Connect with us

Articles

യുദ്ധം അടുക്കളയിലേക്കും പടരുകയാണ്

അമേരിക്കയുടെ പിന്‍ബലത്തോടെ ജൂതരാഷ്ട്രം ഇസ്റാഈല്‍ നടത്തുന്ന ആക്രമണത്തിനെതിരെ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണം ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ക്കു നേരെയാണെങ്കിലും അതില്‍ ആശങ്കപ്പെടുന്നവരായിരിക്കുന്നു നാം. ഇപ്പോള്‍ എല്ലാ മനുഷ്യരെയും ബാധിക്കുന്ന ഒന്നായി ആ യുദ്ധം മാറിയിരിക്കുന്നു. ഈ യുദ്ധം നമ്മെ ഏറ്റവുമാദ്യം ബാധിക്കുന്നത് ഇന്ധനക്ഷാമത്തിന്റെ രൂപത്തിലാണ്.

Published

|

Last Updated

ഇറാനെതിരെ ഇസ്റാഈലും അമേരിക്കയും തുടങ്ങിവെച്ച യുദ്ധം ഇപ്പോള്‍ ഗള്‍ഫില്‍ നിന്ന് വ്യാപിച്ച് കേരളമടക്കമുള്ള ഇന്ത്യയെയും മറ്റു രാജ്യങ്ങളെയും നേരിട്ട് ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തെ ഇത് തുടക്കം മുതല്‍ തന്നെ ബാധിച്ചതാണ്. പശ്ചിമേഷ്യയിലെ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോയ മലയാളികള്‍ ദശലക്ഷക്കണക്കിനാണ്. അവരുടെ ജീവനും ജീവിതവും താത്കാലികമാണെങ്കിലും വലിയ പ്രതിസന്ധിയിലായി. അമേരിക്കയുടെ പിന്‍ബലത്തോടെ ജൂതരാഷ്ട്രം ഇസ്റാഈല്‍ നടത്തുന്ന ആക്രമണത്തിനെതിരെ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണം ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ക്കു നേരെയാണെങ്കിലും അതില്‍ ആശങ്കപ്പെടുന്നവരായിരിക്കുന്നു നാം. എന്നാല്‍ ഇപ്പോള്‍ എല്ലാ മനുഷ്യരെയും ബാധിക്കുന്ന ഒന്നായി ആ യുദ്ധം മാറിയിരിക്കുന്നു.

ഈ യുദ്ധം നമ്മെ ഏറ്റവുമാദ്യം ബാധിക്കുന്നത് ഇന്ധനക്ഷാമത്തിന്റെ രൂപത്തിലാണ്. ലോകത്തിന്റെ പ്രവര്‍ത്തനം മുടങ്ങാതിരിക്കാന്‍ ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങളായ എണ്ണയും പ്രകൃതിവാതകങ്ങളും ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇന്ത്യയുടെ ആവശ്യത്തിന്റെ 80 ശതമാനം എണ്ണയും പ്രകൃതി വാതകങ്ങളും ലഭിക്കുന്നത് പുറത്ത് നിന്നാണ്. എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും പാതയാണ് ഹോര്‍മുസ് കടലിടുക്ക്. പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഒമാന്‍ ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന ആ പാതയിലൂടെ പ്രതിദിനം 20-21 ദശലക്ഷം ബാരല്‍ എണ്ണയാണ് കപ്പല്‍ മാര്‍ഗം വിവിധ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നത്. ലോകത്തിന്റെ ആവശ്യത്തിനുള്ള പ്രകൃതി വാതകത്തിന്റെ 20 ശതമാനവും വരുന്നത് ഈ പാതയിലൂടെ തന്നെയാണ്.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്റാഈലും സംയുക്തമായി ഇറാന് മേല്‍ ആക്രമണം തുടങ്ങിയപ്പോള്‍ മുതല്‍ ഈ പാതയിലൂടെയുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും കടത്ത് വലിയ ഭീഷണി നേരിടുകയാണ്. ഈ പാത അടച്ചാല്‍ ഇറാന് നേരെയുള്ള ആക്രമണം ഇപ്പോഴത്തേതിന്റെ 20 മടങ്ങ് വര്‍ധിപ്പിക്കും എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ ഭീഷണി. ഒരു പുനര്‍നിര്‍മാണം പോലും സാധ്യമാകാത്ത വിധത്തില്‍ ഇറാനെ തകര്‍ക്കും എന്നും ട്രംപ് പറയുന്നു. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്കൊന്നും കീഴ്പ്പെടാന്‍ തയ്യാറല്ലെന്നും ഹോര്‍മുസ് കടലിടുക്ക് അമേരിക്കയുടെ ‘പരാജയത്തിന്റെ കടലിടുക്ക്’ ആയി മാറും എന്നുമാണ് ഇറാന്റെ സുരക്ഷാ സമിതി സെക്രട്ടറി അലി ലാറിജാനി മറുപടി നല്‍കിയത്. യുദ്ധത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ കാര്യമായ അയവുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. അമേരിക്കയും ഇസ്റാഈലും പറയുന്നത് പോലെ എളുപ്പം കീഴടക്കാവുന്ന രാഷ്ട്രമല്ല ഇറാനെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ട്.

