National
ഹോർമുസ് കടലിടുക്ക് കടന്ന് ആദ്യ എണ്ണക്കപ്പൽ ഇന്ത്യൻ തീരത്ത് സുരക്ഷിതമായി നങ്കൂരമിട്ടു
1,35,000 മെട്രിക് ടണ്ണിലധികം അസംസ്കൃത എണ്ണയാണ് കപ്പലിലുള്ളത്.
മുംബൈ | പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ആഗോള എണ്ണ വിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധികൾക്കിടയിൽ സൗദി അറേബ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുമായി ആദ്യ കപ്പൽ മുംബൈ തീരത്തെത്തി. ലൈബീരിയൻ പതാകയുള്ള ‘ഷെൻലോങ് സൂയസ്മാക്സ്’ (Shenlong Suezmax) എന്ന കപ്പലാണ് ബുധനാഴ്ച മുംബൈ തുറമുഖത്ത് അടുത്തത്. 1,35,000 മെട്രിക് ടണ്ണിലധികം അസംസ്കൃത എണ്ണയാണ് കപ്പലിലുള്ളത്.
യു എസ്, ഇസ്റാഈൽ എന്നീ രാജ്യങ്ങൾക്കെതിരെ ഇറാൻ തിരിച്ചടി പ്രഖ്യാപിച്ചതോടെ കപ്പൽ ഗതാഗതം ദുഷ്കരമായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) വഴിയാണ് ഈ കപ്പൽ ഇന്ത്യയിലെത്തിയത്. ആഗോളതലത്തിൽ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാതയിൽ ഇന്ത്യയിലേക്കുള്ള തായ് ബൾക്ക് കാരിയറായ ‘മയൂരി നാരി’ക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഷെൻലോങ് സൂയസ്മാക്സിന്റെ വരവ് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്.
മുംബൈയിലെ മാഹുലിലുള്ള റിഫൈനറിയിലേക്കാണ് ഈ അസംസ്കൃത എണ്ണ എത്തിക്കുന്നത്. ആഭ്യന്തര എൽ പി ജി സിലിണ്ടർ വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ആശങ്ക നിലനിൽക്കെ കപ്പലിന്റെ വരവ് ആശ്വാസകരമായി. മാർച്ച് ഒന്നിന് സൗദിയിലെ റാസ് തനൂറ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലിന് കടലിടുക്ക് വഴി കടന്നുപോകാൻ ഇറാൻ അനുമതി നൽകുകയായിരുന്നു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും തമ്മിൽ വ്യാഴാഴ്ച നടത്തിയ ചർച്ചയെത്തുടർന്ന് ഇന്ത്യൻ പതാകയുള്ള ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ അനുമതി ലഭിച്ചിട്ടുണ്ട്. നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ ഇന്ത്യൻ പതാകയുള്ള 28 കപ്പലുകൾ സർവീസ് നടത്തുന്നുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ഇതിൽ എട്ടോളം കപ്പലുകൾ സുരക്ഷിതമായി അറബിക്കടലിലേക്ക് പ്രവേശിച്ചു. അതേസമയം, സംഘർഷം നിലനിൽക്കുന്നതിനാൽ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ വർധനവ് തുടരുകയാണ്.
Summary
A Liberian-flagged vessel, Shenlong Suezmax, successfully delivered 135,000 metric tons of Saudi Arabian crude oil to Mumbai port amidst escalating Middle East tensions. This arrival marks a significant relief for India’s energy supply, especially following diplomatic talks between India and Iran to ensure safe passage for tankers through the volatile Strait of Hormuz. Despite this breakthrough, global oil prices continue to rise as the conflict impacts international commodity markets and supply chains.




