Connect with us

National

രാജ്യതലസ്ഥാനത്തെ സമരപോരാട്ടങ്ങള്‍ വിജയിപ്പിച്ചതിന് എസ് എഫ് ഐക്കും എ ഐ എസ് എഫിനും പേരെടുത്ത് നന്ദി പറഞ്ഞ് സി ജെ പി

ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്തെ സമരപോരാട്ടങ്ങള്‍ വിജയിപ്പിച്ചതിന് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളായ എസ് എഫ് ഐക്കും എ ഐ എസ് എഫിനും പേരെടുത്ത് പരാമര്‍ശിച്ച് നന്ദി പറഞ്ഞ് സി ജെ പി. ഇടതു വിദ്യാര്‍ഥി സംഘടനകള്‍ നല്‍കിയ പിന്തുണയ്ക്കും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും നന്ദിയെന്ന് സി ജെ പിയുടെ ഔദ്യോഗിക വക്താവ് അശുതോഷ് റങ്ക എക്‌സില്‍ കുറിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.

പിന്തുണ നല്‍കിയ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഈ സംഘടനകളെല്ലാം സമരപോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. സമരം വിജയിപ്പിച്ച ഓരോരുത്തര്‍ക്കും വിമര്‍ശിച്ച് നേര്‍വഴി നടത്താന്‍ ശ്രമിച്ചവര്‍ക്കും നന്ദിയെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. സി ജെ പി മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ പൂര്‍ണ്ണ തോതില്‍ നടപ്പാക്കാന്‍ ഒപ്പമുണ്ടാകുമെന്നും ദീപ്‌കെ വ്യക്തമാക്കി.

ടൈഫോയ്ഡ് ബാധിതനായ അഭിജിത്, ആശുപത്രിക്കിടക്കയില്‍ നിന്നാണ് കഴിഞ്ഞ ദിവസം സമരവേദിയില്‍ എത്തിയത്. അതേസമയം, സി ജെ പി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കാക്കുകയാണ് ഡല്‍ഹി പോലീസ്. പ്രോസിക്യൂഷന്‍ വിടുതല്‍ നടപടികളില്‍ സര്‍ക്കാറിന്റെ അന്തിമ തീരുമാനമുണ്ടായാല്‍ തുടര്‍ അന്വേഷണം നിര്‍ത്തിവെക്കും. സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള യുവതി സാക്ഷിയുടെ നിലയില്‍ പുരോഗതിയെന്ന് ആര്‍ എം എല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest