Connect with us

Kerala

കൊച്ചിയില്‍ നിന്ന് പഴങ്ങളും പച്ചക്കറിയും; ഗള്‍ഫ് നാടുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ലുലുവിന്റെ ചാര്‍ട്ടേഡ് കാര്‍ഗോ സര്‍വീസുകള്‍

പ്രാദേശിക കാര്‍ഷിക വിപണിയുമായി കൈകോര്‍ത്ത് ലുലു. കുവൈത്ത് എയര്‍വെയ്‌സിന്റെ കാര്‍ഗോ വിമാനം 36 ടണ്‍ പഴം-പച്ചക്കറികളും വഹിച്ച് മടങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍.

Published

|

Last Updated

കൊച്ചി | ഗള്‍ഫ് നാടുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ലുലുവിന്റെ ചാര്‍ട്ടേഡ് കാര്‍ഗോ സര്‍വീസുകള്‍. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കുവൈത്ത് എയര്‍വെയ്‌സിന്റെ കാര്‍ഗോ വിമാനം 36 ടണ്‍ പഴം-പച്ചക്കറികളും വഹിച്ച് ഇന്നലെ രാവിലെ 10:45ന് മടങ്ങി. കഴിഞ്ഞ ദിവസം അബൂദബിയിലേക്ക് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പ്രത്യേക കാര്‍ഗോ വിമാനത്തില്‍ 80 ടണ്‍ ഭക്ഷ്യോത്പന്നങ്ങള്‍ യു എ ഇയില്‍ എത്തിച്ചതിന് പുറമേയാണിത്. ഭക്ഷ്യസുരക്ഷയും വില സ്ഥിരതയും ഉറപ്പാക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ എത്തിച്ച് ഭക്ഷ്യ ഭദ്രത ഉറപ്പാക്കുകയാണ് ലുലു മാനേജ്‌മെന്റും എം എ യൂസഫലിയും ലക്ഷ്യമിടുന്നത്.

അബൂദബി ഉള്‍പ്പടെയുള്ള ജി സി സി രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യത സുസ്ഥിരമായി ഉറപ്പാക്കുകയാണ് ലക്ഷ്യം. ചാര്‍ട്ടേഡ് വിമാന സര്‍വീസിനു പുറമേ നിത്യേനയുള്ള വിമാന സര്‍വീസുകളിലായി ദിനംപ്രതി- അഞ്ച് മുതല്‍ ആറ് ടണ്‍ വരെ ഭക്ഷ്യോത്പന്നങ്ങള്‍ ലുലുവിന്റെ കയറ്റുമതി വിഭാഗമായ ലുലു ഫെയര്‍ എക്‌സ്‌പോര്‍ട്ട് വഴി കയറ്റിയയക്കുന്നുണ്ട്. വിവിധ ജി സി സി രാജ്യങ്ങളിലേക്കായി ഇത്തിഹാദ് എയര്‍, എയര്‍ അറേബ്യ, സഊദി എയര്‍, ഫ്‌ളൈ എമിറേറ്റ്‌സ്, ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ തുടങ്ങിയ യാത്രാ വിമാനങ്ങളിലായിട്ടാണ് ലുലു ഫെയര്‍ എക്‌സ്‌പോര്‍ട്ട് കാര്യക്ഷമമായി ഭക്ഷ്യോത്പന്നങ്ങള്‍ കയറ്റിയയക്കുന്നത്.

പ്രാദേശിക കാര്‍ഷിക വിപണിക്ക് കരുത്തേകുന്ന നീക്കം കൂടിയാണിത്. കേരളത്തില്‍ നിന്നും കൂടുതല്‍ കാര്‍ഗോ വിമാന സര്‍വീസുകള്‍ വരും ദിവസങ്ങളിലും തുടരാനാണ് ലുലു ഗ്രൂപ്പിന്റെ തീരുമാനം. ഡല്‍ഹി, ബെംഗ്ലൂരു, മുംബൈ തുടങ്ങിയ വിപണികളില്‍ നിന്നും ഭക്ഷ്യോത്പന്നങ്ങള്‍ ഗള്‍ഫ് മേഖലയിലേക്ക് പ്രത്യേക വിമാനങ്ങളിലായി ലുലു കയറ്റുമതി ചെയ്യുന്നുണ്ട്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സംഘര്‍ഷം കനത്തതോടെ പ്രതിസന്ധിയിലായ കേരളത്തിലെ കയറ്റുമതി മേഖലയില്‍ കോടികളുടെ നഷ്ടമാണ് നേരിടേണ്ടി വന്നിരുന്നത്. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അടിയന്തിരമായി വിഷയത്തില്‍ ഇടപെടുകയും സര്‍ക്കാര്‍ സംവിധാനങ്ങളുമായി സംസാരിച്ചു മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുകയും ചെയ്തു.

കുവൈത്തിലേക്ക് ഭക്ഷ്യോത്പ്പന്നങ്ങള്‍ എത്തിക്കാനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കുവൈത്ത് എയര്‍വേയ്‌സിന്റെ കാര്‍ഗോ വിമാനം.

 

---- facebook comment plugin here -----

Latest