressing solidarity with Palestine despite ongoing military strikes by the US and Israel that have killed over 1,300 people. In Tehran, demonstrators faced nearby explosions with defiance, carrying images of the newly appointed Supreme Leader, Ayatollah Seyyed Mojtaba Khamenei. The event, initiated by Imam Khomeini in 1979, remains a global symbol of resistance against the occupation of Palestinian territories.

Latest