Kerala
തൃക്കാക്കരയില്‍ യുവാക്കളെ അതിക്രൂരമായി ആക്രമിച്ച കേസ്; പ്രതികള്‍ കോഴിക്കോട് പിടിയില്‍
കഴിഞ്ഞ രാത്രിയിലാണ് തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കള്‍ക്ക് മര്‍ദനമേറ്റത്. ഇതില്‍ ഒരാള്‍ ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ചികിത്സയിലാണ്
കോഴിക്കോട് | തൃക്കാക്കരയില്‍ യുവാക്കളെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ മൂന്ന് പേര്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി ഷെഫിന്‍, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി വിദീഷ് എന്നിവരാണ് ഇന്ന് കോഴിക്കോടുനിന്ന് പിടിയിലായത്. പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ നേതാവിന്റെ കൂട്ടാളികളാണ് ഇവര്‍ എന്നാണു വിവരം. കഴിഞ്ഞ രാത്രിയിലാണ് തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കള്‍ക്ക് മര്‍ദനമേറ്റത്. ഇതില്‍ ഒരാള്‍ ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ചികിത്സയിലാണ്
സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടു തലേന്നുള്ള ചടങ്ങില്‍ പങ്കെടുത്തശേഷം രണ്ടു ബൈക്കുകളിലായി മടങ്ങുകയായിരുന്നു യുവാക്കള്‍. ഇതിനിടെ കാറിലെത്തിയവരുമായി സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേക്കു വഴിമാറുകയായിരുന്നു. പ്രതികള്‍ ഇടിവള കൊണ്ട് മുഖത്ത് ആക്രമിക്കുകയും ദേഹത്ത് ചവിട്ടുകയും ചെയ്തു. ആക്രമണത്തില്‍ ഒരു യുവാവിന്റെ താടിയെല്ല് പൊട്ടുകയും പല്ലിന് ഇളക്കം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
മര്‍ദനത്തില്‍ പരുക്കേറ്റ യുവാക്കളെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൂര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
Content Highlights: Police arrested three gang members from Kozhikode for brutally assaulting three youths near Thrikkakara NGO Quarters. The altercation started over giving side to a car while the victims returned from a friend’s wedding function. One victim sustained serious injuries, including a broken jaw.




