Connect with us

National

നിര്‍ബന്ധിത ആര്‍ത്തവ അവധി ആവശ്യം; തൊഴിലുടമകള്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ താത്പര്യം കാണിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന് സുപ്രീം കോടതി

തൊഴിലിടങ്ങളില്‍ നിര്‍ബന്ധിത ആര്‍ത്തവ അവധി ഏര്‍പ്പെടുത്തുന്നതിനായി ഇടപെടണമെന്ന ഹരജി കോടതി തീര്‍പ്പാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | ജോലിക്കാരായ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നിര്‍ബന്ധിത ആര്‍ത്തവ അവധി ഏര്‍പ്പെടുത്തുന്നതിനായി ഇടപെടണമെന്ന ഹരജി സുപ്രീം കോടതി തീര്‍പ്പാക്കി. ആര്‍ത്തവ അവധി നിയമപരമായി നിര്‍ബന്ധമാക്കിയാല്‍ തൊഴിലുടമകള്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ താത്പര്യം കാണിക്കാത്ത സ്ഥിതി വരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്.

ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവന്നാല്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ പിന്നിലാണെന്ന തെറ്റായ ധാരണ സമൂഹത്തില്‍ പടരാന്‍ ഇടയാക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ആര്‍ത്തവം എന്നത് എന്തോ മോശം കാര്യമാണെന്ന ചിന്താഗതി തൊഴിലുടമകള്‍ക്കിടയില്‍ വളരാന്‍ ഇത് കാരണമാകും. തൊഴിലുടമകളുടെ മനോഭാവം നിങ്ങള്‍ക്കറിയില്ല, ഇത്തരമൊരു നിയമം വന്നാല്‍ അവര്‍ സ്ത്രീകളെ ജോലിക്കെടുക്കുന്നത് അവസാനിപ്പിക്കുമെന്നും ഹരജിക്കാരനോട് കോടതി വിശദീകരിച്ചു. ബോധവത്ക്കരണവും നിയമപരമായ നിര്‍ബന്ധവും വ്യത്യസ്ത കാര്യങ്ങളാണെന്നും കോടതി വ്യക്തമാക്കി.

ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചിരുന്നുവെന്ന കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ എം ആര്‍ ഷംഷാദ് ചൂണ്ടിക്കാട്ടി. പല സ്വകാര്യ കമ്പനികളും നിലവില്‍ ഇത്തരത്തില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം സ്വമേധയാ നടപ്പിലാക്കുന്ന രീതികളാണെന്നും നിയമം വഴി അടിച്ചേല്‍പ്പിക്കാനാകില്ലെന്നുമായിരുന്നു കോടതിയുടെ പ്രതികരണം.

 

 

 

 

---- facebook comment plugin here -----

Latest