articles
മഹത്തായ ഒരു പ്രമാണം; വഞ്ചിക്കപ്പെട്ട ഒരു ജനത
ഭരണഘടനയില്‍ വിശ്വാസമില്ലാത്തവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് ആ ശ്രേഷ്ഠപ്രമാണം ഉത്തരവാദിയല്ല. ഗാന്ധിജിയും നെഹ്റുവും അബുല്‍ കലാം ആസാദുമൊക്കെ ജഞാനം കൊണ്ട് നെയ്തെടുത്ത നല്ല നാളെയുടെ സ്വപ്നമായി നമ്മുടെ ഭരണഘടന നിലനില്‍ക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ അതില്‍ വിശ്വാസമര്‍പ്പിച്ച പാവങ്ങളും ദുര്‍ബല വിഭാഗങ്ങളും വഞ്ചിക്കപ്പെടുമ്പോള്‍ മൗനം ദീക്ഷിക്കുന്നത് മഹാപരാധമാണ്.
1949 നവംബറില്‍ ഭരണഘടനാ നിര്‍മാണ സഭയുടെ അവസാന സമ്മേളനത്തിന്റെ സമാപന ദിവസം “ഡ്രാഫ്റ്റിംഗ് കമ്മിറ്റി’ ചെയര്‍മാന്‍ ബി ആര്‍ അംബേദ്കര്‍ ചിന്തോദ്ദീപകമായ ഒരു പ്രസംഗം നടത്തി. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ ഹൃദയദര്‍പ്പണം പിടിച്ചുകൊണ്ട് അംബേദ്കര്‍ അന്ന് കൈമാറിയ വാക്കുകള്‍ക്കും ആശയങ്ങള്‍ക്കും 2026ലും ഏറെ പ്രസക്തിയുണ്ട്. 300ലേറെ പ്രഗത്ഭമതികള്‍ 1946 ഡിസംബറിനും 1949 ഡിസംബറിനും ഇടയില്‍ 165 ദിവസം കൂടിയിരുന്നാണ് ലോകത്തിലെ ഏറ്റവും ബൃഹത്തായ ലിഖിത ഭരണഘടനക്ക് രൂപം നല്‍കുന്നത്.
ധാര്‍മിക കാഴ്ചപ്പാട്, രാഷ്ട്രീയ നൈപുണി, നിയമപരമായ സാമര്‍ഥ്യം- ഇവയെല്ലാം ഒത്തിണങ്ങിയപ്പോഴാണ് നമ്മുടെ ഭരണഘടന യാഥാര്‍ഥ്യമായത്. ലോകപ്രശസ്ത ഭരണഘടനാ ചരിത്രകാരന്‍ ഗ്രാന്‍വില്ലെ ഓസ്റ്റിന്റെ അഭിപ്രായത്തില്‍ ഇത് “ദേശീയവും സാമൂഹികവുമായ വിപ്ലവം’ ആണ്. അമേരിക്കന്‍ അവകാശ പ്രഖ്യാപനത്തിന് ശേഷമുള്ള മഹത്തായ നേട്ടം. പക്ഷേ ദളിത് മിശിഹയായി ജീവിതത്തിന് അര്‍ഥം കണ്ടെത്തിയ അംബേദ്കര്‍, ഉത്കൃഷ്ടമായ ഭരണഘടനയാണ് നമ്മുടെ കൈയിലുള്ളതെങ്കിലും “കേവലം രാഷ്ട്രീയ ജനാധിപത്യം’ കൊണ്ട് രാജ്യം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് സധൈര്യം ഓര്‍മപ്പെടുത്തിയിരുന്നു. “1950 ജനുവരി 26ന് രാജ്യം റിപബ്ലിക്കാകുമ്പോള്‍ വൈരുധ്യങ്ങളുടെ ജീവിതത്തിലേക്കാണ് കടന്നുചെല്ലുന്നത്. രാഷ്ട്രീയത്തില്‍ നമുക്ക് സമത്വം ഉണ്ടാകാം. എന്നാല്‍ സാമൂഹിക, സാമ്പത്തിക ജീവിതത്തില്‍ അസമത്വമാണ് കാത്തിരിക്കുന്നത്. രാഷ്ട്രീയത്തില്‍ ഒരാള്‍ ഒരു വോട്ട് എന്നും ഒരു വോട്ട് ഒരു മൂല്യമെന്നും അംഗീകരിക്കുന്നുണ്ടാകാം.
