Connect with us

Articles

ഉന്നതികളിലെ മനുഷ്യരെ ഭരണകൂടം കേള്‍ക്കണം

കേരളത്തിലെ ഭരണകൂടങ്ങള്‍ ലൈഫ് പദ്ധതി പോലുള്ള സാമൂഹിക പാര്‍പ്പിട പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ നിലവിലുള്ള ഉന്നതികള്‍ നേരിടുന്ന സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ കൃത്യമായി അപഗ്രഥനം ചെയ്യണം. അവയെ കുറച്ചെങ്കിലും പരിഹരിക്കാന്‍ കഴിയുന്ന തരത്തിലുള്ള പാര്‍പ്പിട പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഉന്നതികളുടെ ഒരു തുടര്‍ച്ചയെന്ന മട്ടിലുള്ള സാമൂഹിക പാര്‍പ്പിട പദ്ധതികള്‍ പണത്തിന്റെയും വിഭവങ്ങളുടെയും ദുരുപയോഗം മാത്രമായിരിക്കും.

Published

|

Last Updated

ഒരാള്‍ ശരാശരി എട്ട് മണിക്കൂര്‍ സ്വന്തം വീട്ടില്‍ ചെലവഴിക്കുന്നുവെന്ന് കരുതിയാല്‍, കേരളത്തിന്റെ ശരാശരി ആയുര്‍ ദൈര്‍ഘ്യമനുസരിച്ച് ഒരു സ്ത്രീ 26.013 വര്‍ഷവും പുരുഷന്‍ 23.96 വര്‍ഷവും സ്വന്തം വീടിനകത്ത് ചെലവഴിക്കുന്നതായി കരുതാം. അതായത് ഏതാണ്ട് ഒരാളുടെ ജീവിതകാലയളവിന്റെ മൂന്നിലൊന്ന് അയാള്‍ ചെലവഴിക്കുന്നത് അയാളുടെ വീട്ടിലായിരിക്കും. ജനനം, വിദ്യാഭ്യാസം, ജോലി, വിവാഹം, മരണം, കുടുംബത്തിനകത്തുള്ളവര്‍ തമ്മിലുള്ള വിനിമയങ്ങള്‍, കുടുംബവും അയല്‍പക്കവുമായുള്ള ബന്ധം, ഒരാളുടെ സ്ഥലപരമായ അസ്തിത്വം തുടങ്ങി നിരവധി പരമപ്രധാനമായ കാര്യങ്ങള്‍ ഒരാളും അയാളുടെ വീടും തമ്മിലുള്ള ബന്ധത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. കുടുംബം എന്നത് മാറ്റത്തിന് വിധേയമായ ഒന്നാണ്. രണ്ട് പേര്‍ വിവാഹിതരായി ഒരു വീട്ടില്‍ താമസം തുടങ്ങുകയും ഒടുവില്‍ അവര്‍ വൃദ്ധരായി മക്കളും കൊച്ചുമക്കളുമായി വീട്ടില്‍ താമസം തുടരുമ്പോള്‍ അവരുടെ കുടുംബം തുടങ്ങിയ സ്ഥലത്ത് നിന്ന് ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായി കഴിഞ്ഞിരിക്കും. വീട്ടിലെ അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നു എന്നതിന്റെ അര്‍ഥം ഒരോരുത്തരുടെയും സ്ഥലപരമായ ആവശ്യങ്ങള്‍ വര്‍ധിക്കുന്നു എന്നാണ്.
വീടുകള്‍ക്ക് അതിനകത്ത് താമസിക്കുന്ന ആളുകളുടെ സ്ഥലപരമായ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനുള്ള വലുപ്പം വേണം. മതിയായ സുരക്ഷ ഉള്ളതാകണം. കേരളത്തില്‍ വീടിനകത്ത് പാമ്പ് കടിയേറ്റു മരിച്ച ആളുകളില്‍ മിക്കവരുടെയും വീടുകള്‍ “സുരക്ഷിതപൂര്‍ണമായ വീടുകള്‍’ എന്ന മാനദണ്ഡത്തിനകത്ത് വരുന്നവയായിരുന്നില്ല എന്നത് ഓര്‍ക്കുമല്ലോ. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷക്ക് ഒരല്‍പ്പം ഉറപ്പുള്ള സുരക്ഷിതമായ വീട് ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് ആ കുട്ടി കേരളത്തിലെ ഏതെങ്കിലും കോടതിയില്‍ വക്കീലായി ജോലി ചെയ്യുമായിരുന്നു. ഒരാളുടെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാനമായ ഒരിടമാണ് നമ്മുടെ വീടുകള്‍. ലോക പ്രസിദ്ധ ആഫ്രിക്കന്‍- അമേരിക്കന്‍ സിവില്‍ റൈറ്റ്‌സ് നേതാവും സാമൂഹിക ശാസ്ത്രജ്ഞനുമായ ഡബ്ല്യു ഇ ബി ഡ്യുബോയ്‌സ് അദ്ദേഹത്തിന്റെ ഒരു പുസ്തകത്തില്‍, ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയുടെ സാമൂഹിക, സാമ്പത്തിക അവസ്ഥ അറിയാന്‍ അവരുടെ വീടുകളിലേക്ക് നോക്കിയാല്‍ മതി എന്നെഴുതുന്നുണ്ട്. ഡുബോയ്‌സിന്റെ വാക്കുകള്‍ എത്രമേല്‍ സത്യമാണെന്ന് അറിയാന്‍ ലോകം മുഴുവനുമുള്ള ചേരികളില്‍ എങ്ങനെയാണ് മനുഷ്യര്‍ താമസിക്കുന്നത് എന്ന് നോക്കിയാല്‍ മതി. നമ്മുടെ വീടുകള്‍ നമ്മുടെ തന്നെ സാമൂഹിക സാമ്പത്തിക അവസ്ഥകളുടെ നേര്‍പ്രതിഫലനം ആയിരിക്കും എന്നാണ് ഡുബോയ്‌സ് പറഞ്ഞത്. ഒരു ജീവിതവും ചരിത്രത്തിനു പുറത്തല്ല നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ആളുകളുടെ ജീവിതവും അവരുടെ വീടുകളും നിലനില്‍ക്കുന്നത് ചരിത്രത്തിനകത്താണ്. ഈ വിശാലമായ ചരിത്രബോധത്തിനകത്ത് നിന്നുകൊണ്ട് വേണം നമ്മള്‍ കേരളത്തിലെ പട്ടികജാതി ഉന്നതികളെയും അതിനകത്തെ വീടുകളെയും അതിനകത്ത് താമസിക്കുന്ന മനുഷ്യരെയും വിശകലനം ചെയ്യാന്‍.
കേരളത്തിലെ മുപ്പതിനായിരത്തിനടുത്തു വരുന്ന പട്ടികജാതി ഉന്നതികള്‍ കേരളത്തില്‍ നടന്ന ഭൂപരിഷ്‌കരണത്തിന്റെ ഒരു ഉപോത്പന്നം ആയിരുന്നു. എന്തായിരുന്നു ഭൂപരിഷ്‌കരണം. കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഒഴികെ ബാക്കിയുള്ള മുഴുവന്‍ സാമൂഹിക വിഭാഗങ്ങള്‍ക്കും ഭൂമി കൊടുക്കുന്ന ഒരു ഭരണകൂട പ്രൊജക്ട് ആയിരുന്നു ഭൂപരിഷ്‌കരണം എന്നത്. ഭൂരഹിതരായ ആളുകള്‍ക്ക് മതിയായ കൃഷിഭൂമി കൊടുക്കുക എന്നതാണ് ലോകത്തെവിടെയും ഭൂപരിഷ്‌കരണം എന്നതിന്റെ അര്‍ഥം. എന്നാല്‍ പട്ടികജാതിക്കാരായ ആളുകള്‍ക്ക് സ്വന്തമായി ഭൂമി ലഭിച്ചില്ല. പകരം അവര്‍ക്ക് മൂന്ന് സെന്റ് മുതല്‍ പത്ത് സെന്റ് വരെയുള്ള കിടപ്പാടങ്ങള്‍ മാത്രമാണ് കിട്ടിയത്.

