articles
ഹിമാലയൻ രാജ്യം എങ്ങോട്ട് ചായും?
ബാലെൻ ഷായുടെ യാത്ര രാജ്യം മാറിമാറി ഭരിച്ച നേപ്പാൾ കോൺഗ്രസ്സും ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും സഞ്ചരിച്ച പാതയിലൂടെയായിരിക്കില്ല എന്നുവേണം കരുതാൻ. ആർ എസ് പി വൻഭൂരിപക്ഷം നേടിയതോടെ രാഷ്ട്രീയ അസ്ഥിരതക്ക് താത്കാലികമായെങ്കിലും വിരാമം കുറിച്ചിരിക്കുകയാണ്.
കാഠ്മണ്ഡു മേയർ സ്ഥാനത്തുനിന്ന് 35കാരനായ ബാലേന്ദ്ര (ബാലെൻ) ഷാ നേപ്പാളിന്റെ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കുകയാണ്. തിരഞ്ഞെടുപ്പിലൂടെ അധികാര സാരഥ്യം ഏറ്റെടുക്കുന്ന ചെറുപ്പകാരനെന്ന ചരിത്രം ബാലെൻ ഷായുടെ പേരിൽ നേപ്പാൾ രേഖപ്പെടുത്തുകയാണ്. 2015ൽ പുതിയ ഭരണഘടന നിലവിൽ വന്നതിനുശേഷം ഒരു പാർട്ടിക്കും തനിച്ചു ഭൂരിപക്ഷം ലഭിക്കാത്ത രാജ്യത്ത് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർ എസ് പി) അധികാരത്തിലെത്തുന്നത്. 2025 സെപ്തംബറിൽ നടന്ന ജെൻ സീ പ്രക്ഷോഭം നേപ്പാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയായിരുന്നു. പ്രസ്തുത യുവജന പ്രക്ഷോഭത്തിൽ പ്രധാനമന്ത്രി കെ പി ശർമ ഒലിക്കു അധികാരം വിട്ടു പലായനം ചെയ്യേണ്ടി വന്നു.
സർക്കാറിനെതിരെ തെരുവിലിറങ്ങിയ യുവാക്കൾക്ക് നേരെ നടത്തിയ പോലീസ് വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടു. അക്രമാസക്തമായ ജനക്കൂട്ടം മന്ത്രി മന്ദിരങ്ങൾ, പാർലിമെന്റ്, സുപ്രീം കോടതി, രാഷ്ട്രീയ നേതാക്കളുടെ വസതികൾ, മാധ്യമ ഓഫീസുകൾ എന്നിവക്കു തീവെക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. സ്ഥിതി നിയന്ത്രണാതീതമായതിനെ തുടർന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യു എം എൽ ) നേതാവ് കൂടിയായ ഒലിക്കു രാജിവെക്കേണ്ടിവന്നത്. രാജിവെച്ച പ്രധാനമന്ത്രിയും കൂട്ടരും സൈനിക വിമാനത്തിൽ സുരക്ഷിത സ്ഥലത്തേക്ക് രക്ഷപ്പെടുകയായിരുന്നു. രണ്ട് ദിവസം നീണ്ട പ്രക്ഷോഭത്തിൽ ചുരുങ്ങിയത് 100 പേരെങ്കിലും കൊല്ലപ്പെടുകയുണ്ടായി. ഒലിയുടെ രാജിയെ തുടർന്ന്, സുപ്രീം കോടതി ജഡ്ജിയായിരുന്ന സുശീല കാർക്കിയുടെ നേതൃത്വത്തിൽ സെപ്തംബർ 12ന് ഇടക്കാല സർക്കാർ രൂപവത്കരിച്ചു. മാർച്ച് അഞ്ചിന് തിരഞ്ഞെടുപ്പ് നടന്നത് ഇടക്കാല സർക്കാറിന്റെ പ്രഖ്യാപനപ്രകാരമായിരുന്നു.
