Connect with us

Kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ അരക്കോടിയുടെ രാസലഹരി പിടികൂടിയ കേസ്; നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വില്‍പ്പനക്കാരനാണ് ഇയാള്‍

Published

|

Last Updated

കോഴിക്കോട് |  അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തിലെ ഒരാളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. നൈജീരിയന്‍ സ്വദേശി ചുക്വജേക്വ എബെനെസിര്‍ ഉമേഹ് (65) നെയാണ് കസബ പോലീസ് ഡല്‍ഹിയില്‍ നിന്ന് പിടികൂടിയത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന അതിമാരക രാസ ലഹരി പിടികൂടിയ കേസിലെ പ്രധാന കണ്ണിയാണ് പിടിയിലായിരിക്കുന്നത്

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വില്‍പ്പനക്കാരനാണ് ഇയാള്‍. കഴിഞ്ഞ നവംബര്‍ 24ന് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലാവുന്ന അഞ്ചാമത്തെ പ്രതിയാണ് ഉമേഹ്. ബംഗളുരുവില്‍ നിന്നും ടൂറിസ്റ്റ് ബസില്‍ വാട്ടര്‍ ഹീറ്ററിനുള്ളില്‍ അതിവിദഗ്ധമായി കടത്തുകയായിരുന്ന മയക്കുമരുന്നുമായി നാലുപേര്‍ പിടിയിലായിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതിയെക്കുറിച്ച് മനസിലായത്. രണ്ട് മൊബൈല്‍ ഫോണുകളും എമര്‍ജന്‍സി ട്രാവല്‍ സര്‍ട്ടിഫിക്കറ്റും പ്രതിയില്‍ നിന്നും പോലീസ് കണ്ടെടുത്തു

ലഹരി വില്‍പ്പന നടത്തിയ പണം അക്കൗണ്ടില്‍ എത്തിയാല്‍ ഡല്‍ഹിയിലെ ഓട്ടോ ഡ്രൈവര്‍മാരുടെയും മറ്റ് തൊഴിലാളികളുടെയും അക്കൗണ്ടിലേയ്ക്ക് അയച്ചുകൊടുത്ത് പണം പിന്‍വലിപ്പിക്കുകയും രണ്ട് ശതമാനം കമീഷന്‍ നല്‍കുകയും ചെയ്തിരുന്നു.ഈ പണം പ്രതി നൈജീരിയലേക്ക് മണി ട്രാന്‍സ്ഫര്‍ വഴി കൈമാറും. ഒരു കോടിയിലേറെ രൂപ പ്രതിയുടെ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. ഈ കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്‌

---- facebook comment plugin here -----

Latest