FIFA WORLD CUP 2026
ലോകകപ്പ് ചരിത്രത്തിലെ അതിപ്രധാന 12 കിരീട പോരാട്ടങ്ങൾ
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ചാമ്പ്യന്മാരെ കണ്ടെത്തിയ മത്സരമാണ് 1994ലെ ബ്രസീൽ- ഇറ്റലി മത്സരം
2022 അർജന്റീന- ഫ്രാൻസ്
ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും നേർക്കുനേർ. ഫ്രാൻസിന്റെ തിരിച്ചുവരവ്, എംബാപ്പെയുടെ ഹാട്രിക്, അധിക സമയത്തെ ആവേശം, ഒടുവിൽ ഷൂട്ടൗട്ടിൽ ആൽബിസെലെസ്റ്റൻ വിജയഘോഷം.
1954 പശ്ചിമ ജർമനി- ഹംഗറി
തോൽവി ഉറപ്പായിരുന്ന പശ്ചിമ ജർമനി ഫേവറൈറ്റുകളായ ഹംഗറിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അട്ടിമറിച്ച അവിശ്വസനീയമായ വിജയം. “ബേണിലെ അത്ഭുതം’ എന്നാണ് ഈ ഫൈനൽ അറിയപ്പെടുന്നത്. സ്വിറ്റ്‌സർലാൻഡിലെ ബേൺ നഗരത്തിലായിരുന്നു ഫൈനൽ.
1986 അർജന്റീന- പശ്ചിമ ജർമനി
ആവേശകരമായ മത്സരത്തിൽ പശ്ചിമ ജർമനിക്കെതിരെ അർജന്റീനക്ക് 3-2 ജയം. അർജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണ ഗോൾ നേടിയില്ലെങ്കിലും ടീമിനെ നയിച്ചത് മറഡോണയാണ്. 2-2 സമനിലക്ക് ശേഷം വിജയഗോളിന് വഴിയൊരുക്കിയ അസ്സിസ്റ്റ് നൽകിയത് മറഡോണയായിരുന്നു.
1970 ബ്രസീൽ- ഇറ്റലി
രണ്ട് മുൻ ലോക ചാമ്പ്യന്മാർ തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടിയ ആദ്യ മത്സരം. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഇറ്റലിയെ തകർത്ത് ബ്രസീൽ മൂന്നാം ലോക കിരീടം സ്വന്തമാക്കി. ജയത്തോടെ മൂന്ന് ലോകകപ്പ് നേടുന്ന ഒരേയൊരു താരമെന്ന ചരിത്ര റെക്കോർഡ് ബ്രസീലിയൻ ഇതിഹാസം പെലെ സ്വന്തമാക്കി.
1966 ഇംഗ്ലണ്ട്- പശ്ചിമ ജർമനി
4-2ന് ഇംഗ്ലണ്ടിന്റെ ജയം. ലോകകപ്പ് ഫൈനലിൽ ആദ്യമായി ഹാട്രിക് നേടിയ താരമായി ഇംഗ്ലണ്ടിന്റെ ജിയോഫ് ഹർസ്റ്റ് മാറി. തങ്ങളുടെ ഏക ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കിയത് അന്നാണ്.
2010 സ്‌പെയിൻ- നെതർലാൻഡ്‌സ്
നിശ്ചിത സമയത്ത് ഗോൾരഹിതമായതിനെത്തുടർന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ നെതർലാൻഡ്സിനെ 1-0ന് പരാജയപ്പെടുത്തി സ്‌പെയിൻ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി. 116ാം മിനുട്ടിൽ സ്പാനിഷ് മിഡ്ഫീൽഡർ ആന്ദ്രേസ് ഇനിയേസ്റ്റ നേടിയ ഐതിഹാസിക ഗോളാണ് സ്‌പെയിനിന് ലോകകിരീടം സമ്മാനിച്ചത്.
2006 ഇറ്റലി- ഫ്രാൻസ്
പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 5-3ന് പരാജയപ്പെടുത്തി ഇറ്റലി തങ്ങളുടെ നാലാമത്തെ ലോകകിരീടം സ്വന്തമാക്കി. നിശ്ചിത സമയത്തും അധികസമയത്തും 1-1 എന്ന സമനിലയിൽ അവസാനിച്ചതിനെത്തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും നാടകീയവും വിവാദപരവുമായ ഫൈനലുകളിലൊന്നായിരുന്നു ഇത്.
