Connect with us

National

ഗ്രാമീണ ഇന്ത്യയോട് കേന്ദ്രത്തിന്റേത് ക്രൂരമായ അവഗണന: അഡ്വ. ഹാരിസ് ബീരന്‍ എം പി

ഇന്ത്യയിലെ 65 ശതമാനം ജനങ്ങളും ഗ്രാമങ്ങളില്‍ വസിക്കുമ്പോഴും അവരുടെ തൊഴിലവസരങ്ങളും ആരോഗ്യവും മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ താല്പര്യം കാട്ടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിന്റെ നട്ടെല്ലായ ഗ്രാമീണ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ ബജറ്റിലും വികസന പദ്ധതികളിലും പൂര്‍ണ്ണമായി അവഗണിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് അഡ്വ. ഹാരിസ് ബീരന്‍ എം പി രാജ്യസഭയില്‍ ആരോപിച്ചു. ഇന്ത്യയിലെ 65 ശതമാനം ജനങ്ങളും ഗ്രാമങ്ങളില്‍ വസിക്കുമ്പോഴും അവരുടെ തൊഴിലവസരങ്ങളും ആരോഗ്യവും മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ താല്പര്യം കാട്ടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ പ്രകാരം ഗ്രാമീണ യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുമ്പോള്‍ തൊഴിലുറപ്പ് പദ്ധതികള്‍ക്കുള്ള വിഹിതം കുറച്ചതിനെ അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു. ഡിജിറ്റല്‍ ഇന്ത്യയുടെ പരസ്യങ്ങള്‍ കൊഴുക്കുമ്പോഴും ഭാരത് നെറ്റ് വഴി ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ വലിയ കുറവുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി.

ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേ പ്രകാരം അഞ്ച് വയസ്സില്‍ താഴെയുള്ള 35.5 ശതമാനം കുട്ടികള്‍ വളര്‍ച്ചാ മുരടിപ്പ് നേരിടുന്നത് ഗ്രാമീണ മേഖലയിലെ കടുത്ത പോഷകാഹാരക്കുറവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗ്രാമീണ യുവാക്കളെ പുനരുപയോഗ ഊര്‍ജ്ജം, അഗ്രോ പ്രോസസിങ് തുടങ്ങിയ മേഖലകളില്‍ പ്രാപ്തരാക്കുന്നതില്‍ നൈപുണ്യ വികസന പദ്ധതികള്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമം ഇല്ലാതാക്കി പുതിയ വി.ബി.ജി രാം ജി ആക്റ്റ് കൊണ്ടുവന്ന നടപടിക്കെതിരെ എംപി പ്രതികരിച്ചു. ഈ നിയമം മൂലം കേരളത്തിന് പ്രതിവര്‍ഷം 2,000 മുതല്‍ 3,500 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും ഈ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് സംസ്ഥാന നിയമസഭകള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടിട്ടും അത് പരിഗണിക്കാതെ ഒരു ഡിസൈന്‍ മത്സരം നടത്തി പദ്ധതിയെ ബ്രാന്‍ഡ് ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹാരിസ് ബീരന്‍ വിമര്‍ശിച്ചു.

സര്‍ക്കാരിന്റെ സാങ്കേതിക പരാജയം പാവപ്പെട്ടവരുടെ ദാരിദ്ര്യമായി മാറുന്ന സാഹചര്യം അദ്ദേഹം സഭയില്‍ വിവരിച്ചു. വയനാട്ടിലെ ഒരു ഗോത്രവര്‍ഗ്ഗ സ്ത്രീക്ക് സെര്‍വര്‍ തകരാര്‍ കാരണം ബയോമെട്രിക് ഡാറ്റ അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അവള്‍ക്ക് ആ ദിവസത്തെ വേതനം നഷ്ടപ്പെടുകയാണ്. പാവപ്പെട്ട തൊഴിലാളികളോട് അവര്‍ക്ക് അറിയാത്ത ഭാഷയിലുള്ള അല്‍ഗോരിതങ്ങളിലൂടെയും കൃത്യമായി പ്രവര്‍ത്തിക്കാത്ത സെര്‍വറുകളിലൂടെയും തങ്ങളുടെ ദാരിദ്ര്യം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് തികഞ്ഞ അനീതിയാണ്. സ്വാധീനമില്ലാത്ത സാധാരണക്കാര്‍ക്കായി രാജ്യം എന്ത് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം നീതിയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അളക്കേണ്ടതെന്നും ഹാരിസ് ബീരന്‍ എംപി രാജ്യസഭയില്‍ ഓര്‍മ്മിപ്പിച്ചു.