എന്നാല്‍ സാമൂഹിക ജീവിതത്തിലും സാമ്പത്തിക കാര്യത്തിലും നമ്മുടെ സാമൂഹിക, സാമ്പത്തിക ഘടനയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ ഒരു മൂല്യം എന്ന തത്ത്വം നിഷേധിക്കപ്പെടുന്നത് തുടര്‍ന്നുപോകുക തന്നെ ചെയ്യും. വൈരുധ്യങ്ങളുടെ ഈ ജീവിതവുമായി എത്രനാള്‍ നാം മുന്നോട്ടുപോകും? സാമൂഹികവും സാമ്പത്തികവുമായ സമത്വം തുടരാനാണ് ഭാവമെങ്കില്‍ ജനാധിപത്യം അപകടത്തിലേക്ക് വഴുതി വീഴാതിരിക്കില്ല’. അതുവരെ ലോകജനതക്ക് അപ്രാപ്യമായി ഭാവനയിലുണ്ടായിരുന്ന കുറെ അവകാശങ്ങള്‍ നമ്മുടെ ഭരണഘടനയില്‍ എഴുതിവെച്ചിട്ടുണ്ട്. മൗലികാവകാശങ്ങളും മാര്‍ഗനിര്‍ദേശക തത്ത്വങ്ങളുമടങ്ങിയ ആ ഭാഗങ്ങളെ “ഭരണഘടനയുടെ മനസ്സാക്ഷി’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അന്തസ്സായി, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ ഭരണകൂടത്തിന്റെ അതിക്രമം തടയാന്‍ രാഷ്ട്രശില്‍പ്പികള്‍ കുറെ അനുഛേദങ്ങള്‍ എഴുതിവെച്ചു. പക്ഷേ അനുഭവ യാഥാര്‍ഥ്യമെന്താണ്? നിര്‍ഭയമായി ജീവിക്കാനുള്ള അവകാശം നമുക്ക് കൈമോശം വന്നിട്ട് എത്ര കാലമായി? സാമാന്യജനത്തിന് ജീവിത പരിസരത്തെ പേടിയാണ്. ഭരണകൂടത്തെ പേടിയാണ്. നിയമപാലകരെ പേടിയാണ്. നീതിന്യായ വ്യവസ്ഥയെ അങ്ങേയറ്റത്തെ പേടിയാണ്. എത്രയെത്ര ഉമര്‍ ഖാലിദുമാര്‍ ഭരണകൂട ഗൂഢാലോചന മൂലം ജീവിതം ഹോമിക്കപ്പെടുന്നുണ്ട്. എത്രയെത്ര നിരപരാധികള്‍ ചെയ്യാത്ത പാതകങ്ങള്‍ക്ക് വിധിക്കപ്പെടാത്ത ശിക്ഷകള്‍ അനുഭവിക്കുന്നുണ്ട്. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ആഗോള സമൂഹത്തിനു മുന്നില്‍ ഗാന്ധിജിയുടെ ഇന്ത്യ പ്രതിക്കൂട്ടിലാണ്.
പട്ടിണിയും പരിവട്ടവും നിരക്ഷരതയും ജീവിത ദുരിതങ്ങളും മാത്രമല്ല കീഴാളവര്‍ഗത്തിന്റെ ജീവിതം ദുസ്സഹമാക്കുന്നത്. ഭരണകൂട ഭീകരതയെ പേടിച്ചാണ് അവര്‍ കിടക്കപ്പായയില്‍ ഉറക്കം വരാതെ കണ്ണ് മിഴിച്ച് കിടക്കുന്നത്. രാത്രിയുടെ ഏത് യാമത്തിലും ബുള്‍ഡോസറുകള്‍ വന്ന് അവന്റെ കുടിലുകള്‍ ഇടിച്ചുനിരപ്പാക്കി ജീവിതം തന്നെ നിമിഷാര്‍ധം കൊണ്ട് താറുമാറാക്കാം. അംബേദ്കര്‍ ഭയപ്പെട്ട അസമത്വത്തിന്റെ പ്രേതങ്ങള്‍ സര്‍വ മേഖലകളിലും തിടംവെച്ചാടുകയാണ്.
