Kerala
അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബര്‍ അഞ്ചിന്; സ്വാഗത സംഘം രൂപീകരണ യോഗം ഓഗസ്റ്റ് ഒന്നിന് മര്‍കസില്‍
ആഗസ്റ്റ് 13ന് ആരംഭിക്കുന്ന 'അൽ മഹബ്ബ' റബീഉൽ അവ്വൽ ക്യാമ്പയിന്റെ സമാപനമായാണ് കോഴിക്കോട് മീലാദ് സമ്മേളനം നടക്കുക.
കോഴിക്കോട്| മർകസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ അഞ്ച് ശനിയാഴ്ച കോഴിക്കോട് നടക്കും. രാജ്യാന്തര പ്രശസ്ത പണ്ഡിതരും മുഫ്തിമാരും യൂണിവേഴ്‌സിറ്റി തലവന്മാരും ദേശീയ പ്രതിനിധികളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. ആഗസ്റ്റ് 13ന് ആരംഭിക്കുന്ന ‘അൽ മഹബ്ബ’ റബീഉൽ അവ്വൽ ക്യാമ്പയിന്റെ സമാപനമായാണ് കോഴിക്കോട് മീലാദ് സമ്മേളനം നടക്കുക.
പ്രവാചകൻ മുഹമ്മദ് നബി (സ്വ) യെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. തിരുനബി ദർശനങ്ങളും മൊഴികളും കൂടുതൽ പ്രസക്തിയാർജിക്കുന്ന സമകാലികാന്തരീക്ഷത്തിൽ അവ കൂടുതൽ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ദൗത്യം.
അന്താരാഷ്‌ട്ര പ്രകീർത്തന സംഘങ്ങളുടെ മൗലിദ് സദസ്സ്, സാദത്ത് സംഗമം, സെമിനാർ, പൗര പ്രമുഖരുടെയും പണ്ഡിതരുടെയും സംഗമം തുടങ്ങി വിവിധ പരിപാടികളാണ് സമ്മേളന ദിവസം നടക്കുക. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ മദ്റസകളിലെ ദഫ്, സ്‌കൗട്ട് സംഘങ്ങൾ അണിനിരക്കുന്ന മീലാദ് ഘോഷയാത്രയും നഗരത്തിൽ നടക്കും.
മീലാദ് സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ക്രമീകരിക്കുന്നതിനും പദ്ധതികൾ വിജയിപ്പിക്കുന്നതിനുമായി ആഗസ്റ്റ് 1ന് മർകസിൽ വിപുലമായ സ്വാഗതസംഘ രൂപീകരണയോഗം നടക്കും. വൈകുന്നേരം 4 മുതൽ കാമിൽ ഇജ്തിമ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ മർകസ് സാരഥികൾ, സുന്നി പ്രാസ്ഥാനിക ഘടകങ്ങളുടെ സംസ്ഥാന, ജില്ലാ, സോൺ, പ്രാദേശിക ഭാരവാഹികൾ, പണ്ഡിതന്മാർ, സാദാത്തുക്കൾ, വളണ്ടിയർമാർ സംബന്ധിക്കും.
Content Highlights:
The Markaz International Milad Conference will take place in Kozhikode on September 5, culminating the Al Mahabba campaign starting August 13. Indian Grand Mufti Kanthapuram A P Aboobacker Musliyar will deliver the keynote address. The event features scholars, seminars, and a grand rally.




