Connect with us

International

ഭൂമിയിലേക്ക് പതിക്കാനൊരുങ്ങി 600 കിലോ ഭാരമുള്ള നാസയുടെ ഉപഗ്രഹം; ആശങ്ക വേണ്ടെന്ന് വിദഗ്ധർ

ഭൂമിയുടെ കാന്തികവലയത്തിലുള്ള വാൻ അല്ലൻ റേഡിയേഷൻ ബെൽറ്റുകളെക്കുറിച്ച് പഠിക്കാനായി 2012 ഓഗസ്റ്റിലാണ് വാൻ അല്ലൻ പ്രോബ് എയും അതിന്റെ ഇരട്ട ഉപഗ്രഹവും നാസ വിക്ഷേപിച്ചത്

Published

|

Last Updated

വാഷിംഗ്ടൺ | പത്ത് വർഷത്തിലേറെയായി ബഹിരാകാശത്ത് ഭ്രമണം ചെയ്യുന്ന നാസയുടെ വാൻ അല്ലൻ പ്രോബ് എ (Van Allen Probe A) എന്ന ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പുനഃപ്രവേശിക്കുന്നു. ഏകദേശം 600 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം നിലവിൽ പ്രവർത്തനരഹിതമാണ്. ഉപഗ്രഹം ഭൂമിയിലേക്ക് പതിക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും പേടിക്കേണ്ട സാഹചര്യമില്ലെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു. അന്തരീക്ഷത്തിലേക്ക് കടക്കുന്നതോടെ ഉപഗ്രഹത്തിന്റെ ഭൂരിഭാഗവും കത്തിയമരുമെന്നും ഉപരിതലത്തിൽ എത്തുന്നതിന് മുൻപേ ഇത് നശിക്കുമെന്നും ലൈവ് സയൻസ് റിപ്പോർട്ട് ചെയ്യുന്നു.

ഭൂമിയുടെ കാന്തികവലയത്തിലുള്ള വാൻ അല്ലൻ റേഡിയേഷൻ ബെൽറ്റുകളെക്കുറിച്ച് പഠിക്കാനായി 2012 ഓഗസ്റ്റിലാണ് വാൻ അല്ലൻ പ്രോബ് എയും അതിന്റെ ഇരട്ട ഉപഗ്രഹവും നാസ വിക്ഷേപിച്ചത്. ഭൂമിയെ ദോഷകരമായ സൗരവികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ ഈ മേഖലകൾക്ക് വലിയ പങ്കുണ്ട്. ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചും അത് ആശയവിനിമയ സംവിധാനങ്ങളെയും ബഹിരാകാശ സഞ്ചാരികളെയും എങ്ങനെ ബാധിക്കുന്നുവെന്നും മനസ്സിലാക്കാൻ ഈ ദൗത്യം സഹായിച്ചു. രണ്ട് വർഷത്തെ കാലാവധി നിശ്ചയിച്ചിരുന്ന ദൗത്യം ഏഴ് വർഷത്തോളം നീണ്ടുനിന്നു. ഒടുവിൽ ഇന്ധനം തീർന്നതിനെ തുടർന്ന് 2019-ലാണ് ഇതിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്.

ദൗത്യം അവസാനിച്ചതിന് പിന്നാലെ ഭ്രമണപഥത്തിലുണ്ടായ മാറ്റങ്ങളാണ് ഉപഗ്രഹം ഇപ്പോൾ ഭൂമിയിലേക്ക് പതിക്കാൻ കാരണമാകുന്നത്. വായുവിന്റെ ഘർഷണം (Atmospheric drag) മൂലം ഉപഗ്രഹം സാവധാനം താഴേക്ക് നീങ്ങുകയായിരുന്നു. എന്നാൽ സൗരപ്രവർത്തനങ്ങൾ വർധിച്ചതോടെ അന്തരീക്ഷത്തിന്റെ മുകൾഭാഗം വികസിക്കുകയും ഇത് ഘർഷണം വർധിപ്പിക്കുകയും ചെയ്തു. ഇതോടെ 2034-ൽ സംഭവിക്കുമെന്ന് കരുതിയിരുന്ന പുനഃപ്രവേശനം നേരത്തെയാവുകയായിരുന്നു.

അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുമ്പോൾ ഉപഗ്രഹം ഭൂരിഭാഗവും തകർന്നുപോകും. വളരെ ഉറപ്പുള്ള ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച ചില ചെറിയ ഭാഗങ്ങൾ മാത്രമേ അവശേഷിക്കാൻ സാധ്യതയുള്ളൂ. ഇതിലൂടെ മനുഷ്യർക്ക് അപകടമുണ്ടാകാൻ 4,200-ൽ ഒന്ന് എന്ന നിലയിൽ വളരെ കുറഞ്ഞ സാധ്യത മാത്രമേയുള്ളൂവെന്ന് നാസ അറിയിച്ചു. ഭൂമിയുടെ 71 ശതമാനവും സമുദ്രമായതിനാൽ അവശിഷ്ടങ്ങൾ വെള്ളത്തിലോ ജനവാസമില്ലാത്ത മേഖലകളിലോ പതിക്കാനാണ് സാധ്യത കൂടുതൽ.

വാൻ അല്ലൻ പ്രോബ് എയുടെ ഈ മടക്കം ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായത്തിനാണ് അന്ത്യം കുറിക്കുന്നത്.

Summary

A retired 600 kg NASA satellite, Van Allen Probe A, is expected to re-enter Earth’s atmosphere after nearly 14 years in orbit. Experts assure that the risk to the public is extremely low as most of the spacecraft will burn up during re-entry due to intense heat and atmospheric drag. Launched in 2012 to study Earth’s radiation belts, the mission significantly enhanced our understanding of space weather before being decommissioned in 2019.

Latest