തൃശൂര്‍ നഗരസഭക്ക് കീഴിലുള്ള ഒരു പട്ടികജാതി ഉന്നതി സന്ദര്‍ശിച്ച സമയത്ത് ആദ്യം സംസാരിച്ച വീട്ടുകാര്‍ പറഞ്ഞത് ആരുടെയും കണ്ണ് നനയിപ്പിക്കുന്ന ഒരു കാര്യമാണ്. ഏഴ് സെന്റാണ് ആ കുടുംബത്തിനുള്ളത്. അതില്‍ രണ്ട് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. വീതി കുറഞ്ഞ് നീളത്തില്‍ ഉള്ളതാണ് സ്ഥലം. അതുകൊണ്ട് തന്നെ വീടിന് വശങ്ങളില്‍ സ്ഥലമില്ല. മലിന ജലം ഒഴുകിപ്പോകാന്‍ ഒരല്‍പ്പം പോലും സ്ഥലമില്ല. സമയബന്ധിതമായ പരിചരണം ഒട്ടുമില്ലാത്തതിനാല്‍ ഇപ്പോള്‍ വീഴുമെന്ന മട്ടിലുള്ള വീട്. സ്ഥലം കുടുംബത്തിലെ അംഗങ്ങള്‍ക്ക് വീതിച്ചാല്‍ ഒരാള്‍ക്ക് ഒരു സെന്റ് കിട്ടും. അവരിലെ സ്ത്രീകള്‍ മിക്കവരും ദൂരെയുള്ള ലക്ഷം വീടുകളില്‍ നിന്ന് വിവാഹിതരായി ഇങ്ങോട്ട് എത്തിയവരാണ്. ഇവരുടെ മക്കളെയും വിവാഹം കഴിക്കാന്‍ ഉന്നതികളില്‍ ഉള്ളവര്‍ മാത്രമേ സ്വാഭാവികമായും തയ്യാറാകൂ. നഗരത്തിലെ ചേരികളെ നോക്കിയാല്‍ ദാരിദ്ര്യം വിളയുന്ന സ്ഥലങ്ങളാണവ. ചേരികളിലെ ജനസംഖ്യ വര്‍ധിക്കുന്നു. ഒപ്പം ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന പാവപ്പെട്ടവര്‍ വന്ന് ചേരുന്നതും ഇവിടെത്തന്നെയാണ്. തലമുറകള്‍ എത്രമാറിയാലും ചേരികളും ഉന്നതികളും മാറ്റമില്ലാതെ തുടരുന്നു. ഉന്നതികളോട് ചേര്‍ന്നുള്ള മറ്റ് പ്രദേശങ്ങള്‍ മുപ്പതോ നാല്‍പ്പതോ വര്‍ഷം മുമ്പ് ഓലപ്പുരകളും ഓടിട്ട വീടുകളും മാത്രം ഉണ്ടായിരുന്ന ഇടങ്ങളായിരുന്നു. എന്നാല്‍ ഇന്ന് അവയിലെല്ലാം ബഹുനില വീടുകള്‍. അവക്ക് മുമ്പില്‍ വിലകൂടിയ കാറുകള്‍. അവരുടെ മക്കളില്‍ പലരും വിദേശത്തും സ്വദേശത്തും നല്ല ജോലികളില്‍ എത്തിയിരിക്കുന്നു. അവരുടെ മക്കള്‍ നല്ല വിദ്യാഭ്യാസം നേടുന്നു. എന്നാല്‍ അവരുടെ വീടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന ഉന്നതികള്‍ യാതൊരു മാറ്റവുമില്ലാതെ എഴുപതുകളിലെ അതേ അവസ്ഥയില്‍ തുടരുന്നു.

