Kerala
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം; സ്‌കൂളുകളില്‍ അവധി റദ്ദാക്കാന്‍ നിര്‍ദേശം
ഈ ദിവസങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനും ബോധവത്കരണത്തിനുമുള്ള പ്രത്യേക ദിനങ്ങളാക്കണമെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
തിരുവനന്തപുരം| സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളില്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്ന പൊതു അവധി ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. ഈ ദിവസങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനും ബോധവത്കരണത്തിനുമുള്ള പ്രത്യേക ദിനങ്ങളാക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഈ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യ സമരചരിത്രം, ഭരണഘടനയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളില്‍ പഠനവും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ ത്യാഗങ്ങളെക്കുറിച്ചും റിപ്പബ്ലിക് ദിനത്തിലും ഭരണഘടനാ ദിനത്തിലും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ അറിയേണ്ടതുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഗാന്ധി ജയന്തി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണവും ശുചിത്വവും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചു.
അതേസമയം ഓണം, ക്രിസ്മസ്, പെരുന്നാള്‍ തുടങ്ങിയ ആഘോഷദിവസങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടപ്പിലാക്കാനും നിര്‍ദേശമുണ്ട്. ഐക്യം, സമത്വം, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കാനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് എന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍, അംഗങ്ങളായ കെ കെ ഷാജു, ഡോ. എഫ് വില്‍സണ്‍, എന്നിവരുടെ ഫുള്‍ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം പുറത്തിറക്കിയത്.




