Kerala
പ്രഖ്യാപിച്ചിരിക്കുന്നത് കേന്ദ്രം നടപ്പിലാക്കുന്ന സ്വകാര്യവത്കരണ നയം; സംസ്ഥാന സര്‍ക്കാര്‍ ധവളപത്രത്തിനെതിരെ സി പി എം
ഇതുവരെ ജനങ്ങള്‍ അനുഭവിച്ച ക്ഷേമ സൗകര്യങ്ങളില്‍ നിന്നും ക്ഷേമ സൗകര്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകുമെന്ന വ്യക്തമായ സൂചന. ഇതിനെതിരെ ശക്തമായ ജനരോഷമുണ്ടാകും.
തിരുവനന്തപുരം | യു ഡി എഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം. കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ അതിശക്തിയോടെ നടപ്പാക്കുന്ന സ്വകാര്യവത്കരണ നയങ്ങളാണ് ധവളപത്രത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇതുവരെ കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ച ക്ഷേമ സൗകര്യങ്ങളില്‍ നിന്നും ജനകീയ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകുമെന്ന വ്യക്തമായ സൂചനയും ധവളപത്രം നല്‍കുന്നുണ്ട്. ഇതിനെതിരെ ശക്തമായ ജനരോഷമുണ്ടാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന:
കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അതിശക്തിയോടെ നടപ്പാക്കുന്ന സ്വകാര്യവല്‍കരണ നയങ്ങളുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ധവളപത്രത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ച ക്ഷേമ സൗകര്യങ്ങളില്‍ നിന്നും ജനകീയ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകുമെന്ന വ്യക്തമായ സൂചനയും ധവളപത്രം നല്‍കുന്നുണ്ട്. കോരിച്ചൊരിയുന്ന വാഗ്ദാനങ്ങള്‍ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ തനിനിറം കാണിച്ചുവെന്നാണ് തെളിയുന്നത്. സ്വാഭാവികമായും ഇതിനെതിരെ ജനരോഷമുണ്ടാകുമെന്നതില്‍ സംശയമില്ല.
ധനസ്ഥിതി വെളിപ്പെടുത്തലാണ് ധവളപത്രത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞെങ്കിലും അതില്‍ പ്രഖ്യാപിച്ചിട്ടുള്ളത് അവശ്യമായവയടക്കം ജനങ്ങളെ സേവിക്കുന്ന വകുപ്പുകളുടെ സ്വകാര്യവല്‍കരണമോ, വില്‍പനയോ ആണ്. ജനാധിപത്യ സര്‍ക്കാരുകള്‍ ആരോഗ്യം, വിദ്യഭ്യാസം, പൊതുവിതരണം, വൈദ്യുതി, കുടിവെള്ളം, ഗതാഗതം തുടങ്ങി മേഖലകളെയൊന്നും ലാഭകരമായ വ്യവസായമായി കണക്കാക്കാറില്ല. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട സേവനങ്ങളാണിവ. അവയെ ലാഭത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കാണുന്നത് നവ ഉദാരവല്‍കരണ-സ്വകാര്യ വല്‍കരണ നയങ്ങളുടെ ഭാഗമാണ്. ജനങ്ങള്‍ക്ക് സേവനം നല്‍കേണ്ട മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറുകയും അവരെ സ്വകാര്യ മേഖലയുടെ കഴുത്തറപ്പന്‍ ചന്തയിലേക്ക് എറിഞ്ഞുകൊടുക്കുകയുമാണ് ഈ നയം. നരേന്ദ്ര മോദിസര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ അതേപാതയിലാണ് വി.ഡി സതീശനുമെന്നാണ് ധവളപത്രം തെളിയിക്കുന്നത്.
വരുമാനത്തിന്റെ സിംഹഭാഗവും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാണെന്ന സൂചന, അവര്‍ക്ക് നല്‍കാനുള്ളതൊന്നും ഇനിയുണ്ടാകില്ലെന്നാണ്. ബിവറേജസ് കോര്‍പറേഷനെ സിവില്‍ സപ്ലൈസ് വകുപ്പില്‍ ലയിപ്പിക്കുക വഴി നഷ്ടത്തിലാക്കി അതും പുറത്തേക്ക് വില്‍ക്കാനാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. വൈദ്യുതിയും വെള്ളവുമടക്കം അവശ്യ സേവനങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന സബ്സിഡികള്‍ ഉപേക്ഷിച്ചാല്‍ വലിയൊരു വിഭാഗം ജനങ്ങളെ ദോഷകരമായി ബാധിക്കും. സഞ്ചിത നഷ്ടത്തിന്റെ പേര് പറഞ്ഞ് പല പൊതുമേഖലാ സ്ഥാപനങ്ങളേയും കശാപ്പുചെയ്യാനോ വില്‍ക്കാനോ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകളായുള്ള ബാധ്യതകളാണ് സഞ്ചിത നഷ്ടമായി കണക്കാക്കുന്നത്. അതിന്റെ പേരില്‍ അവയെ വില്‍പനയ്ക്ക് വയ്ക്കുന്നതിലൂടെ സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ വലിയ പ്രതിസന്ധിയെ നേരിടേണ്ടിവരും.