നൂറ്റാണ്ടുകളായി ഈ മണ്ണില്‍ ജീവിച്ചുമരിച്ച് മണ്ണടിഞ്ഞ തലമുറകളുടെ പിന്‍തലമുറക്കാരോട് പൗരത്വം തെളിയിക്കാന്‍ പ്രമാണങ്ങള്‍ ആവശ്യപ്പെടുന്ന “ഹിന്ദുത്വ സിസ്റ്റ’ത്തെ കുറിച്ച് രാഷ്ട്രശില്‍പ്പികള്‍ മുന്‍കൂട്ടി കണ്ടില്ല എന്ന് പറയാന്‍ വരട്ടെ. ബ്രിട്ടീഷ് കപ്പല്‍, ബോംബെ, കറാച്ചി തുറമുഖങ്ങളില്‍ നിന്ന് ലണ്ടനിലേക്ക് തിരിച്ചുപോക്ക് തുടങ്ങിയാല്‍ ഇവിടെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മുന്നറിയിപ്പ് നല്‍കിയവരുടെ കൂട്ടത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലുമുണ്ടായിരുന്നു. ഭരണഘടനാ നിര്‍മാണസഭ എന്ന ആശയത്തെ പോലും അദ്ദേഹം പരിഹസിച്ചു. ഇവിടെ മേല്‍ജാതിക്കാരുടെ ഒരു ഭരണം എന്നതിനപ്പുറം ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ചര്‍ച്ചില്‍ കളിയാക്കി.
പക്ഷേ, ഭാവി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1946 ഡിസംബര്‍ 13ന് “ഒബ്‌ജെക്ടീവ് റെസലൂഷന്‍’ അവതരിപ്പിച്ച് കൊണ്ട് മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും വിശിഷ്യാ, മത ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷകളും പ്രത്യാശകളും കൈമാറുന്നതായിരുന്നു. പൗരന്മാര്‍ക്ക് ജാതി, മത, ഭാഷ, വംശീയ വേര്‍തിരിവിന് അതീതമായി തുല്യ അവസരവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സമത്വവും ചിന്താപരവും മതപരവും ആവിഷ്‌കാരപരവുമായ സ്വാതന്ത്ര്യവും മുന്നോട്ടുവെക്കുന്ന “സ്വതന്ത്ര, പരമാധികാര, റിപബ്ലിക്കാണ്’ നമ്മുടെ ലക്ഷ്യമെന്ന് നെഹ്‌റു ഉറപ്പ് നല്‍കി. ആ ഉറപ്പ് കോണ്‍ഗ്രസ്സിന് പോലും പാലിക്കാന്‍ സാധിച്ചില്ല. എന്നിട്ടല്ലേ ഇപ്പോഴത്തെ ഭരണകൂടത്തില്‍ നിന്ന് പുതിയൊരു ഇന്ത്യ നാം പ്രതീക്ഷിക്കേണ്ടത്?
ലോകം ആദരിക്കുന്ന പ്രാമാണിക രേഖ
ഇന്ത്യന്‍ ഭരണഘടനയുടെ ഉളളടക്കവും ധൈഷണിക ഭാവവും പിറവി തൊട്ട് ലോകം ആദരിക്കുന്ന പ്രാമാണിക രേഖയാണ്. വൈവിധ്യങ്ങളും വൈജാത്യങ്ങളും കൊണ്ട് സമ്പന്നമായ ഇന്ത്യയുടെ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് അര്‍ഥപൂര്‍ണമായ സാക്ഷാത്ക്കാരം മനസ്സില്‍വെച്ചാണ് ഡോ. അംബേദ്കര്‍ അതിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കിയത്. ആധുനികമായ മറ്റെല്ലാ ഭരണഘടനകളെക്കാള്‍ ഉള്ളടക്കത്തിലും വിശദീകരണങ്ങളിലും വാചാലത പുലര്‍ത്തുന്ന ഈ രേഖ ഭേദഗതിക്ക് വഴങ്ങുന്നതും അടിസ്ഥാന ചട്ടക്കൂട് നിലനിര്‍ത്തുന്നതില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നതുമാണ്.
