Kerala
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ് ഐ ടി ദേവസ്വം ബെഞ്ച് മുന്‍പാകെ സമര്‍പ്പിക്കും
കൊച്ചി | ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് നേരിട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അതോടൊപ്പം ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും എസ് ഐ ടി ദേവസ്വം ബെഞ്ച് മുന്‍പാകെ സമര്‍പ്പിക്കും. മാര്‍ച്ച് 31നകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കുമെന്നായിരുന്നു കഴിഞ്ഞ തവണ എസ് ഐ ടി ഹൈക്കോടതിയെ അറിയിച്ചത്.
2017ല്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും സി പി എം നേതാവ് കെ രാഘവനും അംഗങ്ങളുമായ ബോര്‍ഡിന്റെ കാലത്തായിരുന്നു കൊടിമര പുനഃപ്രതിഷ്ഠ നടന്നത്. കൊടിമരത്തിനു സംഭാവനയായി ലഭിച്ച സ്വര്‍ണം കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായെന്നും സ്വര്‍ണ്ണം സംഭാവന നല്‍കിയവര്‍ക്ക് കൃത്യമായ രസീത് പോലും നല്‍കിയിട്ടില്ലെന്നും ദേവസ്വം വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
കൊടിമര പ്രതിഷ്ഠയ്ക്ക് സ്വര്‍ണം സംഭാവന നല്‍കിയ ദേവസ്വം രേഖകളിലുള്ള നാല് പേരുടെ വിവരങ്ങള്‍ ഇതുവരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നടന്‍ മോഹന്‍ലാലും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുമടക്കം 23 പേരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ഇതുവരെ മൊഴിയെടുത്തവര്‍ നല്‍കിയ വിവരമനുസരിച്ച് കൊടിമര നിര്‍മാണത്തിന്റെ മറവില്‍ സ്വര്‍ണക്കൊള്ള നടന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന.


