Connect with us

International

'ഓരോ പൗരന്റെയും രക്തത്തിന് പ്രതികാരം ചോദിക്കും, അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടരും'; മുജ്തബ ഖാംനഈയുടെ ആദ്യ പ്രസ്താവന

ഹോർമുസ് കടലിടുക്ക് അമേരിക്കക്കെതിരായ സമ്മർദ്ദ തന്ത്രമെന്ന നിലയിൽ അടച്ചിടുമെന്നും മുജ്തബ ഖാംനഈ

Published

|

Last Updated

ടെഹ്റാൻ | ഇസ്‌റാഈലിനും അമേരിക്കക്കും എതിരെ കടുത്ത നിലപാടുകളുമായി ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ രംഗത്ത്. സ്ഥാനമേറ്റെടുത്ത ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവനയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് അമേരിക്കക്കെതിരായ സമ്മർദ്ദ തന്ത്രമെന്ന നിലയിൽ അടച്ചിടുമെന്നും അയൽരാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വ്യാഴാഴ്ച ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ വാർത്താ അവതാരകനാണ് ഖാംനഈയുടെ പ്രസ്താവന വായിച്ചത്. അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടില്ല.

മേഖലയിൽ അമേരിക്കൻ സൈനിക താവളങ്ങൾ പ്രവർത്തനം തുടർന്നാൽ അവയ്ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സമാധാനവും സുരക്ഷയും സ്ഥാപിക്കുമെന്ന അമേരിക്കയുടെ അവകാശവാദം വെറും നുണയാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും അതിനാൽ എത്രയും വേഗം സൈനിക താവളങ്ങൾ അടച്ചുപൂട്ടണമെന്നും ഖാംനഈ ആവശ്യപ്പെട്ടു. യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി പ്രതികാരം ചെയ്യുമെന്നും ശത്രുക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഇറാനിയൻ നേതാവ് വ്യക്തമാക്കി. ഇതിന് തയ്യാറായില്ലെങ്കിൽ ശത്രുക്കളുടെ ആസ്തികൾ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ ഒരിക്കലും പിൻവാങ്ങില്ലെന്നും പൂർണ്ണ ശക്തിയോടെ പ്രതിരോധിക്കുമെന്നും മുജ്തബ ഖാംനഈ പറഞ്ഞു. അന്തരിച്ച ആയത്തുല്ല അലി ഖാംനഈയുടെ മാത്രമല്ല, യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ പൗരൻ്റെയും രക്തത്തിന് പ്രതികാരം ചെയ്യും. രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നത് തങ്ങൾ മറക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വധിക്കപ്പെട്ട തൻ്റെ പിതാവിനെക്കുറിച്ച് സംസാരിക്കവെ, അദ്ദേഹം എപ്പോഴും സത്യമാണ് സംസാരിച്ചിരുന്നതെന്നും ഉന്നത വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്നും മുജ്തബ ഖാംനഈ കൂട്ടിച്ചേർത്തു.

 

Summary

Iran’s new Supreme Leader, Mojtaba Khamenei, issued his first statement warning the US to shut down its military bases in the region and keep the Strait of Hormuz closed. In a statement read on state television, he vowed to avenge the death of his father and other martyrs killed in the war. He also stated that Iran would seek compensation from its enemies or seize their assets.

Latest