Ongoing News
വിശ്വകിരീടത്തില്‍ മുത്തമിട്ടത് എട്ട് രാഷ്ട്രങ്ങള്‍; അഞ്ചടിച്ച് നെറുകയില്‍ ബ്രസീല്‍
ബ്രസീല്‍, ജര്‍മനി, ഇറ്റലി, അര്‍ജന്റീന, യുറുഗ്വേ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നിവയാണ് ഇതുവരെ ലോകകപ്പ് ജേതാക്കളായത്.
സൂറിച്ച് | ‘ജൂലെസ് റിമെറ്റ്’ ട്രോഫിയില്‍ നിന്ന് പിന്നീട് ഫിഫ വേള്‍ഡ് കപ്പ് ട്രോഫിയിലേക്ക് പുനര്‍നാമകരണം ചെയ്യപ്പെട്ട ഫുട്‌ബോളിന്റെ വിശ്വകിരീടത്തില്‍ മുത്തമിടാന്‍ ഇതുവരെ സൗഭാഗ്യം ലഭിച്ചത് എട്ട് രാഷ്ട്രങ്ങള്‍ക്ക്. ബ്രസീല്‍, ജര്‍മനി, ഇറ്റലി, അര്‍ജന്റീന, യുറുഗ്വേ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നിവയാണവ. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ തവണ കപ്പ് കരസ്ഥമാക്കിയ ടീമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത് കാനറികള്‍ എന്നറിയപ്പെടുന്ന ബ്രസീലും. അഞ്ച് തവണയാണ് മഞ്ഞപ്പട ലോകകപ്പ് കിരീടം ചൂടിയത്. 2002 ലോകകപ്പിലായിരുന്നു ബ്രസീലിന്റെ അഞ്ചാമത്തെ കിരീടധാരണം. കലാശത്തില്‍ ജര്‍മനിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ബ്രസീല്‍ ചാമ്പ്യന്മാരായത്.
1958, 1962, 1970, 1994, 2002 ലോകകപ്പുകളാണ് ബ്രസീല്‍ തങ്ങളുടേതാക്കിയത്. നാല് തവണ വീതം കപ്പ് നേടിയ ജര്‍മനിയും ഇറ്റലിയുമാണ് രണ്ടാമതുള്ളത്. 1954, 1974, 1990, 2014 വര്‍ഷങ്ങളിലാണ് ജര്‍മനി വിശ്വചാമ്പ്യന്മാരായതെങ്കില്‍ 1934, 1938, 1982, 2006 ടൂര്‍ണമെന്റിലായിരുന്നു ഇറ്റലി വിജയകാഹളം മുഴക്കിയത്. അര്‍ജന്റീനയാണ് മൂന്നാമത്-മൂന്ന് കപ്പുകള്‍ (1978, 1986, 2022). യുറുഗ്വേ (1930, 1950), ഫ്രാന്‍സ് (1998, 2018), ഇംഗ്ലണ്ട് (1966), സ്‌പെയിന്‍ (2010) എന്നിവയാണ് പിറകെ വരുന്നത്.
2002ന് ശേഷമുള്ള നാല് ടൂര്‍ണമെന്റുകളില്‍ (2006, 2010, 2014, 2018) യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ആധിപത്യമാണ് ലോകകപ്പില്‍ കണ്ടത്. യഥാക്രമം ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ് എന്നിവയായിരുന്നു ജേതാക്കള്‍. 2006ല്‍ ഇറ്റലിയും 2014ല്‍ ജര്‍മനിയും തങ്ങളുടെ നാലാമത്തെ കപ്പാണ് നേടിയത്. അതേസമയം, 2010ല്‍ സ്‌പെയിന്‍ ആദ്യ തവണ ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തി. 2018ല്‍ ഫ്രാന്‍സ് നേടിയെടുത്തത് തങ്ങളുടെ രണ്ടാം ലോകകിരീടമാണ്. 2022ല്‍ അര്‍ജന്റീനയാണ് യൂറോപ്യന്‍ ആധിപത്യത്തെ തകര്‍ത്ത് നാലാം തവണ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയായിരുന്നു അര്‍ജന്റീനയുടെ മൂന്നാം കിരീടധാരണം. ആവേശം കത്തിനിന്ന കലാശപ്പോരില്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോഴാണ് ടൈബ്രേക്കറിലേക്ക് മത്സരമെത്തിയത്.
വിശ്വഫുട്‌ബോള്‍ രാജാക്കന്മാരായ ടീമുകളില്‍ യുറുഗ്വേയാണ് ഏറ്റവും കൂടുതല്‍ കാലം കിരീട വരള്‍ച്ച നേരിട്ടത് എന്നതും ശ്രദ്ധേയമാണ്. 1950നു ശേഷം യുറുഗ്വേക്ക് കപ്പ് നേടാനായിട്ടില്ല. അതേസമയം, 1966ല്‍ സ്വന്തം മണ്ണില്‍ വച്ചാണ് ഇംഗ്ലണ്ട് തങ്ങളുടെ കന്നി ലോകകപ്പ് നേടിയത്. വെംബ്ലിയില്‍ നടന്ന ഫൈനലില്‍ പശ്ചിമ ജര്‍മനിയെയാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ഇംഗ്ലണ്ട് താരം ജിയോഫ് ഹേസ്റ്റിന്റെ ഹാട്രിക്കായിരുന്നു കലാശക്കളിയിലെ സവിശേഷത.