ആർ എസ് പി എന്ന രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചിട്ട് മൂന്ന് വർഷം തികഞ്ഞിട്ടില്ല. നേപ്പാളിലെ മറ്റ് പാർട്ടികളെയും നേതാക്കളെയും താരതമ്യം ചെയ്യുമ്പോൾ ബാലേന്ദ്ര ഷായും ആർ എസ് പിയും പുതുമുഖമാണ്. 2022ലെ കാഠ്മണ്ഡു കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ ഷാ മത്സരിച്ചത് സ്വതന്ത്ര സ്ഥാനാർഥിയായാണ്. കഴിഞ്ഞ രണ്ട് ദശകമായി നേപ്പാളിൽ അധികാരം പങ്കിട്ടവർ ഇന്ത്യയോടും ചൈനയോടും മാറിമാറി ആഭിമുഖ്യം കാട്ടിയവരായിരുന്നു. ബാലെൻ ഷായുടെ നിലപാട് എന്തായിരിക്കുമെന്ന് ഇന്ത്യയും ചൈനയും ഉറ്റു നോക്കുകയാണ്. നേപ്പാളിലെ സമീപകാല തിരഞ്ഞെടുപ്പുകളിൽ ഇന്ത്യയും ചൈനയുമായി പാർട്ടികൾക്കുള്ള ബന്ധവും ചർച്ചചെയ്യപ്പെടാറുണ്ടായിരുന്നു.
കാഠ്മണ്ഡു മേയറായിരിക്കെ ബാലേന്ദ്ര ഷാ സ്വീകരിച്ച ചില നിലപാടുകൾ ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്. 2023 പുറത്തിറങ്ങിയ ആദിപുരുഷ് എന്ന ഹിന്ദി സിനിമ കാഠ്മണ്ഡുവിൽ പ്രദർശിപ്പിക്കുന്നതിന് മേയർ നിരോധനമേർപ്പെടുത്തി. സിനിമയിൽ ഹിന്ദു പുരാണത്തിലെ സീതയെ ഇന്ത്യക്കാരിയായി പരിചയപ്പെടുത്തുന്നു എന്ന കാരണത്താൽസിനിമ നിരോധിക്കുകയായിരുന്നു. ശ്രീരാമന്റെയും സീതയുടെയും ജന്മസ്ഥലം നേപ്പാളാണെന്ന് വിശ്വസിക്കുന്നവരാണ് അവിടെയുള്ളവർ. കൂടാതെ ശർമ ഒലി പ്രധാനമന്ത്രിയായിരിക്കെ പുറത്തിറക്കിയ വിവാദ ഭൂപടം മേയറുടെ ഓഫീസിൽ സ്ഥാപിച്ച് ഷാ ഇന്ത്യയുടെ അപ്രീതി നേടിയിരുന്നു. വിവാദ ഭൂപടം ഉത്തരാഖണ്ഡിന്റെ വിവിധ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചേർത്തുകൊണ്ടുള്ളതായിരുന്നു. അതേസമയം, ഝാപയിലെ ദമാക്കിലെ നിർദിഷ്ട നേപ്പാൾ- ചൈന സൗഹൃദ വ്യവസായ പാർക്കിന്റെ ഭാവിയെക്കുറിച്ച് ബാലെൻ ഷാ തന്റെ പ്രകടന പത്രികയിൽ മൗനം പാലിക്കുകയാണ് ചെയ്തത്. അദ്ദേഹം മത്സരിച്ച സീറ്റുകളിൽ ഒന്ന് ഝാപയായിരുന്നു. മുൻ പ്രധാനമന്ത്രി ഒലിയെ വൻ മാർജിനിൽ പരാജയപ്പെടുത്തിയാണ് ബാലെൻ ഷാ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ചൈനയുടെ വൻ പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബി ആർ ഐ ) ഭാഗമാണ് ഈ വ്യവസായ പാർക്ക്.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂപ്രദേശമായ “ചിക്കൻസ് നെക്ക്’ എന്നറിയപ്പെടുന്ന സെൻസിറ്റീവ് മേഖലയായ സിലിഗുരി ഇടനാഴിക്ക് സമീപമാണ് ഈ പദ്ധതി. പദ്ധതി നടപ്പാക്കുന്നതിൽ ഇന്ത്യക്ക് ആശങ്കയുണ്ട്. പാർക്ക് യാഥാർഥ്യമായാൽ നേപ്പാളുമായുള്ള വ്യാപാരത്തിൽ ഇന്ത്യക്ക് വൻ ഇടിവ് സംഭവിക്കും. ഏതാനും വർഷങ്ങളായി നേപ്പാൾ രാഷ്ട്രീയത്തിൽ ചർച്ച ചെയ്യപ്പെടുന്ന നേപ്പാൾ- ചൈന സൗഹൃദ പാർക്കിനെ കുറിച്ച് ഷായുടെ മൗനം ഇന്ത്യക്ക് അനുഗുണമാകുമോയെന്ന് എന്നു വരും ദിവസങ്ങളിൽ അറിയാം.
