From the print
ഇറാന്‍ തളര്‍ന്നില്ല; യു എസ് രഹസ്യാന്വേഷണ റിപോര്‍ട്ട്
ഇറാന്‍ ഇപ്പോഴും സുശക്തമാണെന്നും അവിടുത്തെ ഭരണകൂടം തകരില്ലെന്നും ഇതുമായി ബന്ധപ്പെട്ട യു എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.
ന്യൂയോര്‍ക്ക് | അമേരിക്കയും ഇസ്‌റാഈലും തുടരുന്ന ആക്രമണം രണ്ടാഴ്ചയില്‍ എത്തിനില്‍ക്കുന്‌പോഴും ഇറാന്‍ ശക്തമാണെന്ന് യു എസ് രഹസ്യാന്വേഷണ വിഭാഗം. ഇറാന്‍ ഇപ്പോഴും സുശക്തമാണെന്നും അവിടുത്തെ ഭരണകൂടം തകരില്ലെന്നും ഇതുമായി ബന്ധപ്പെട്ട യു എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.
എണ്ണവില കുതിച്ചുയരുന്നതിനിടെ രാഷ്ട്രീയ സമ്മര്‍ദം ശക്തമായ സാഹചര്യത്തില്‍, ഇറാനെതിരായ സൈനിക നീക്കം ഉടന്‍ അവസാനിപ്പിക്കുമെന്നാണ് യു എസ് പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിക്കുന്നത്. എന്നാല്‍, ഇറാന്റെ തീവ്രനിലപാടുള്ള നേതാക്കള്‍ അധികാരത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍, യുദ്ധത്തിന് എല്ലാവര്‍ക്കും സ്വീകാര്യമായ അന്ത്യം കണ്ടെത്തുക പ്രയാസമായിരിക്കും.
യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈ കൊല്ലപ്പെട്ടിട്ടും ഇറാന്റെ മതനേതൃത്വത്തിലെ ഐക്യവും കെട്ടുറപ്പും തകര്‍ക്കാനാകാത്തത് യു എസ് രഹസ്യാന്വേഷണ റിപോര്‍ട്ടില്‍ എടുത്തുപറയുന്നു. യുദ്ധം ഇറാന്റെ മതഭരണകൂടത്തിന്റെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്ന് ആഭ്യന്തര ചര്‍ച്ചകളില്‍ വിലയിരുത്തിയ കാര്യം ഉന്നത ഇസ്‌റാഈല്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഖാംനഈയുടെ മരണശേഷം അധികാരം ഏറ്റെടുത്ത ഇടക്കാല നേതാക്കള്‍ക്കും ഐ ആര്‍ ജി സിക്കും രാജ്യത്തിനുമേല്‍ ഇപ്പോഴും പൂര്‍ണനിയന്ത്രണമുണ്ടെന്നാണ് യു എസ് രഹസ്യാന്വേഷണ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ട ഖാംനഈയുടെ മകന്‍ മുജ്തബയെ പുതിയ പരമോന്നത നേതാവായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിലവിലെ യു എസ്- ഇസ്‌റാഈല്‍ വ്യോമാക്രമണങ്ങള്‍ വഴി എങ്ങനെ ഇറാന്‍ സര്‍ക്കാറിനെ താഴെയിറക്കാനാകും എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. ഇറാനിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായി തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ സാഹചര്യം ഒരുക്കണമെങ്കില്‍ കരയുദ്ധം തന്നെ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഇറാനിലേക്ക് യു എസ് സൈന്യത്തെ അയക്കുന്ന കാര്യം ട്രംപ് ഭരണകൂടം ഇതുവരെ തള്ളിക്കളഞ്ഞിട്ടുമില്ല.