റിട്ടയര്‍മെന്റ് പ്രായം കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസിന് തുല്യമാക്കുമെന്ന പ്രഖ്യാപനം ഫലത്തില്‍ അടുത്ത 5 വര്‍ഷത്തേക്ക് സമ്പൂര്‍ണമായ നിയമന നിരോധനം നടപ്പിലാക്കുന്നതിന് തുല്യമാണ്. 60 ശതമാനം നിയമനങ്ങളും രാജ്യത്തെ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ നിയമനങ്ങളില്‍ 60 ശതമാനവും നടത്തിയത് കഴിഞ്ഞ 10 വര്‍ഷക്കാലം കേരളത്തില്‍ അധികാരത്തിലിരുന്ന എല്‍.ഡി.എഫ് സര്‍ക്കാരുകളാണ്. കേരളത്തിലെ യുവാക്കളോട് ഉള്ള വെല്ലുവിളിയാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ ഈ പ്രഖ്യാപനം. ശമ്പള പരിഷ്‌കരണം ഓരോ 5 വര്‍ഷം കൂടുമ്പോഴും നടന്നുകൊണ്ടിരിക്കുന്നത് കേരളത്തില്‍ ഇനി മുതല്‍ 10 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മതിയെന്ന ധവള പത്രത്തിലെ പ്രഖ്യാപനം സര്‍ക്കാര്‍ ജീവനക്കാരോടുള്ള കടുത്ത അനീതിയാണ്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റ് വിഹിതം പരിമിതിപ്പെട്ടതിനെ മിറകടക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച കിഫ്ബിയുടെ ഭാവി ഇല്ലാതാക്കുമെന്ന പ്രഖ്യാപനവും ധവള പത്രത്തിലുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു ലക്ഷത്തി പതിനായിരം കോടിയുടെ നിക്ഷേപമാണ് കിഫ്ബിയിലൂടെ നമ്മുടെ സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമായി ചരിത്രത്തില്‍ ഇടം നേടിയത്. കിഫ്ബിയുടെ തകര്‍ച്ച ഭാവി കേരള വികസനത്തെ പുറക്കോട്ട് അടിപ്പിക്കുകയും ഇരുണ്ട യുഗത്തിലേക്ക് തിരിച്ചെത്തിക്കുകയുമാണ് ചെയ്യുക.
തീരദേശ മേഖലയും ധാതുവിഭവങ്ങളും കരിമണ്ണലും സ്വകാര്യ മേഖലയ്ക്ക് കൈമാറുമെന്ന ധവള പത്രത്തിലെ പ്രഖ്യാപനവും കേരളത്തിന്റെ സമ്പത്ത് അദാനി – അംബാനി ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കമാണ്. മുഖ്യമന്ത്രി അവുന്നതിന് മുമ്പുള്ള മംഗലാപുരം രഹസ്യ യാത്രയുടെയും കൂടി കാഴ്ച്ചയുടെയും ഉദ്ദേശം ഇതിലൂടെ മറനീക്ക് പുറത്തുവന്നിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് സമയത്ത് തങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ പ്രചരിപ്പിച്ച കാര്യങ്ങളെല്ലാം പൂര്‍ണമായും വസ്തുതാവിരുദ്ധമായിരുന്നുവെന്ന് യു.ഡി.എഫ് തന്നെ സമ്മതിക്കുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ധവളപത്രം. സംസ്ഥാന കടം ആറുലക്ഷം കോടിയായി എന്ന പ്രചാരണത്തിന് നേതൃത്വം നല്‍കിയത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്‍ തന്നെയാണ്. എന്നാല്‍, ധവളപത്രത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ ഉണ്ടായിരുന്ന കടം 4.8 ലക്ഷം കോടിയാണെന്നും ഇപ്പോഴത് 5.07 ലക്ഷം കോടിയാണെന്നും കൃത്യമായി പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം കോടി രൂപ കുടിശ്ശിക നല്‍കാനുണ്ടെന്നതും ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ അടിയന്തര ബാധ്യത സര്‍ക്കാരിനുണ്ടെന്നതും പറഞ്ഞത് നുണയായിരുന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍ വച്ച രേഖ വ്യക്തമാക്കുന്നു.
പത്തുവര്‍ഷം കേരളത്തിലുണ്ടായ വികസനമോ ക്ഷേമ നടപടികളൊന്നും ഉണ്ടാകില്ലെന്ന പ്രഖ്യാപനമാണ് വാസ്തവത്തില്‍ ധവളപത്രത്തിന്റെ ഉള്ളടക്കം. ബജറ്റ് അടക്കമുള്ള കാര്യങ്ങള്‍ വരുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകും. എന്തിന്റെ പേര് പറഞ്ഞായാലും ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുനിഞ്ഞാല്‍ ശക്തമായ ജനകീയ പ്രതിരോധങ്ങള്‍ ഉണ്ടാകുമെന്നത് സര്‍ക്കാര്‍ മറക്കരുത്.