മത്സരത്തിന്റെ 110-ാം മിനുട്ടിൽ ഫ്രഞ്ച് നായകൻ സിനദിൻ സിദാൻ ഇറ്റാലിയൻ ഡിഫൻഡർ മാർക്കോ മറ്റെരാസിയുടെ നെഞ്ചിലേക്ക് തലകൊണ്ട് ഇടിച്ചു വീഴ്ത്തി. റഫറി സിദാന് ചുവപ്പ് കാർഡ് നൽകി പുറത്താക്കി. തന്റെ കരിയറിലെ അവസാന മത്സരത്തിൽ സിദാൻ തലകുനിച്ച് ലോകകപ്പ് ട്രോഫിക്കരികിലൂടെ നടന്നുപോയ ദൃശ്യം ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വികാരനിർഭരമായ ഓർമയാണ്.
1974 പശ്ചിമ ജർമനി- നെതർലാൻഡ്‌സ്
നെതർലാൻഡ്സിനെ 2-1ന് പരാജയപ്പെടുത്തി പശ്ചിമ ജർമനി തങ്ങളുടെ രണ്ടാമത്തെ ലോകകിരീടം സ്വന്തമാക്കി. ഫുട്‌ബോൾ ചരിത്രത്തിലെ രണ്ട് തത്ത്വശാസ്ത്രങ്ങളുടെ പോരാട്ടമായാണ് ഈ ഫൈനൽ അറിയപ്പെടുന്നത്. ഡച്ച് ടീമിന്റെ വിപ്ലവകരമായ ടോട്ടൽ ഫുട്‌ബോളും’ ജർമനിയുടെ കഠിനാധ്വാനവും അച്ചടക്കവും നിറഞ്ഞ ശൈലിയും.
1998 ഫ്രാൻസ്- ബ്രസീൽ
ബ്രസീലിനെ 3-0ന് തകർത്ത് ഫ്രാൻസ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി. ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ നേടിയ രണ്ട് ഹെഡ്ഡർ ഗോളുകളാണ് ഫ്രാൻസിന് ചരിത്രവിജയം സമ്മാനിച്ചത്. കരിയറിൽ അതുവരെ ഹെഡ്ഡർ ഗോളുകൾക്ക് അത്ര പ്രശസ്തനല്ലാതിരുന്ന സിദാൻ, രണ്ട് കോർണർ കിക്കുകളിൽ നിന്ന് മനോഹരമായ ഹെഡ്ഡറുകളിലൂടെയാണ് ഫ്രാൻസിനെ ആദ്യ പകുതിയിൽ 2-0ന് മുന്നിലെത്തിച്ചത്.
2014 ജർമനി- അർജന്റീന
അധിക സമയത്ത് അർജന്റീനക്ക് ദുരന്തമായ കലാശപ്പോരാട്ടം. ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തോൽപ്പിച്ച് ജർമനി തങ്ങളുടെ നാലാമത്തെ ലോകകിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് ഗോൾരഹിതമായതിനെത്തുടർന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ 113ാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ മാരിയോ ഗോട്‌സെ നേടിയ അതിമനോഹരമായ ഗോളാണ് അർജന്റീനയെ കണ്ണീരണിയിച്ചത്.
1985 ബ്രസീൽ- സ്വീഡൻ
ആതിഥേയരായ സ്വീഡനെ 5-2ന് തകർത്ത് ബ്രസീൽ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി. 17 വയസ്സ് മാത്രമുള്ള പെലെ തന്റെ ആദ്യ ലോകകപ്പ് ഫൈനൽ കളിച്ചതും ഇരട്ട ഗോളുകളോടെ ലോകശ്രദ്ധ നേടിയതും ഈ മത്സരത്തിലാണ്. ലോകകപ്പ് ഫൈനലിൽ കളിക്കുന്നതും ഗോൾ നേടുന്നതുമായ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി പെലെ മാറി.
1994 ബ്രസീൽ- ഇറ്റലി
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ചാമ്പ്യന്മാരെ കണ്ടെത്തിയ മത്സരം. ഇറ്റലിയെ 3-2 ന് പരാജയപ്പെടുത്തി ബ്രസീൽ തങ്ങളുടെ നാലാമത്തെ ലോകകിരീടം സ്വന്തമാക്കി. നിശ്ചിത സമയത്തും അധികസമയത്തും 0-0 സമനിലയിൽ അവസാനിച്ചതിനെത്തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
Content Highlights:
The history of the FIFA World Cup features legendary final matches filled with dramatic moments and iconic performances. Memorable tournaments include Argentina’s thrilling penalty shootout victory in 2022 and Pele’s historic breakthrough as a teenager in 1958. These classic encounters showcase intense football rivalries, unforgettable goals, and tactical masterclasses that shaped soccer history.







