Kerala
പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം; ടി കെ ഗോവിന്ദന്‍ സിപിഎം വിട്ടു, തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കും
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണച്ചാലും സ്വീകരിക്കും
കണ്ണൂര്‍ | പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റേ് അംഗം ടി കെ ഗോവിന്ദന്‍. തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി കെ ശ്യാമളയെ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയത് ആസൂത്രിതമായാണെന്നും പാര്‍ട്ടി പിന്തുടര്‍ന്നു വന്ന രീതികളിലൂടെയല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.സിപിഎം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍, വേണ്ടി വന്നാല്‍ തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു .തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണച്ചാലും സ്വീകരിക്കും.വര്‍ഗീയ ശക്തികളുടെ പിന്തുണ വേണ്ടെന്നതിനാല്‍ ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനം തുടരുകയാണ്
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ വിമതനായി മത്സരത്തിനൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിറകെയാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്. വാര്‍ത്താ സമ്മേളനം തുടരുകയാണ്. പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
നേരത്തെ പയ്യന്നൂര്‍ മണ്ഡലത്തില്‍ ടി കെ മധുസൂദനനെ സിപിഎം വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുമെന്ന് കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു.
പാര്‍ട്ടി ഗ്രാമമായ മലപ്പട്ടത്തെ നേതാവ് കൂടിയാണ് ടി കെ ഗോവിന്ദന്‍. നിലവില്‍ കൈത്തറി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ചെയര്‍മാനായിരുന്നു. ശ്രീകണ്ഠപുരം, മയ്യില്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു
ടി കെ ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്:
കെഎസ്എഫിലൂടെയാണ് ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 19 വയസ് കഴിയുമ്പോള്‍ തന്നെ സ്‌കൂളില്‍ അധ്യാപകനായി ജോയിന്‍ ചെയ്തു. ഞാന്‍ പക്ഷെ എന്നിട്ടും രാഷ്ട്രീയപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡിവൈഎഫ്ഐയുടെ ആദ്യ രൂപമായ കെഎസ്വൈഎഫിന്റെ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയായിരുന്നു 25-ാമത്തെ വയസില്‍.
അടിയന്തരാവസ്ഥ സമയത്ത് ഒരാളും രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ മടിക്കുന്ന സമയമാണ്. ആ കാലത്ത് രാഷ്ട്രീയപ്രവര്‍ത്തനത്തിന് ആരും മുതിരില്ല. പിന്നീട് ഏരിയാ കമ്മിറ്റിയില്‍ അംഗമായി. ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറിയായി. മുപ്പതാം വയസിലാണ് ഏരിയാ സെക്രട്ടറിയായത്. ഇത്രയും കാലം പാര്‍ട്ടി ഏരിയാ സെക്രട്ടറിയായ ആള്‍ വേറെയുണ്ടാകില്ല. 25 വര്‍ഷക്കാലം ഞാന്‍ ഏരിയാ സെക്രട്ടറിയായിരുന്നു. സംഘടനാരംഗത്ത് ഇത്രയധികം കാലം പ്രവര്‍ത്തിച്ചയാളാണ് ഞാന്‍.
ഇപ്പോള്‍ കടുത്ത തീരുമാനത്തിലേക്ക് കടക്കുകയാണ്.പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകള്‍ ഇപ്പോള്‍ കാണുന്നുണ്ട്. അതിനെ ശക്തമായി ഞാന്‍ എതിര്‍ത്തിട്ടുണ്ട്. വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം വന്നപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ സംഘടനാ രീതിയ്ക്ക് നിരക്കാത്ത, മൊറാലിറ്റിക്ക് നിരക്കാത്ത തീരുമാനങ്ങളാണ് വന്നത്. സംഘടനയുടെ രീതി പ്രകാരം സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം ചര്‍ച്ച ചെയ്യുക ജില്ലാ സെക്രട്ടറിയേറ്റാണ്. അവിടെ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ നമുക്ക് ഒരു സ്ത്രീയെ മത്സരിപ്പിക്കണമെന്നും അത് തളിപ്പറമ്പിലായിരിക്കണമെന്നും അത് പി കെ ശ്യാമളയായിരിക്കണമെന്നും ജില്ലാ സെക്രട്ടറി നിര്‍ദേശംവെച്ചു. അത് നമ്മള്‍ കേട്ടു. പയ്യന്നൂര്‍ മധുസൂദനനായിരിക്കണമെന്നും നിര്‍ദേശം വെച്ചു. ഈ രണ്ട് നിര്‍ദേശത്തോടും കടുത്ത എതിര്‍പ്പ് കമ്മിറ്റിയില്‍ വന്നു.
മധുസൂദനനെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. ജനങ്ങള്‍ക്ക് വിശ്വാസം കുഞ്ഞികൃഷ്ണന്‍ പറയുന്ന കണക്കുകളിലായിരുന്നു. അങ്ങനെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഒരാള്‍ സ്ഥാനാര്‍ത്ഥിയാകുന്നത് ശരിയല്ലെന്ന അഭിപ്രായം ഉയര്‍ന്നുവന്നു. തളിപ്പറമ്പിലും ഇതേ വിമര്‍ശനം വന്നു. സ്ത്രീയെ വേണമെന്ന് തീരുമാനിച്ചതാണ്. എന്റെ നിലപാടും ഞാന്‍ കമ്മിറ്റിയില്‍ പറഞ്ഞു. അഭിപ്രായങ്ങള്‍ മേല്‍കമ്മിറ്റിയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞു. ഒരാളെ സ്ഥാനാര്‍ത്ഥിയാക്കി കൊണ്ടുവരാന്‍ ആസൂത്രിതമായ ശ്രമമാണ് നടന്നത്
തളിപ്പറമ്പ് മണ്ഡലത്തിലേക്ക് സംസ്ഥാന കമ്മിറ്റിയിലേക്ക് പോയത് ഒരേ ഒരു പേര് മാത്രമായിരുന്നു. അത് അംഗീകരിക്കപ്പെട്ടു. എം വി ജയരാജന്‍, പി ജയരാജന്‍ തുടങ്ങിയവര്‍ക്കായിരുന്നു ചുമതല. എല്ലാ തെരഞ്ഞെടുപ്പുകളിലും നേരത്തെ ഞാനായിരുന്നു തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്നത്. ഇപ്പോള്‍ എന്റെ ആവശ്യം അവിടെയില്ല. ഗോവിന്ദന്‍മാഷോട് ഞാന്‍ ഇതില്‍ യോജിപ്പില്ലെന്ന് പറഞ്ഞു. മൂന്നുതവണ എംഎല്‍എയായിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരിത്തുന്നത് ശരിയല്ലെന്ന് എം വി ഗോവിന്ദന്‍ മാഷോട് പറഞ്ഞു. ശക്തമായി എതിര്‍ത്തു. രൂക്ഷമായ വിമര്‍ശനം ജില്ലാ കമ്മിറ്റിയിലും ഉയര്‍ന്നു. മണ്ഡലം കമ്മിറ്റിയില്‍ മൂന്നുപേര്‍ ഒഴികെ മുഴുവന്‍ പേരും വിമര്‍ശനമുയര്‍ത്തി. എം വി ഗോവിന്ദനെ ഇരുത്തിയാണ് വിമര്‍ശിച്ചത്. പാര്‍ട്ടിക്കകത്ത് എല്ലാം പറഞ്ഞു. ഒരാളും മാറ്റം വരുത്താന്‍ തയ്യാറായില്ല. ഒന്നുകില്‍ ഇതിനെല്ലാം വഴങ്ങി അവിടെ നില്‍ക്കണം. അല്ലെങ്കില്‍ പുറത്തുപോകണം. എന്തുചെയ്യണം എന്ന് ഒരുപാട് ആലോചിച്ചു. ഈ അനീതിയെ ചെറുക്കുന്നില്ല എങ്കില്‍ തളിപ്പറമ്പിലെ പാര്‍ട്ടി ഇല്ലാതാകും. വേണ്ടിവന്നാല്‍ ഞാന്‍ സ്വതന്ത്രനായി മത്സരിക്കും. യുഡിഎഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കും. വര്‍ഗീയ കക്ഷികളുടെ പിന്തുണ സ്വീകരിക്കില്ല.