ഏതായാലും ബാലേന്ദ്ര ഷായുടെ യാത്ര രാജ്യം മാറിമാറി ഭരിച്ച നേപ്പാൾ കോൺഗ്രസ്സും ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും സഞ്ചരിച്ച പാതയിലൂടെയായിരിക്കില്ല എന്നുവേണം കരുതാൻ. 2008ൽ രാജഭരണം അവസാനിച്ചതിനുശേഷം നേപ്പാൾ അധികാരം കൈകാര്യം ചെയ്തിരുന്നത് നേപ്പാൾ കോൺഗ്രസ്സ് പാർട്ടി, നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (യു എം എൽ ) നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി (മാവോയിസ്റ്റ്) എന്നിവയായിരുന്നു. 1990 മുതൽ നേപ്പാൾ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിലായിരുന്നു പ്രധാന മത്സരം. ഇരു പാർട്ടികളും ഒരുമിച്ചു സർക്കാർ രൂപവത്കരിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
രാജവാഴ്ചക്കു ശേഷം ഹിമാലയൻ രാഷ്ട്രത്തിലെ ജനത നേരിട്ടത് അസ്ഥിര രാഷ്ട്രീയമായിരുന്നു. ഒന്നര പതിറ്റാണ്ടിനിടയിൽ 15 തവണ നേപ്പാളിൽ ഭരണമാറ്റം സംഭവിച്ചു. സർക്കാർ രാജിയെതുടർന്ന് തിരഞ്ഞെടുപ്പ് നടന്നാൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ. ഫലപ്രഖ്യാപനത്തിനുശേഷം പരസ്പരം മത്സരിച്ചവർ സർക്കാർ രൂപവത്കരിക്കുന്ന രീതി തുടരുകയായിരുന്നു. കഴിഞ്ഞ വർഷം നേപ്പാളിൽ നടന്ന ജെൻ സീ പ്രക്ഷോഭം യുവാക്കളുടെ നിരാശയിൽ നിന്ന് രൂപം കൊണ്ടതായിരുന്നു. ഈ മാസം അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിൽ ആർ എസ് പി വൻഭൂരിപക്ഷം നേടിയതോടെ രാഷ്ട്രീയ അസ്ഥിരതക്ക് താത്കാലികമായെങ്കിലും വിരാമം കുറിച്ചിരിക്കുകയാണ്.
പ്രക്ഷോഭം നടത്തിയത് 15നും 24 നും ഇടയിൽ പ്രായമുള്ളവരാണ്. ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലൊന്നായ നേപ്പാളിലെ രാഷ്ട്രീയ നേതാക്കളുടെ മക്കൾ നടത്തുന്ന ധൂർത്തിലും ആഡംബര ജീവിതത്തിലും പ്രതിഷേധമുള്ള യുവ സമൂഹം സാമൂഹിക മാധ്യമങ്ങളിലൂടെ സമപ്രായക്കാരെ സംഘടിപ്പിച്ചു പ്രക്ഷോഭം നടത്തുകയായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ നിരോധിക്കാനുള്ള അന്നത്തെ സർക്കാറിന്റെ പെട്ടെന്നുള്ള തീരുമാനം യുവാക്കളുടെ ക്ഷോഭം വർധിപ്പിച്ചു. ജെൻ സീ പ്രക്ഷോഭം പാരമ്പര്യ രാഷ്ട്രീയം പിന്തുടരുന്നവർക്കുള്ള മുന്നറിയിപ്പുകൂടിയായിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടികൾ രാഷ്ട്രീയ പരിഷ്‌കാരങ്ങൾക്കും നയം മാറ്റങ്ങൾക്കും സന്നദ്ധമായി.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുൾപ്പെടെ ഈ മാറ്റം പ്രകടമായിരുന്നു. വികസനം മാത്രമല്ല, അഴിമതിരഹിത സദ്ഭരണവും രാഷ്ട്രീയ പാർട്ടികൾ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തു. 275 അംഗ ജനപ്രതിനിധി സഭയിലേക്ക് മത്സരത്തിൽ ഉണ്ടായിരുന്നത് 60ലധികം പാർട്ടികളും 3,000ത്തിലധികം സ്ഥാനാർഥികളുമായിരുന്നു. ഇതിൽ നേരിട്ട് തിരഞ്ഞെടുക്കുന്നത് 165 അംഗങ്ങളെയാണ്. ആർ എസ് പി 125 സീറ്റുകൾ നേടി. 110 പേർ ആനുപാതിക പ്രാതിനിധ്യ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവരാണ്. ഏതാണ്ട് 60 പേർ ആർ എസ് പിയിൽ നിന്ന് ആനുപാതിക പ്രാതിനിധ്യ പ്രകാരം തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എൻജിനീയർ കൂടിയായ ഷാ റാപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രശസ്തനാണ്.