കേശവാനന്ദ ഭാരതി കേസില്‍ ജനാധിപത്യം, മതേതരത്വം തുടങ്ങി ആമുഖത്ത് നിഷ്‌കര്‍ഷിക്കുന്ന സവിശേഷതകളില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി തന്നെ തീര്‍പ്പാക്കിയിട്ടുണ്ട്. വാജ്പയി സര്‍ക്കാറിന്റെ കാലത്ത് ഭരണഘടനാ ഭേദഗതിക്കായി നാനാഭാഗത്ത് നിന്ന്, വിശിഷ്യാ ഹിന്ദുത്വ ക്യാമ്പില്‍ നിന്ന് മുറവിളി ഉയര്‍ന്നപ്പോള്‍ അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ പരസ്യമായി രംഗത്ത് വന്ന് പ്രശ്‌നം ഭരണഘടനയുടേതല്ലെന്നും അത് കൈകാര്യം ചെയ്യുന്നവരുടേതാണെന്നും പറഞ്ഞ് സംവാദത്തിന്റെ ദിശ തിരിച്ചുവിടുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലേറിയപ്പോള്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷം കിട്ടുന്ന മുറക്ക് ഭരണഘടനാ ഭേദഗതിയിലൂടെ “ഹിന്ദു രാഷ്ട്രം’ പ്രഖ്യാപിച്ചേക്കാമെന്ന പ്രചാരണം കടുത്ത ഉത്കണ്ഠ പരത്തിയിരുന്നു. എന്നാല്‍ ഉദ്ദേശിച്ച ഭൂരിപക്ഷം ലഭിച്ചില്ലെന്ന് മാത്രമല്ല, രണ്ട് സഖ്യകക്ഷികളുടെ ഔദാര്യം വേണ്ടിവന്നു ഭരണം നിലനിര്‍ത്താന്‍.
അതിനിടയിലാണ് ആര്‍ എസ് എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതിന്റെ പ്രഖ്യാപനം വന്നത്, ഭരണഘടനയുടെ ഒരു വരി പോലും ഭേദഗതി ചെയ്യാതെ തന്നെ ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റാന്‍ പ്രയാസമില്ലെന്ന്. ഇപ്പോള്‍ ദേശീയതലത്തില്‍ കെട്ടഴിഞ്ഞു വീഴുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങളും മുസ്‌ലിം വിരുദ്ധ നിയമ നിര്‍മാണങ്ങളുമെല്ലാം ഭരണഘടന നല്‍കിയ ഉറപ്പ് പിച്ചിച്ചീന്തുന്നതാണ്.
ആരോഗ്യകരവും നിഷ്പക്ഷവുമായ ഭരണഘടനാ സ്ഥാപനങ്ങളുടെ നൈരന്ത്യം ഉറപ്പാക്കാന്‍ രാഷ്ട്രശില്‍പ്പികള്‍ കര്‍ക്കശമായ കുറെ ഉപവകുപ്പുകള്‍ ഇതില്‍ എഴുതിച്ചേര്‍ത്തിരുന്നു. പാര്‍ലിമെന്റിലെ കേവല ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അവ മാറ്റിമറിച്ച് തങ്ങളുടെ സങ്കുചിതവും വര്‍ഗീയവുമായ അജന്‍ഡ നടപ്പാക്കുന്നവര്‍, വിദേശത്ത് ചെന്ന് ഇന്ത്യന്‍ ഭരണഘടന ഒരു “പുണ്യ ഗ്രന്ഥമാണ്’എന്ന് പറയുന്നു. പോയ തലമുറ ദീര്‍ഘദൃഷ്ടിയോടെ വിഭാവന ചെയ്ത സഹിഷ്ണുതയും സാഹോദര്യവും മതമൈത്രിയും കളിയാടുന്ന ഒരു രാജ്യം ഇന്ന് പരമത വിദ്വേഷത്തിന്റെയും കൊലവെറിയുടെയും അക്രമപരമ്പരയുടെയും സങ്കേതമായി മാറിയിട്ടുണ്ടെങ്കില്‍ ഭരണഘടനയുടെ പരാജയമാണ് അത് വിളിച്ചുപറയുന്നത്. വിശ്വാസ, ആചാര, അനുഷ്ഠാന, പ്രബോധന അവകാശങ്ങള്‍ വ്യക്തമായ ഭാഷയില്‍ കുറിച്ചിട്ട ലോകത്തിലെ ഏക ഭരണഘടന നമ്മുടേതാണ്.
