Kerala
ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയെന്ന് പരാതി
അടൂര്‍ ഏനാദിമംഗലം കുന്നിട പ്രദീപ് ഭവനില്‍ പ്രദീപ് (40)ന്റെ മൃതദേഹമാണ് അഴുകിയ നിലയിലായത്.
പത്തനംതിട്ട | അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയെന്ന പരാതിയുമായി ബന്ധുക്കള്‍. ഫ്രീസര്‍ തകരാറിലായതാണ് മൃതദേഹം അഴുകാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. അടൂര്‍ ഏനാദിമംഗലം കുന്നിട പ്രദീപ് ഭവനില്‍ പ്രദീപ് (40)ന്റെ മൃതദേഹമാണ് അഴുകിയ നിലയിലായത്.
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പ്രദീപിന്റെ മൃതദേഹം വ്യാഴാഴ്ച 6.30നാണ് ഏനാത്ത് പോലീസ് അടൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്. അന്ന് ഉച്ചക്കാണ് മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11ന് പ്രദീപിന്റെ ബന്ധുക്കളും ഡോക്ടറും മോര്‍ച്ചറിയില്‍ എത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഇതോടെ ഫ്രീസറില്‍ ആവശ്യത്തിന് തണുപ്പില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഇതേത്തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍ വിസമ്മതിച്ചു. ഉച്ചയായിട്ടും മൃതദേഹ പരിശോധന നടന്നില്ല. ഇതിനിടയില്‍ മൃതദേഹം പത്തനംതിട്ടയിലേക്ക് മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇതോടെ ആശുപത്രിയില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. തുടര്‍ന്ന് പൊതുപ്രവര്‍ത്തകരും കൂടി സ്ഥലത്തെത്തി ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തി.
മോര്‍ച്ചറിയിലെ ഫ്രീസറിന് തകരാര്‍ ഇല്ലായിരുന്നുവെന്നും മൃതദേഹം ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ പഴകിയിരുന്നതായും ആശുപത്രി സൂപ്രണ്ട് ഡോ. രചന ചിദംബരം ചര്‍ച്ചയില്‍ വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ തണുപ്പടിച്ചപ്പോഴാകാം കൂടുതല്‍ പ്രശ്‌നമുണ്ടായതെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. മൃതദേഹം പോലീസ് ചെലവില്‍ പത്തനംതിട്ടയില്‍ കൊണ്ടുപോയി പോലീസ് സര്‍ജനെ കൊണ്ട് പരിരോധിപ്പിക്കാമെന്ന ഉറപ്പില്‍ പ്രശ്‌നം അവസാനിച്ചു. മൃതദേഹം പരിശോധനക്കു ശേഷം സംസ്‌കരിച്ചു.



