Connect with us

International

ഇറാന്റെ അതീവ രഹസ്യ ആണവ കേന്ദ്രം ആക്രമിച്ചുവെന്ന് അവകാശപ്പെട്ട് ഇസ്റാഈൽ

ടെഹ്റാനിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള പാർച്ചിൻ സൈനിക സമുച്ചയത്തിലെ 'തലേഗാൻ' എന്ന കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്റാഈൽ സൈന്യം

Published

|

Last Updated

ടെഹ്റാൻ | ഇറാന്റെ ആണവായുധ പദ്ധതികളിൽ നിർണ്ണായകമെന്ന് കരുതപ്പെടുന്ന അതീവ രഹസ്യ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇസ്റാഈൽ സൈന്യം. ടെഹ്റാനിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള പാർച്ചിൻ (Parchin) സൈനിക സമുച്ചയത്തിലെ ‘തലേഗാൻ’ (Taleghan) എന്ന കേന്ദ്രത്തിന് നേരെയാണ് ഇസ്റാഈൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനിൽ ഇസ്റാഈൽ നടത്തിവരുന്ന വ്യോമാക്രമണങ്ങളുടെ ഭാഗമാണിതെന്ന് സൈന്യം അറിയിച്ചു.

ആണവായുധങ്ങൾ വികസിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യകൾ ഒരുക്കുന്നതിനായി ഈ കേന്ദ്രം ഇറാൻ ഉപയോഗിച്ചിരുന്നതായി ഇസ്റാഈൽ അവകാശപ്പെട്ടു. 2024 ഒക്ടോബറിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ ഈ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ അടുത്തിടെ ഇറാൻ ഈ കേന്ദ്രം പുനരുദ്ധരിക്കാൻ ശ്രമിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വീണ്ടും ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് വ്യക്തമാക്കി. ഇറാൻ രഹസ്യമായി നടപ്പിലാക്കുന്ന ‘അമാദ്’ (AMAD) ആണവ പദ്ധതിയുടെ ഭാഗമായി അത്യാധുനിക സ്ഫോടകവസ്തുക്കൾ പരീക്ഷിക്കുന്നതിനാണ് ഈ കേന്ദ്രം ഉപയോഗിച്ചിരുന്നത്.

അതേസമയം, ആണവായുധങ്ങൾ നിർമ്മിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കുവേണ്ടിയുള്ളതാണെന്നും ഇറാൻ ആവർത്തിച്ചു. ഇസ്റാഈലിന്റെയും അമേരിക്കയുടെയും സംയുക്ത സൈനിക നീക്കം 13-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് അതീവ സുരക്ഷാ മേഖലയിലുള്ള ഈ ആണവ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

 

Summary

The Israeli military announced that it targeted the Taleghan facility within the Parchin military complex, claiming it was central to Iran’s nuclear weapons research. According to Israeli intelligence, the site was being rehabilitated after previous strikes to advance explosives testing and nuclear capabilities. While Israel frames this as a preemptive move against an existential threat, Iran continues to maintain that its nuclear program is strictly for peaceful purposes.

Latest