Kerala
ശബരിമല യുവതീ പ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ല- എം വി ഗോവിന്ദന്‍
ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച്, നിയമവിദഗ്ധരുമായി ആലോചിച്ചാകും സര്‍ക്കാര്‍ മുന്നോട്ട് പോകുക.
തിരുവനന്തപുരം | ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സി പി എം നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉചിതമായ നിലപാട് അറിയിക്കുമെന്നും നിയമപരമായ കാര്യങ്ങള്‍ നോക്കിയിട്ട് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സി പി എം എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും പാര്‍ട്ടി നിലപാടില്‍ നിലവില്‍ മാറ്റമൊന്നും ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച്, നിയമവിദഗ്ധരുമായി ആലോചിച്ചാകും സര്‍ക്കാര്‍ മുന്നോട്ട് പോകുക. കോടതിയുടെ പരിഗണനയിലുള്ള ഏഴ് ചോദ്യങ്ങളില്‍ യുവതീപ്രവേശനം വേണോ വേണ്ടയോ എന്നുള്ള കാര്യം നേരിട്ട് വരുന്നില്ലെന്നും ഇത് എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന ഭരണഘടനാപരമായ പരിശോധനയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ആചാരങ്ങളെ സംബന്ധിച്ച കാര്യങ്ങളില്‍ പണ്ഡിതരുമായും വിദഗ്ധരുമായും ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കണമെന്ന പൊതുവായ നിലപാടാണ് പാര്‍ട്ടിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




