Kerala
വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു; അഭ്യൂഹങ്ങള്‍ക്കിടെ ശശി തരൂരിനെ മുന്നണിയിലേക്ക് ക്ഷണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍
ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ ശശി തരൂരിനെ എല്‍ഡിഎഫിന്റെ ഭാഗമാക്കാന്‍ തയ്യാറാണ്.
തിരുവനന്തപുരം | കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂര്‍ എംപിയെ മറുകണ്ടം ചാടിക്കാന്‍ ദുബൈയിലുള്ള ഒരു വ്യവസായി വഴി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ശശി തരൂരിനെ മുന്നണിയിലേക്ക് ക്ഷണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. എല്‍ഡിഎഫിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ ശശി തരൂരിനെ എല്‍ഡിഎഫിന്റെ ഭാഗമാക്കാന്‍ തയ്യാറാണ്. മതനിരപേക്ഷ നിലപാടുള്ള ആര്‍ക്കും ഇടതുമുന്നണിയിലേക്ക് വരാമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു
കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ മഹാപഞ്ചായത്തില്‍ തരൂരിന് അവഗണന നേരിട്ടിരുന്നു. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം പാര്‍ട്ടി നടത്തുന്നതിനിടെയാണ് ടി പി രാമകൃഷ്‌ന്റെ വാക്കുകള്‍.
വിദേശത്തുവെച്ച് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ശശി തരൂരുമായി ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ശശി തരൂരുമായി ചര്‍ച്ച നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വ്യവസായിയുമായി ചര്‍ച്ചകള്‍ തുടരുമെന്നാണ് ലഭിക്കുന്ന വിവരം.
ഡല്‍ഹിയില്‍ എഐസിസി വിളിച്ച ചര്‍ച്ചയില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നിരുന്നു. ചൊവ്വാഴ്ച ചേരുന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും ശശി തരൂര്‍ പങ്കെടുത്തേക്കില്ല. അതേ സമയം ശശി തരൂരിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡും നീക്കം നടത്തുന്നുണ്ട്.



