Connect with us

Kerala

കോണ്‍ഗ്രസ് സംഘപരിവാറിന്റെ ബി ടീമാണെന്നു രാജ്യസഭാ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു: പിണറായി

ബിജെപിയെ തടയുമെന്ന് പ്രഖ്യാപിക്കുന്ന പാര്‍ടി തന്നെയാണ് ഒഡിഷയില്‍ പിന്നാമ്പുറത്ത് ബി ജെ പിക്ക് അനുകൂല സാഹചര്യം ഒരുക്കിയത്

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസ് പാര്‍ട്ടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നതാണ് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങള്‍ എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ബി ജെ പിയെ എതിര്‍ക്കുന്നു എന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങളോട് വോട്ട് ചോദിക്കുന്ന കോണ്‍ഗ്രസ്, നിര്‍ണായക ഘട്ടങ്ങളില്‍ ബി ജെ പിക്ക് വിജയവഴി തുറന്നുകൊടുക്കുന്ന രാഷ്ട്രീയമാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഒഡീഷയില്‍ ബി ജെ പി പിന്തുണയുള്ള സ്ഥാനാര്‍ഥിയുടെ വിജയത്തിന് ക്രോസ് വോട്ടിംഗ് വഴിയൊരുങ്ങി. ബിജെപിയെ തടയുമെന്ന് പ്രഖ്യാപിക്കുന്ന പാര്‍ടി തന്നെയാണ് പിന്നാമ്പുറത്ത് ബി ജെ പിക്ക് അനുകൂല സാഹചര്യം ഒരുക്കിയത്. ബീഹാറില്‍ കണ്ടത് ഇതിലും തുറന്ന രാഷ്ട്രീയകാപട്യമാണ്. മഹാസഖ്യത്തിന്റെ വിജയഗണിതം ഉറപ്പിക്കേണ്ട സമയത്ത് കോണ്‍ഗ്രസിലെ മൂന്ന് എം എല്‍ എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതോടെ ബി ജെ പി നയിക്കുന്ന എന്‍ ഡി എക്ക് അനുകൂല സാഹചര്യം രൂപപ്പെട്ടു. ബിജെപിയുടെ രാജ്യസഭയിലെ അംഗബലം വര്‍ധിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ ‘സഹായം’ വീണ്ടും നിര്‍ണായകമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത് ഒറ്റപ്പെട്ട സംഭവം അല്ല. വിവിധ സംസ്ഥാനങ്ങളില്‍ എം എല്‍ എമാരുടെ രാജിയും ക്രോസ് വോട്ടിംഗും രാഷ്ട്രീയ കള്ളക്കളികളും വഴി ബി ജെ പിക്ക് അധിക രാജ്യസഭാ സീറ്റുകള്‍ ലഭിക്കാന്‍ സാഹചര്യം സൃഷ്ടിച്ചിട്ടുള്ളത് കോണ്‍ഗ്രസാണ്. 2024-ല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റില്‍ ബി ജെ പി വിജയിച്ചത് നമ്മള്‍ കണ്ടതാണ്. ഇത്തവണ ഹിമാചല്‍ പ്രദേശില്‍ ഒഴിവുവന്ന ഏക സീറ്റ് കോണ്‍ഗ്രസ്സിനു ജയിക്കാനായത് അവിടെ ബി ജെ പി സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സഹായിച്ചതുകൊണ്ടു മാത്രമാണ്.

മുദ്രാവാക്യങ്ങളില്‍ ബി ജെ പി വിരുദ്ധത, പ്രവൃത്തിയില്‍ ബി ജെ പിക്ക് കൈത്താങ്ങ്-ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം. ബി ജെ പിയെ നിര്‍ലജ്ജം സഹായിക്കുന്ന കോണ്‍ഗ്രസ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ നേതാവാണെന്ന് സ്വയം അവകാശപ്പെടുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ പരിഹസിക്കുന്നതാണ്. ബിജെപിയുടെ ബി ടീം ആരാണ് എന്ന ചോദ്യമുയരുന്നത് ഈ സാഹചര്യത്തിലാണെന്നും കോണ്‍ഗ്രസല്ലാതെ അത് മറ്റാരുമല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.