ഭരണഘടനാനുസൃതമായ വാഴ്ച നീതിസംസ്ഥാപനത്തിന്റെ അടയാളമായി അനുഭവപ്പെടാറുണ്ടെങ്കിലും ഇന്ത്യയില്‍ അനുഭവം മറിച്ചാണ്. ശക്തമായ എതിര്‍പ്പുകളെയും പ്രക്ഷോഭങ്ങളെയും വകവെക്കാതെ കൊണ്ടുവന്ന പൗരത്വ നിയമം സമീപ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായി എത്തുന്ന മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരായി ചാപ്പ കുത്താനും ശിക്ഷിക്കാനുമാണ് വ്യവസ്ഥ ചെയ്യുന്നത്. അതുപോലെ, മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കി, വിവാഹത്തിന്റെ പേരില്‍ മുസ്‌ലിം ചെറുപ്പക്കാരെ ജയിലിലടക്കുന്ന നിയമവും അംബേദ്കര്‍ എഴുതിയുണ്ടാക്കിയ സമത്വസുന്ദരമായ ഭരണഘടനാ ലക്ഷ്യങ്ങള്‍ക്ക് എതിരാണ്. മതംമാറ്റത്തിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസികളെ ജീവപര്യന്തം കാരാഗൃഹത്തിലടക്കുന്ന ക്രൂരത ഇന്ത്യയിലേയുള്ളൂ. എന്നിട്ടും പ്രധാനമന്ത്രി മോദി കേരളത്തില്‍ വന്ന് വോട്ട് ചോദിക്കുന്നു, സ്വര്‍ഗരാജ്യം വാഗ്ദാനം ചെയ്യുന്നു. അതേനിമിഷം ഒഡിഷയില്‍ ഒരു ബിഷപ്പിനെ ജനം വളഞ്ഞുവെച്ച് ചാണകം തീറ്റിക്കുകയും “ജയ് ശ്രീ റാം’ വിളിപ്പിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന കാഴ്ച സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നു. ഭരണഘടനയിലെ മതസ്വാതന്ത്ര്യം വര്‍ഗീയവാദികള്‍ എന്നോ കവര്‍ന്നെടുത്തുകഴിഞ്ഞുവെന്ന് പറയുന്നതില്‍ നാം സങ്കോചിക്കുന്നു.
ഭരണഘടനയില്‍ വിശ്വാസമില്ലാത്തവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് ആ ശ്രേഷ്ഠപ്രമാണം ഉത്തരവാദിയല്ല. ഗാന്ധിജിയും നെഹ്റുവും അബുല്‍ കലാം ആസാദുമൊക്കെ ജഞാനം കൊണ്ട് നെയ്തെടുത്ത നല്ല നാളെയുടെ സ്വപ്നമായി നമ്മുടെ ഭരണഘടന നിലനില്‍ക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ അതില്‍ വിശ്വാസമര്‍പ്പിച്ച പാവങ്ങളും ദുര്‍ബല വിഭാഗങ്ങളും വഞ്ചിക്കപ്പെടുമ്പോള്‍ മൗനം ദീക്ഷിക്കുന്നത് മഹാപരാധമാണ്.



