Connect with us

From the print

പക്ഷാഘാത പ്രതിരോധം: 'സ്ട്രോക് ഫ്രണ്ട്ലി കേരള' പദ്ധതിയുമായി ആരോഗ്യവകുപ്പ്

കേരളത്തില്‍ ലക്ഷത്തില്‍ 135 പേര്‍ക്ക് രോഗം. ദേശീയ ശരാശരി 93. സ്‌കൂള്‍ തലം മുതല്‍ ലക്ഷണങ്ങളെക്കുറിച്ചുള്ള പ്രാഥമിക ആരോഗ്യ വിദ്യാഭ്യാസ പരിപാടി.

Published

|

Last Updated

കണ്ണൂര്‍ | ചെറുപ്പക്കാരിലുള്‍പ്പെടെ പക്ഷാഘാതം വര്‍ധിച്ചുവരുന്നുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന തലത്തില്‍ വിപുലമായ സ്ട്രോക് കെയര്‍ സംവിധാനമൊരുക്കാന്‍ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. പ്രതിരോധം, അടിയന്തര ചികിത്സ, പുനരധിവാസം തുടങ്ങിയവ സംയോജിപ്പിച്ച് ‘സ്ട്രോക് ഫ്രണ്ട്ലി കേരള’ എന്ന പേരിലാണ് സമഗ്ര പദ്ധതി പരിഗണിക്കുന്നത്. ഇതിനുള്ള നയപരിപാടികള്‍ ആരോഗ്യവകുപ്പ് തയ്യാറാക്കി. എല്ലാ ജില്ലകളിലും സ്ട്രോക് റെഡി ആശുപത്രികളും സ്ട്രോക് സെന്ററുകളും രൂപവത്കരിക്കുകയാണ് പ്രഥമ ഘട്ടം.

സ്‌കൂള്‍ തലം മുതല്‍ പക്ഷാഘാത ലക്ഷണങ്ങളെക്കുറിച്ചുള്ള പ്രാഥമിക ആരോഗ്യ വിദ്യാഭ്യാസ പരിപാടി ഉള്‍പ്പെടെ നടത്തുന്ന വിപുലമായ പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. എല്ലാ ജില്ലയിലും ഒന്നോ രണ്ടോ ആശുപത്രികള്‍ കണ്ടെത്തി അവയെ സ്ട്രോക് റെഡി ആശുപത്രികളാക്കി ഉയര്‍ത്താന്‍ പദ്ധതി ലക്ഷ്യമിടുന്നു. ആംബുലന്‍സ് സേവനങ്ങളുള്ള സ്ട്രോക് റെഡി ആശുപത്രികള്‍ക്കായി ഒരു ശൃംഖല സൃഷ്ടിക്കാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അക്യൂട്ട് സ്ട്രോക് കെയറില്‍ പരിശീലനം നല്‍കുന്നതിനായി അത്യാധുനിക പരിശീലന കേന്ദ്രം ആരംഭിക്കുക, സംസ്ഥാനത്തെ പക്ഷാഘാതത്തിന്റെ പ്രത്യേക അപകടസാധ്യതാ ഘടകങ്ങള്‍ പഠിക്കുക, ചികിത്സാഫലങ്ങളും സേവനങ്ങളും വിലയിരുത്തുക എന്നിവയും സ്ട്രോക് ഫ്രണ്ട്ലി കേരളയുടെ ഭാഗമായി നടക്കും. രക്തക്കുഴലുകളില്‍ രൂപപ്പെടുന്ന രക്തക്കട്ടകളെ ലയിപ്പിച്ച് നീക്കം ചെയ്യാനായി നല്‍കുന്ന ഒരു അടിയന്തര ചികിത്സാ രീതിയായ ത്രോംബോസിസ് ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍ എല്ലാ ജില്ലകളിലും ഉറപ്പുവരുത്തും.

പക്ഷാഘാത നിര്‍ണയത്തിന് സി ടി സ്‌കാന്‍ നിര്‍ണായകമായതിനാല്‍ എല്ലാ ജനറല്‍ ആശുപത്രികളിലും ഘട്ടംഘട്ടമായി സി ടി സ്‌കാന്‍ സേവനം ഉറപ്പുവരുത്തുകയും താലൂക്ക് ആശുപത്രികളിലേക്കടക്കം ഈ സൗകര്യം വ്യാപിപ്പിക്കുകയും ചെയ്യും. മെഡിക്കല്‍ കോളജുകളിലെ ന്യൂറോളജി, സ്ട്രോക് വിദഗ്ധര്‍ക്ക് ജില്ലാ ആശുപത്രികളില്‍ നിന്നുള്ള സി ടി സ്‌കാന്‍ റിപോര്‍ട്ടുകളും ക്ലിനിക്കല്‍ വിവരങ്ങളും പരിശോധിച്ച് അടിയന്തര ചികിത്സാ നിര്‍ദേശം നല്‍കാന്‍ കഴിയുന്ന സംവിധാനം വികസിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

രോഗി അത്യാഹിത വിഭാഗത്തിലെത്തുന്ന സമയം മുതല്‍ രക്തം കട്ട പിടിക്കുന്നത് അലിയിക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കുന്നത് വരെയുള്ള ‘ഡോര്‍ ടു നീഡില്‍’ സമയം 60 മിനുട്ടില്‍ താഴെ എത്തിക്കുന്നതിനെ ലക്ഷ്യമാക്കി ആശുപത്രികളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തുന്നതിനായി സംസ്ഥാനതല സ്ട്രോക് ടാസ്‌ക് ഫോഴ്സ് രൂപവത്കരിക്കാനും ആരോഗ്യവകുപ്പ് പരിഗണിക്കുന്നുണ്ട്.

പക്ഷാഘാതമുണ്ടാകുന്നവരുടെ എണ്ണം കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കൂടുതലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനം പറയുന്നുണ്ട്. പക്ഷാഘാതമുണ്ടായ 40 ശതമാനം രോഗികളും ലക്ഷണങ്ങള്‍ പ്രകടമായി 24 മണിക്കൂറിന് ശേഷമാണ് ആശുപത്രികളില്‍ എത്തുന്നതെന്നത് രക്ഷപ്പെടാനും രോഗമുക്തിക്കുമുള്ള സാധ്യത കുറക്കുന്നതായി ഐ സി എം ആര്‍ പറയുന്നു. കേരളത്തില്‍ ലക്ഷം പേരില്‍ 135 പേര്‍ക്ക് പക്ഷാഘാതം പിടിപെടുമ്പോള്‍ ദേശീയ ശരാശരി 93 ആണ്. കേരളത്തില്‍ രക്താതിമര്‍ദമുള്ള രോഗികളുടെയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടെയും എണ്ണം കൂടുതലായതിനാല്‍ പക്ഷാഘാതം സംഭവിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്. രാജ്യത്ത് പക്ഷാഘാതം ബാധിച്ച ഏഴില്‍ ഒരാള്‍ 18നും 44നും ഇടയിലുള്ളവരാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest