From the print
പരിസ്ഥിതി ദിനം: ആ തൈകള്‍ എന്തായി? പാഴായത് കോടികള്‍
20 ലക്ഷത്തിലധികം തൈകളാണ് ഓരോ വര്‍ഷവും വനം വകുപ്പ് വിതരണം ചെയ്യുന്നത്. ഓരോ തൈക്കും 20 രൂപ വീതമാണ് ചെലവഴിക്കുന്നത്.
കോഴിക്കോട് | സാമൂഹിക വനവത്കരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് കോടിക്കണക്കിന് രൂപ പാഴായി. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ മാറിമാറിവന്ന സര്‍ക്കാറുകളാണ് ഈയിനത്തില്‍ വന്‍ തുക ദുര്‍വ്യയം നടത്തിയത്. പദ്ധതിയുടെ പേരില്‍ വിതരണം നടത്തിയ കോടിക്കണക്കിന് വൃക്ഷത്തൈകളില്‍ ഭൂരിപക്ഷവും സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ഓരോ വര്‍ഷവും സര്‍ക്കാര്‍ ഓരോ തൈക്കും ചുരുങ്ങിയത് 20 രൂപ വീതമാണ് വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി ചെലവഴിക്കുന്നത്. ചെറിയ തൈകള്‍ വിവിധ സന്നദ്ധസംഘടനകള്‍ക്കും സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യുകയാണ് പതിവ്. ഇവര്‍ നല്‍കുന്ന എണ്ണത്തിനനുസരിച്ച് തൈകള്‍ വിതരണം ചെയ്യുന്നുവെന്നല്ലാതെ ഈ ചെടി ഏത് ഭൂമിയിലാണ് വളര്‍ത്തിയത്, വളം നല്‍കുന്നുണ്ടോ, പരിപാലിക്കുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ പരിസ്ഥിതി ദിനത്തില്‍ കേരളത്തില്‍ നട്ടുപിടിപ്പിച്ച തൈകള്‍ വളര്‍ന്നിരുന്നെങ്കില്‍ കേരളം വലിയ വനപ്രദേശമായി മാറുമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നട്ട തൈകളുടെ പരിപാലനം ഉറപ്പാക്കാത്തതിനാല്‍ ഓരോ വര്‍ഷവും പരിസ്ഥിതി ദിനത്തിലെ തൈ വിതരണം അധരവ്യായാമമായി കടന്നുപോകുകയാണ്. ഓരോ വര്‍ഷവും 20 ലക്ഷത്തിലധികം തൈകളാണ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വനം വകുപ്പ് വിതരണം ചെയ്യുന്നത്. 1975 മുതല്‍ ഇത്തരത്തില്‍ തൈകള്‍ വിതരണം ചെയ്യുന്നു. എന്നാല്‍ ഇക്കാലമത്രയും വനം വകുപ്പിന്റെ പിടിപ്പുകേട് കൊണ്ട് തൈകളുടെ വളര്‍ച്ചയില്ലാതാകുകയും സമൂഹത്തിന് അതുകൊണ്ട് ലഭിക്കേണ്ട ഗുണം കിട്ടാതെ പോകുന്നു.
നിലവില്‍ നടുന്ന തൈകള്‍ പരിപാലിക്കാന്‍ നടപടിയില്ലെന്ന് മാത്രമല്ല വലിയ മരങ്ങളും ചെടികളും മുറിച്ചുമാറ്റുമ്പോള്‍ വനം വകുപ്പ് അധികൃതര്‍ കൈയും കെട്ടി നോക്കിനില്‍ക്കുകയുമാണ്. നേരത്തേ ഒരു മരം മുറിച്ചുമാറ്റുമ്പോള്‍ അതിന്റെ ആവശ്യകതയെ കുറിച്ച് പരിശോധിക്കാന്‍ വൃക്ഷസമിതികള്‍ വനം വകുപ്പിന്റെ കീഴില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സമിതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ റോഡരികിലോ മറ്റ് പൊതുസ്ഥലങ്ങളിലോ ഉള്ള മരങ്ങള്‍ക്കെതിരെ പരാതി വന്നാല്‍ പരിശോധനകള്‍ നടത്താതെ മുറിച്ചുമാറ്റുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ പ്രകൃതിസംരക്ഷകരായ മരങ്ങള്‍ നിര്‍ബാധം മുറിച്ചുമാറ്റുന്നുവെന്നും ഇവര്‍ പറയുന്നു.
ഒരു മരം മുറിച്ചാല്‍ പത്ത് മരങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കണമെന്നാണ് നിയമം. എന്നാല്‍ സംസ്ഥാനത്ത് റോഡ് നിര്‍മാണത്തിനും മറ്റുമായി ആയിരക്കണക്കിന് തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റിയപ്പോള്‍ നിയമം പാലിക്കപ്പെട്ടിട്ടില്ല.
കോഴിക്കോട് -രാമനാട്ടുകര-വെങ്ങളം ബൈപ്പാസിനായി 5,328 മരങ്ങളാണ് മുറിച്ചുമാറ്റിയത്. ഇത് പരിസ്ഥിത പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരം പൊതുസ്ഥലങ്ങളില്‍ തൈകള്‍ വെച്ച് പരിപാലിക്കാന്‍ എന്‍ എച്ച് എ ഐ ഫണ്ട് അനുവദിച്ചിരുന്നു. മൂന്ന് വര്‍ഷം ചെടികള്‍ നട്ട് പരിപാലിക്കണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും ഇതിലും തുടര്‍നടപടിയുണ്ടായില്ല.







