International
ഇസ്റാഈലിനും അമേരിക്കൻ താവളങ്ങൾക്കുമെതിരെ മിസൈൽ, ഡ്രോൺ ആക്രമണം കടുപ്പിച്ച് ഇറാൻ
തങ്ങളുടെ ആക്രമണ പരിധി ശത്രുവിനേക്കാൾ വിശാലമാണെന്നും അമേരിക്കൻ-ഇസ്റാഈൽ സേനകളുടെ ക്രൂരമായ നടപടികൾക്ക് അനുസൃതമായാണ് യുദ്ധക്കളത്തിലെ നീക്കങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഇറാൻ
ടെഹ്റാൻ | ഇസ്റാഈലിനും പശ്ചിമേഷ്യയിലെ വിവിധ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC). ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’-ന്റെ ഭാഗമായി ‘ടു ദി ഹോളി അൽ-ഖുദ്‌സ്’ എന്ന കോഡ് നാമത്തിലാണ് 41-ാം ഘട്ട ആക്രമണം നടത്തിയതെന്ന് പ്രസ് ടി വി റിപ്പോർട്ട് ചെയ്തു.
ഹൈപ്പർസോണിക് ‘ഫത്തഹ്’ മിസൈലുകൾക്ക് പുറമെ ഖോറംഷഹർ, ഖദർ, ഖൈബർ ഷെക്കൻ തുടങ്ങിയ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും ഇറാൻ പ്രയോഗിച്ചു. ടെൽ അവീവിലെ ഇസ്റാഈൽ സൈനിക കേന്ദ്രങ്ങൾ, പൽമച്ചിം, ഓവ്‌ദ എയർ ബേസുകൾ, ഷിൻ ബെറ്റ് ആസ്ഥാനം എന്നിവയ്ക്ക് പുറമെ കുവൈത്തിലെ അഹമ്മദ് അൽ-ജാബർ എയർ ബേസ്, യു എ ഇയിലെ അൽ-ദാഫ്ര എയർ ബേസ് എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയുടെയും ഇസ്റാഈലിന്റെയും സംയുക്ത സൈനിക നീക്കത്തിന് കൃത്യമായ മറുപടിയാണ് നൽകുന്നതെന്ന് ഐ ആർ ജി സി പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ ആക്രമണ പരിധി ശത്രുവിനേക്കാൾ വിശാലമാണെന്നും അമേരിക്കൻ-ഇസ്റാഈൽ സേനകളുടെ ക്രൂരമായ നടപടികൾക്ക് അനുസൃതമായാണ് യുദ്ധക്കളത്തിലെ നീക്കങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഇറാൻ വ്യക്തമാക്കി.
ഇസ്റാഈലിന്റെ റഡാർ സംവിധാനങ്ങൾ ഭാഗികമായി തകർക്കാൻ സാധിച്ചതായും ഇതോടെ വരും ദിവസങ്ങളിൽ കൂടുതൽ കൃത്യതയോടെ ആക്രമണം തുടരാൻ സാധിക്കുമെന്നും ഇറാൻ സൈനിക വക്താവ് കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ഖുദ്‌സ് ദിനത്തിന് മുന്നോടിയായുള്ള ഈ പ്രത്യാക്രമണം മേഖലയിൽ യുദ്ധം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
Summary
The Islamic Revolutionary Guard Corps (IRGC) has initiated a massive new wave of missile and drone strikes targeting Israel and key US military installations in Kuwait, UAE, and Iraq. Dubbed ‘Operation True Promise 4’, the assault utilized advanced hypersonic and heavy warhead missiles to strike sensitive locations, including airbases and intelligence headquarters. Iran maintains that these actions are a calibrated response to ongoing regional aggression and aim to neutralize enemy radar capabilities.