എന്തായിരിക്കും ഇതിനുള്ള കാരണം? ഉന്നതികളിലെ ആളുകള്‍ക്ക് ജോലി ചെയ്ത് പണം സമ്പാദിച്ച് തങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ആഗ്രഹമില്ലാത്തതാകുമോ കാരണം. യഥാര്‍ഥ കാരണം മിക്ക പട്ടികജാതി ഉന്നതികളിലെയും വീടുകളും സ്ഥലങ്ങളും കമ്പോളത്തില്‍ വിറ്റഴിക്കാനോ ബേങ്കില്‍ പണയം വെക്കാനോ വാടകക്ക് കൊടുക്കാനോ പറ്റാത്ത ഭൂമികളാണ് എന്നതാണ്. കേരളത്തിലെ ഭരണകൂടങ്ങള്‍ ലൈഫ് പദ്ധതി പോലുള്ള സാമൂഹിക പാര്‍പ്പിട പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ നിലവിലുള്ള ഉന്നതികള്‍ നേരിടുന്ന സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ കൃത്യമായി അപഗ്രഥനം ചെയ്യണം. അവയെ കുറച്ചെങ്കിലും പരിഹരിക്കാന്‍ കഴിയുന്ന തരത്തിലുള്ള പാര്‍പ്പിട പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഉന്നതികളുടെ ഒരു തുടര്‍ച്ചയെന്ന മട്ടിലുള്ള സാമൂഹിക പാര്‍പ്പിട പദ്ധതികള്‍ പണത്തിന്റെയും വിഭവങ്ങളുടെയും ദുരുപയോഗം മാത്രമായിരിക്കും. യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് അതുകൊണ്ട് യാതൊരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. ദിവസവും ആയിരവും അതില്‍ കൂടുതലും കൂലിയുള്ള കേരളത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് വീട് പണയം വെച്ച് അഞ്ചോ പത്തോ ലക്ഷം രൂപ വായ്പയെടുക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അത്തരം വായ്പകള്‍ ഒരു കുടുംബത്തിലുണ്ടാക്കുന്ന സാമ്പത്തിക ചലനാത്മകത പ്രവചനാതീതമാണ്.

Latest