FIFA WORLD CUP 2026
ആതിഥേയർക്ക് ആഫ്രിക്കൻ ചലഞ്ച്; കിക്കോഫ് വിസിൽ
മെക്‌സിക്കോ- ദക്ഷിണാഫ്രിക്ക മത്സരത്തോടെ തുടക്കം
മെക്‌സിക്കോ സിറ്റി| കാൽപ്പന്തിന്റെ ആവേശയല തീർത്ത് ഫിഫ ലോകകപ്പിലെ ആദ്യ മത്സരം ഇന്ന് മെക്‌സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്‌ടെക്കയിൽ. ഇന്ത്യൻ സമയം രാത്രി 12.30ന് എ ഗ്രൂപ്പിൽ സഹ ആതിഥേയരായ മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയെ നേരിടും. 2010 ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ തനിയാവർത്തനമാകുമിത്. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച 2010 ലോകകപ്പിൽ ജൊഹന്നാസ് ബർഗിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്ക മെക്‌സിക്കോയെ നേരിട്ടപ്പോൾ ഇരു ടീമുകളും ഓരോ ഗോളുകളടിച്ച് ബലാബലത്തിലായിരുന്നു.
ഫിഫ ലോകകപ്പിന് മൂന്ന് തവണ ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയോടെയാണ് മെക്‌സിക്കോ സോക്കർ ആവേശത്തിന്റെ കൊടുമുടിയിലേക്ക് ലോകത്തെ കൊണ്ടെത്തിക്കുന്നത്. 1970ലും 1980ലും ലോകകപ്പ് മെക്‌സിക്കൻ മൈതാനങ്ങളിലായിരുന്നു.
ഫിഫ റാങ്കിംഗിൽ 14ാം സ്ഥാനത്തുള്ള മെക്‌സിക്കോ കോൺകകാഫ് മേഖലയെയാണ് പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ കോൺകകാഫ് നാഷൻസ് ലീഗും ഗോൾഡ് കപ്പും നേടിയെങ്കിലും 2025ലെ അവസാന ആറ് സൗഹൃദ മത്സരങ്ങളിൽ ഒന്ന് പോലും വിജയിക്കാൻ മെക്‌സിക്കോക്കായിട്ടില്ല. എന്നാൽ ഈ വർഷം യൂറോപ്യൻ ശക്തികളായ പോർച്ചുഗലിനെയും ബെൽജിയത്തെയും സമനിലയിൽ തളക്കാനായ ആത്മവിശ്വാസമുണ്ടവർക്ക്. ഘാന, ആസ്‌ത്രേലിയ, സെർബിയ എന്നിവക്കെതിരെ സൗഹൃദ മത്സരത്തിൽ വിജയിച്ചതിന്റെ ആത്മവീര്യവുമായാണ് ആതിഥേയർ സ്വന്തം മൈതാനത്ത് പന്ത് തട്ടാനൊരുങ്ങുന്നത്. 1994 മുതൽ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഏഴ് മത്സരങ്ങളിലും മെക്‌സിക്കോ തോൽവിയറിഞ്ഞിട്ടില്ല.
16 വർഷങ്ങൾക്കു മുന്പ് ആദ്യമായി ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ലോകവേദിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. യോഗ്യതാ റൗണ്ട് കടക്കാനാകാത്തതിനാൽ 2014, 2018, 2022 ലോകകപ്പുകളിൽ ദക്ഷിണാഫ്രിക്കക്ക് ഇടം ലഭിച്ചിരുന്നില്ല. ഫിഫ റാങ്കിംഗിൽ 60ാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. ഈ വർഷം തുടക്കത്തിൽ ആഫ്രിക്ക കപ്പ് ഓഫ് നാഷൻസ് പ്രീ ക്വാർട്ടറിൽ പോരാട്ടം അവസാനിപ്പിച്ച അവർക്ക്, കഴിഞ്ഞ നാല് സൗഹൃദ മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനായിട്ടില്ല. നാല് തവണ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മെക്‌സിക്കോ രണ്ടെണ്ണത്തിൽ ജയിച്ചു. ദക്ഷിണാഫ്രിക്കക്ക് ജയിക്കാനായത് ഒന്നിൽ മാത്രം. ഒരു മത്സരം സമനിലയിൽ പിരിഞ്ഞു.
Content Highlights:
The FIFA World Cup begins today with host nation Mexico taking on South Africa at Estadio Azteca. This opening match repeats the 2010 tournament opener which ended in a 1-1 draw. Mexico makes history as the first country to host the prestigious football tournament three times.







