Articles
ശീലങ്ങളുടെ ശക്തി
നല്ല ശീലങ്ങൾ ഒരുദിവസം കൊണ്ട് രൂപപ്പെടുന്നതല്ല. സ്ഥിരതയും നിരന്തരമായ പരിശീലനവുമാണ് അതിന്റെ അടിസ്ഥാനം.
മനുഷ്യന്റെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് അവന്റെ ശീലങ്ങളാണ്. ഒരാൾ ദിനംപ്രതി ആവർത്തിച്ച് ചെയ്യുന്ന ചെറിയ പ്രവൃത്തികൾ പോലും കാലക്രമേണ അവന്റെ സ്വഭാവത്തെയും വ്യക്തിത്വത്തെയും ഭാവിയെയും നിർണയിക്കുന്നു. അതുകൊണ്ടുതന്നെ നല്ല ശീലങ്ങൾ വളർത്തുകയും ദുശ്ശീലങ്ങൾ ഒഴിവാക്കുകയും ചെയ്യാൻ പരിശുദ്ധ ഇസ്‌ലാം ശക്തമായി പ്രേരിപ്പിക്കുന്നു. ഖുർആൻ പറയുന്നു: “”ഒരു ജനതയുടെ അവസ്ഥ അവർ തങ്ങളിലുള്ളത് മാറ്റുന്നതുവരെ അല്ലാഹു മാറ്റുകയില്ല” (റഅദ്: 11). മനുഷ്യന്റെ ജീവിതമാറ്റത്തിന്റെ തുടക്കം സ്വന്തം ശീലങ്ങളിൽ നിന്നാണെന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു.
നല്ല ശീലങ്ങൾ ഒരുദിവസം കൊണ്ട് രൂപപ്പെടുന്നതല്ല. സ്ഥിരതയും നിരന്തരമായ പരിശീലനവുമാണ് അതിന്റെ അടിസ്ഥാനം. തിരുനബി (സ്വ) പറഞ്ഞു: “”അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട പ്രവൃത്തി സ്ഥിരമായി ചെയ്യുന്നതാണ്, അത് ചെറുതായാലും.” (ബുഖാരി, മുസ്‌ലിം). ചെറിയ നല്ല പ്രവൃത്തികൾ പോലും സ്ഥിരമായി ചെയ്യുമ്പോൾ അത് മനുഷ്യന്റെ സ്വഭാവമായി മാറുന്നു.
വിശുദ്ധ റമസാൻ നല്ല ശീലങ്ങൾ വളർത്താനുള്ള ആ ത്മീയ പരിശീലനകാലമാണ്. നോമ്പ് മനുഷ്യനെ ആത്മനിയന്ത്രണവും ക്ഷമയും പരിശീലിപ്പിക്കുന്നു. വിശപ്പും ദാഹവും സഹിക്കുന്ന അനുഭവം ദരിദ്രരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ സഹായിക്കുന്നു. അതിലൂടെ കരുണയും പങ്കിടലും മനുഷ്യഹൃദയത്തിൽ വളരുന്നു. നിസ്‌കാരങ്ങളും ഖുർആൻ പാരായണവും പ്രാർഥനകളും മനുഷ്യന്റെ ആത്മീയബോധം ശക്തിപ്പെടുത്തുന്നു. അത്താഴവും നോമ്പുതുറയും നിശ്ചിത സമയങ്ങളിൽ നിർവഹിക്കുന്നതിലൂടെ സമയബോധവും അച്ചടക്കവും വളരുന്നു.
സഹവാസം വ്യക്തിത്വ രൂപവത്കരണത്തിൽ നിർണായകമാണ്. മുഹമ്മദ് നബി (സ്വ) പറഞ്ഞു: “”മനുഷ്യൻ തന്റെ സുഹൃത്തിന്റെ മതത്തിലായിരിക്കും; അതിനാൽ നിങ്ങളിൽ ഓരോരുത്തരും ആരെയാണ് സുഹൃത്താക്കുന്നതെന്ന് ശ്രദ്ധിക്കട്ടെ.” (തിർമിദി) നല്ല ശീലങ്ങൾ സാംക്രമിക സ്വഭാവമുള്ളവയാണ്. നല്ല കൂട്ടായ്മ വ്യക്തിയെ ഉയർത്തുകയും സന്മാർഗത്തിലേക്ക് നയിക്കുകയും ചെയ്യുമ്പോൾ ദുഷ്സഹ വാസം വ്യക്തിത്വത്തെ തകർക്കാൻ ഇടയാക്കും.
വിശുദ്ധ റമസാൻ നല്ല സഹവാസത്തിന് ഒരുപാട് അവസരങ്ങൾ ഒരുക്കുന്നു. മസ്ജിദുകളിൽ ജമാഅത്ത് നിസ്‌കാരം നിർവഹിക്കൽ, തറാവീഹ് നിസ്‌കാരം, ഖുർആൻ പാരാ യണം, ഇഫ്‌ത്വാർ പങ്കിടൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിശ്വാസികളെ നല്ല അന്തരീക്ഷത്തിലേക്ക് നയിക്കുന്നു. ഈ ആത്മീയ സഹവാസം മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കുകയും നല്ല ശീലങ്ങൾ വളരാൻ സഹായിക്കുകയും ചെയ്യുന്നു.
ശീലങ്ങൾ മനുഷ്യന്റെ ഉപബോധമനസ്സിനെ ആഴത്തിൽ സ്വാധീനിക്കുന്നു. ഒരാൾ ആവർത്തിച്ച് ചെയ്യുന്ന പ്രവൃത്തികൾ പിന്നീട് സ്വാഭാവിക പെരുമാറ്റമായി മാറുന്നു. ദുശ്ശീലങ്ങൾ ഉപേക്ഷിക്കുന്നത് ചിലപ്പോൾ പ്രയാസകരമായിരിക്കും. എന്നാൽ നല്ല ശീലങ്ങൾ സ്ഥിരമായി അഭ്യസിച്ചാൽ വ്യക്തിത്വം തന്നെ ക്രമേണ മാറിത്തുടങ്ങും. മഹാനായ ഇമാം ബൂസ്വീരി (റ) സൂചിപ്പിച്ചതു പോലെ, മനസ്സ് ഒരു കുഞ്ഞിനെപ്പോലെയാണ്; അതിനെ നിയന്ത്രിച്ചാൽ അത് ശാന്തവും അനുസരണയുള്ളതുമായിത്തീരും. നിയന്ത്രണമില്ലാതെ വിട്ടാൽ അത് മനുഷ്യനെ തെറ്റായ വഴികളിലേക്ക് നയിക്കാനും ഇടയാകും.
ഒരു മാസം തുടർച്ചയായി ചെയ്യുന്ന ഈ ആത്മീയ അഭ്യാസങ്ങൾ മനുഷ്യന്റെ മനസ്സിൽ നല്ല ശീലങ്ങളായി പതിയുന്നു. റമസാൻ കഴിഞ്ഞാലും ഈ ശീലങ്ങൾ ജീവിതത്തിൽ തുടരാൻ കഴിഞ്ഞാൽ അതാണ് യഥാർഥ വിജയം. കാരണം, നല്ല ശീലങ്ങളാണ് മനുഷ്യന്റെ വ്യക്തിത്വത്തെ ഉയർത്തുകയും സമൂഹത്തെ നല്ല വഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ ശക്തി.