നേപ്പാളിൽ രാജഭരണം തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗവും പ്രവർത്തിക്കുന്നു. അവർ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കാൻ പരിശ്രമിക്കുകയാണ്. ഇന്ത്യയിലെ ബി ജെ പിയോട് ചായ്്വു പുലർത്തുന്ന ഇവർ നിസ്സാര പ്രശ്‌നങ്ങൾ വർഗീയവത്കരിക്കുകയാണ്. ധനുഷയിലെ സഖുവ- മദാനി രാജ്യത്തെ മതസൗഹാർദത്തിന് പേരുകേട്ട സ്ഥലമാണ്. ഹിന്ദുക്കളുടെ ആഘോഷമായ ഛാത്തും മുസ്‌ലിംകളുടെ ഈദും ഇവിടുത്തുകാർ നാടിന്റെ ആഘോഷമായാണ് കാണാറ്. എന്നാൽ കഴിഞ്ഞ ജനുവരിയിൽ ഹിന്ദുത്വവാദികൾ മുസ്‌ലിംകൾക്കെതിരെ കലാപമഴിച്ചുവിട്ടു. പള്ളി തകർക്കുകയും മതഗ്രന്ഥങ്ങൾ തീയിട്ടു നശിപ്പിക്കുകയും ചെയ്തു. അക്രമികളെ ഭയന്നു ഒരാഴ്ചയോളം പള്ളി അടച്ചിട്ടു. ഈ തിരഞ്ഞെടുപ്പ് നേപ്പാളിലെ ഹിന്ദുത്വവാദികൾക്കുള്ള തിരിച്ചടി കൂടിയാണ്.
ഏഷ്യയിലെ വൻശക്തികളായ ഇന്ത്യക്കും ചൈനക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് നേപ്പാൾ. നേപ്പാളിൽ സ്വാധീനം ഉറപ്പിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കാറുണ്ട്. നേപ്പാൾ കോൺഗ്രസ്സ് പരമ്പരാഗതമായി ഇന്ത്യയുമായി കൂടുതൽ അടുപ്പം പുലർത്തിപ്പോരുന്നു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാംസ്‌കാരികവും സാമ്പത്തികവുമായുള്ളതാണ് ഈ ബന്ധം. എന്നാൽ സമീപകാലത്ത് ഇതിൽ മാറ്റങ്ങൾ പ്രകടമാണ്. മുൻ പ്രധാനമന്ത്രി ഒലി യുടെയുൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്ക് താത്്പര്യം ചൈനയോടാണ്. മാവോയിസ്റ്റ് നേതാവ് പുഷ്പ കമൽ ദഹൽ പ്രധാനമന്ത്രിയായിരുന്ന 2017ൽ നേപ്പാൾ ചൈനയുമായി കൂടുതൽ അടുത്തു. ഒലിയുടെ കാലത്ത് ബന്ധം ശക്തമായി. നേപ്പാൾ ചൈനയുമായി വൻ കരാറുകളിൽ ഏർപ്പെട്ടത് ഈ രണ്ട് കാലങ്ങളിലാണ്.
സിക്കിം, പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു ഇന്ത്യക്ക് നേപ്പാളുമായി 1,851 കിലോമീറ്റർ അതിർത്തിയുണ്ട്. ഒരു ലക്ഷത്തിലേറെ നേപ്പാളികൾ ഇന്ത്യയിൽ ജോലി ചെയ്യുന്നുവെന്നാണ് കണക്ക്. ഗൂർഖാ റജിമെന്റിൽ നേപ്പാളികളാണുള്ളത്. ഇന്ത്യൻ സൈന്യത്തിൽ നേപ്പാളി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനെ മാവോയിസ്റ്റുകളും മറ്റ് ഇടതുപക്ഷ പാർട്ടികളും എതിർക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ നോപ്പാളിന്റെ രാഷ്ട്രീയ ചായ്്വ് കണ്ടില്ലെന്നു നടിക്കാൻ ഇന്ത്യക്കാവില്ല.



