Connect with us

Kerala

നേമത്ത് കെ എസ് ശബരിനാഥന്‍; എല്‍ദോസ് കുന്നപ്പള്ളിയെ കൊച്ചിയിലേക്ക് മാറ്റും

ഇന്ന്‌ (മാര്‍ച്ച് 13, വെള്ളി) ചേരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയുടെ സുപ്രധാന യോഗത്തില്‍ സ്ഥാനാര്‍ഥികളെ കുറിച്ച് അന്തിമ ധാരണയാകും.

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ എസ് ശബരീനാഥന്‍ എത്തിയേക്കും. പ്രധാനമായും സി പി എമ്മും ബി ജെ പിയും തമ്മില്‍ മത്സരം നടക്കുന്ന നേമത്ത് പ്രധാന നേതാക്കളാരും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് മുന്‍ എം എല്‍ എയും നിലവില്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ കെ എസ് ശബരിനാഥനെ പരിഗണിക്കുന്നത്. സിറ്റിംഗ് എം എല്‍ എമാരില്‍ നേരത്തെ മാറ്റിവെച്ച പെരുമ്പാവൂരിലെ എം എല്‍ എ. എല്‍ദോസ് കുന്നപ്പള്ളിയെ കൊച്ചിയിലേക്ക് മാറ്റാനാണ് നേതൃത്വം ആലോചിക്കുന്നത്. ലൈംഗികാരോപണ കേസിലെ വ്യക്തത കൂടി പരിശോധിച്ച ശേഷമായിരിക്കും എല്‍ദോസ് കുന്നപ്പള്ളിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇതോടൊപ്പം തിരുവനന്തപുരം ഡി സി സി അധ്യക്ഷന്‍ എന്‍ ശക്തന്‍ ഉള്‍പ്പെടെ അവകാശവാദം ഉന്നയിക്കുന്ന കാട്ടാക്കടയില്‍ ഡി സി സി വൈസ് പ്രസിഡന്റ് എം ആര്‍ ബൈജുവാണ് പ്രധാന പരിഗണനയിലുള്ളത്.

നേമം ഉള്‍പ്പെടെ തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റികള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇന്ന്‌ (മാര്‍ച്ച് 13, വെള്ളി) ചേരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയുടെ സുപ്രധാന യോഗത്തില്‍ സ്ഥാനാര്‍ഥികളെ കുറിച്ച് അന്തിമ ധാരണയാകും. തിരുവന്തപുരം ഡി സി സിയുടെ സാധ്യതാ പട്ടികക്ക് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സി ഇ സി) അംഗീകാരം നല്‍കിയാല്‍, സി പി എമ്മിന്റെ സിറ്റിംഗ് എം എല്‍ എയായ മന്ത്രി വി ശിവന്‍കുട്ടിക്കും ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനുമെതിരെ ശബരിനാഥന്‍ നേമത്ത് മത്സരത്തിനിറങ്ങും. ഇതുവരെ 31 സ്ഥാനാര്‍ഥികളുടെ പട്ടികക്ക് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. സിറ്റിംഗ് എം എല്‍ എമാരായ കെ ബാബു, ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരൊഴികെ 20 സിറ്റിംഗ് എം എല്‍ എമാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനു പുറമെ സംവരണ സീറ്റുകളിലേക്കും ഏതാനും ജനറല്‍ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക അന്തിമമാക്കിയിട്ടുണ്ട്. പെരുമ്പാവൂരിലെ സിറ്റിംഗ് എം എല്‍ എ. എല്‍ദോസ് കുന്നപ്പിള്ളിയെ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൊച്ചിയിലേക്ക് മാറ്റി പകരം പെരുമ്പാവൂര്‍ സീറ്റ് എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് നല്‍കാനുമാണ് നേതൃത്വം ആലോചിക്കുന്നത്. എന്നാല്‍ എല്‍ദോസ് ഈ നിര്‍ദേശം അംഗീകരിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയമായി പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരം സെന്‍ട്രല്‍ യു ഡി എഫ് സഖ്യകക്ഷിയായ സി എം പിക്ക് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ധാരണയായിട്ടുണ്ട്. ഇതോടെ യു ഡി എഫ് പ്രമുഖനായ സി എം പി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ ഇവിടെ സ്ഥാനാര്‍ഥിയാകുമെന്നുറപ്പായി.

ഇതിനിടെ, തിരുവനന്തപുരത്ത് ഓഫീസ് ഉള്‍പ്പെടെ തുറന്ന് പ്രചാരണം തുടങ്ങിയ വി എസ് ശിവകുമാറിനെ അരുവിക്കര മണ്ഡലത്തിലേക്കാണ് പരിഗണിക്കുന്നത്. വര്‍ക്കലയില്‍ ഡോ. എസ് എസ് ലാലിന്റെ പേരിനാണ് മുന്‍ഗണന. സി പി ഐയുടെ സിറ്റിങ് എം എല്‍ എയും മന്ത്രിയുമായ ജി ആര്‍ അനിലിനെതിരെ നെടുമങ്ങാട്ട് അടുത്തിടെ കോണ്‍ഗ്രസ്സിലെത്തിയ സി പി ഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം മീനാങ്കല്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കാനാണ് ആലോചിക്കുന്നത്. വാമനപുരത്ത് പാലോട് രവിയും സുധീര്‍ ഷാ പാലോടുമാണ് അന്തിമ പരിഗണനയിലുള്ളത്. കഴക്കൂട്ടത്ത് കെ പി സി സി അംഗം ജെ എസ് അഖിലിന്റെ പേരിനാണ് മുന്‍ഗണന. കെ പി സി സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദിന്റെ പേരും അവസാന നിമിഷം പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. കൊട്ടാരക്കരയില്‍ മുന്‍ സി പി എം. എം എല്‍ എ ഐഷ പോറ്റിയും കൊല്ലം മണ്ഡലത്തില്‍, സൂരജ് രവിയെയുമാണ് ജില്ലാ നേതൃത്വം ഔദ്യോഗികമായി ശിപാര്‍ശ ചെയ്തിരിക്കുന്നത്. ജില്ലയില്‍ ഐഷാ പോറ്റിക്കും ബിന്ദുകൃഷ്ണക്കും ഒരേസമയം സീറ്റു നല്‍കുന്നതില്‍ നിലനില്‍ക്കുന്ന അതൃപ്തി ചൂണ്ടിക്കാട്ടിയാണ് സൂരജ് രവിക്കായി ശിപാര്‍ശ പോയത്. എന്നാല്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണയോടെ ബിന്ദു കൃഷ്ണ കൊല്ലത്ത് രണ്ടാം തവണയും മത്സരിക്കാനായി ചരടുവലികള്‍ തുടരുന്നുണ്ട്.

 

---- facebook comment plugin here -----

Latest