പ്രകൃതി വാതകമാണ് എല്ലാ ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന ഒരു വിഷയം. യുദ്ധം തുടങ്ങി ഒരാഴ്ചക്കകം തന്നെ വ്യാപാര ആവശ്യത്തിനുള്ള എല്‍ പി ജിയുടെ വില വലിയ തോതില്‍ ഉയര്‍ന്നിരുന്നു. തൊട്ടു പിന്നാലെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വാതകത്തിന്റെ വിലയും വലിയ തോതില്‍ ഉയര്‍ന്നു. വില ഉയരുന്നു എന്നതിനേക്കാള്‍ എത്ര നാളത്തേക്ക് പാചക വാതകം ലഭ്യമാകും എന്ന ഭീതിയാണ് വ്യാപകമായുള്ളത്. തുടക്കം മുതല്‍ തന്നെ വ്യാപാര ആവശ്യത്തിനുള്ള വാതക ലഭ്യത കാര്യമായി കുറഞ്ഞിരിക്കുന്നു. ഇത് നേരിട്ട് ബാധിക്കുന്നത് ഹോട്ടലുകളെയാണല്ലോ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഈ ഭീഷണിയിലാണ്.

ദേശീയ റെസ്റ്റോറന്റ് അസ്സോസിയേഷന്‍ ഭാരവാഹികളും വിവിധ സംസ്ഥാനങ്ങളിലെ ഭാരവാഹികളും ഈ വിഷയം അതിവേഗം പരിഹരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. മുംബൈയിലും ബെംഗളൂരുവിലും ചെന്നൈയിലുമടക്കം നിരവധി ഭക്ഷണശാലകള്‍ അടച്ച് പൂട്ടിക്കഴിഞ്ഞു. അമ്പത് ശതമാനം വരെ ഭക്ഷണ ശാലകള്‍ മുംബൈയില്‍ ഉടനെ അടച്ചിടേണ്ടി വരുമെന്നാണ് പറയുന്നത്. ഒറ്റയടിക്ക് പാചക വാതക വിതരണം നിര്‍ത്തിവെക്കുന്നതിനു പകരം പടിപടിയായി കുറയ്ക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. വന്‍കിട ഹോട്ടലുകള്‍ ഇക്കാര്യം മുന്‍കൂട്ടിക്കണ്ട് വലിയ തോതില്‍ പാചക വാതകം സംഭരിച്ചിട്ടുണ്ട്. എന്നാല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് അതിനും കഴിയില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് കരിഞ്ചന്തയില്‍ നിന്ന് ഇത് വാങ്ങേണ്ടി വരുന്നുണ്ട്. 1,200 രൂപ വിലവരുന്ന സിലിന്‍ഡറുകള്‍ക്ക് 1,600 രൂപ വരെ ഈടാക്കുന്നുണ്ട്.

ഗാര്‍ഹിക സിലിന്‍ഡറുകളുടെ വില വര്‍ധിച്ചു എങ്കിലും ലഭ്യതയുടെ കുറവ് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. പക്ഷേ യുദ്ധം തുടര്‍ന്നാല്‍ അതിനും ഭീഷണിയുണ്ടെന്നാണ് പലരും കരുതുന്നത്. ഗാര്‍ഹിക പാചക വാതകത്തിന്റെ ഉത്പാദനം 10 ശതമാനം കണ്ട് വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഉത്പാദനം പരമാവധിയാക്കാനാണ് മാര്‍ച്ച് അഞ്ചിന് ആവശ്യപ്പെട്ടിട്ടുള്ളത്.

മറ്റാവശ്യങ്ങള്‍ക്കുള്ള എല്‍ പി ജി ഉത്പാദനം കുറയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഗാര്‍ഹിക മേഖലയില്‍ പാചക വാതകത്തിന്റെ കുറവ് വരാതിരിക്കാനാണ് ഇത്. പക്ഷേ, എല്‍ എന്‍ ജിയുടെ കാര്യത്തില്‍ ഇതത്ര എളുപ്പമാകില്ല. ഖത്വറില്‍ നിന്നാണ് ഇന്ത്യ എല്‍ എന്‍ ജി ഇറക്കുമതി ചെയ്യുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെ വേണം നമുക്ക് പ്രകൃതിവാതകം ലഭിക്കാന്‍. യുദ്ധം തുടരുന്നിടത്തോളം കാലം അത് ലഭിക്കാനുള്ള സാധ്യതയില്ല. പിന്നെയുള്ള മാര്‍ഗം നോര്‍വേയില്‍ നിന്നോ യു എസില്‍ നിന്നോ കൊണ്ടുവരിക എന്നതാണ്. പക്ഷേ, അതിന് വളരെ കൂടുതല്‍ സമയം വേണം. തന്നെയുമല്ല അതിന്റെ വില കൂടുതലുമായിരിക്കും. ഇപ്പോള്‍ ഖത്വറില്‍ നിന്നുള്ള പ്രകൃതി വാതകത്തിന് 6-8 ഡോളര്‍ ആണ്. യുദ്ധകാലത്ത് അത് 15 ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ യു എസില്‍ നിന്നോ നോര്‍വേയില്‍ നിന്നോ വരുമ്പോള്‍ അത് ഇതേ നിരക്കിലാകും വില. അതുകൊണ്ട് തന്നെ പിടിച്ചുനില്‍ക്കാന്‍ കഴിയും. പക്ഷേ, ഈ നിരക്ക് എത്രകാലം ഉയര്‍ന്നു നില്‍ക്കും എന്ന് പറയാനാകില്ലല്ലോ.

ചുരുക്കത്തില്‍ ഈ യുദ്ധം നമ്മുടെ അടുക്കളയെയും ഭക്ഷണത്തെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇത് തുടര്‍ന്നാല്‍ വീടുകളിലെ സമാധാനം പോലും തകരും എന്നതാണ് അവസ്ഥ.

 

---- facebook comment plugin here -----

Latest