National
പാചകവാതക ക്ഷാമം: 40,000 കിലോലിറ്റര്‍ അധിക മണ്ണെണ്ണ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് കേന്ദ്രം
സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ നല്‍കാനും തീരുമാനിച്ചതായി പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ.
ന്യൂഡല്‍ഹി | പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്ന സാഹചര്യത്തില്‍ 40,000 കിലോലിറ്റര്‍ അധിക മണ്ണെണ്ണ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് കേന്ദ്രം. പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ പാചകവാതക ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ നഗരപ്രദേശങ്ങളില്‍ ഇത് 25 ദിവസമായി തന്നെ തുടരും.
അതേസമയം ക്രൂഡ് ഓയില്‍ വിതരണത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇന്ധന ക്ഷാമത്തിന്റെ സാഹചര്യമില്ലെന്നും സുജാത ശര്‍മ പറഞ്ഞു.




