Connect with us

National

വി ഡി സവര്‍ക്കര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതി; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് കോടതി റദ്ദാക്കി

പോലീസ് റിപോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ കേസ് പിന്‍വലിക്കുകയാണെന്ന് ഹരജിക്കാരന്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് നാസിക്കിലെ കോടതി കേസ് റദ്ദാക്കിയത്.

Published

|

Last Updated

മുംബൈ | വി ഡി സവര്‍ക്കര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസ് കോടതി റദ്ദാക്കി. നാസിക്കിലെ കോടതിയാണ് ലോക്സഭാ പ്രതിപക്ഷ നേതാവിനെതിരായ കേസ് റദ്ദാക്കിയത്. നാസിക്കിലെ നിര്‍ഭയ ഫൗണ്ടേഷന്‍ എന്ന എന്‍ ജി ഒയുടെ പ്രസിഡന്റായ ദേവേന്ദ്ര ഭൂട്ടാഡ എന്നയാളാണ് പരാതി നല്‍കിയിരുന്നത്. പോലീസ് റിപോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ കേസ് പിന്‍വലിക്കുകയാണെന്ന് ഹരജിക്കാരന്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കേസ് റദ്ദാക്കിയത്.

2022 നവംബര്‍ 17ന് മഹാരാഷ്ട്രയിലെ ഹിംഗോളിയിലും അകോളെയിലും ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി പ്രസംഗിച്ചു എന്നായിരുന്നു പരാതി. ബ്രിട്ടീഷ് സര്‍ക്കാറിന് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് സവര്‍ക്കര്‍ ഉറപ്പുനല്‍കിയിരുന്നുവെന്ന പരാമര്‍ശത്തിനെതിരെയായിരുന്നു കേസ്. സവര്‍ക്കര്‍ സ്വാതന്ത്ര്യ സമര പോരാളിയാണെന്നും അദ്ദേഹത്തിന്റെ സത്‌പേരിനെ മോശമാക്കുന്നതാണ് പരാമര്‍ശമെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

കേസില്‍ 2024ലാണ് രാഹുലിന് കോടതി സമന്‍സ് അയച്ചത്. പിന്നീട് കോടതി നടപടികളില്‍ ഓണ്‍ലൈനായി ഹാജരാകാനുള്ള അനുവാദം അദ്ദേഹത്തിന് നല്‍കിയിരുന്നു.

Latest